ADVERTISEMENT

തിരുവനന്തപുരം∙ സ്വർണക്കടത്തു കേസിലെ പ്രതി വിഷ്ണു സോമസുന്ദരത്തിന്റെ വീട്ടിൽ ഡിആർഐ നടത്തിയ റെയ്ഡിൽ കേരള യൂണിവേഴ്സിറ്റിയുടെ പൂരിപ്പിക്കാത്ത മാർക്ക്‌ ലിസ്റ്റുകൾ പിടിച്ചെടുത്തു. യൂണിവേഴ്സിറ്റിയുടെ സീൽ ഉള്ള മാർക്ക്‌‌ ലിസ്റ്റാണു കണ്ടെത്തിയത്. രണ്ടു മാസം മുമ്പായിരുന്നു റെയ്ഡ്. പ്രതികൾക്കു ഡിആർഐ കാരണം കാണിക്കൽ നോട്ടിസ് നൽകിയതോടെയാണ് റെയ്ഡിന്റെ വിവരങ്ങൾ പുറത്തു വന്നത്.

കേസിൽ നാലാം പ്രതിയാണ് വിഷ്ണു സോമസുന്ദരം. മാർക്കു ലിസ്റ്റ് കണ്ടെത്തിയതിനെത്തുടർന്ന് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്കു കത്തു നൽകുമെന്നു ഡിആർഐ ഉദ്യോഗസ്ഥർ അറിയിച്ചു. യൂണിവേഴ്സിറ്റി ഓഫിസിൽ മാർക്ക് ലിസ്റ്റുകൾ അലക്ഷ്യമായാണു കൈകാര്യം ചെയ്യുന്നതെന്നു നേരത്തെ പരാതിയുണ്ട്.

കൃത്യമായ കണക്കു സൂക്ഷിക്കാറില്ല. ഏതു ജീവനക്കാരൻ വിചാരിച്ചാലും മാർക്ക്‌ ലിസ്റ്റുകൾ കടത്താൻ കഴിയുമെന്നാണു ജീവനക്കാർ പറയുന്നത്. എന്നാൽ പൂരിപ്പിക്കാത്ത മാർക്ക്‌ ലിസ്റ്റ് കിട്ടിയാലും തട്ടിപ്പു നടത്താൻ കഴിയില്ലെന്നു യൂണിവേഴ്സിറ്റി അധികൃതർ പറയുന്നു. മേയ് 13നു 25 കിലോ സ്വർണവുമായി തിരുമല സ്വദേശിയായ കെഎസ്ആർടിസി കണ്ടക്ടർ സുനിൽകുമാറും (45), സുഹൃത്ത് കഴക്കൂട്ടം വെട്ടുറോഡ് സ്വദേശിനി സെറീനയും (42) അറസ്റ്റിലായതോടെയാണു സ്വർണക്കടത്തിൽ വിഷ്ണു സോമസുന്ദരത്തിന്റെ പങ്ക് വ്യക്തമാകുന്നത്.

മുൻപും സ്വർണം കടത്തിയിട്ടുണ്ടെന്നും വിമാനത്താവളത്തിലെ എക്സ്റേ പോയിന്റിൽ കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണന്റെ സഹായം ലഭിച്ചതായും സെറീന വെളിപ്പെടുത്തിയതിനെത്തുടർന്നു രാധാകൃഷ്ണനെ ഡിആർഐ അറസ്റ്റു ചെയ്തു. 

English Summary: unfilled answer papers seized

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com