ADVERTISEMENT

കൊല്ലം∙ മദ്രാസ് ഐഐടിയിലെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ട ഫാത്തിമ ലത്തീഫിന്റെ മൊബൈൽ ഫോണിൽ 2 അധ്യാപകരുടെ കൂടി പേരുകൾ.  ഫോണിൽ പ്രത്യേകം എഴുതി സൂക്ഷിച്ച കുറിപ്പിലാണ് ഇവരുടെ പേരുകൾ പരാമർശിച്ചിരിക്കുന്നത്. ചില വിദ്യാർഥികൾക്കെതിരെയും കുറിപ്പിൽ പരാമർശങ്ങളുണ്ടെന്നാണു സൂചന.

ഫാത്തിമയുടെ മൊബൈൽ ഫോണിൽ വോൾ പേപ്പർ ആയി, മരണത്തിനു കാരണക്കാരൻ സുദർശൻ പത്മനാഭൻ’ എന്നാണ്  എഴുതിയിരുന്നത്. കുറിപ്പ് പരിശോധിക്കാനും വോൾ പേപ്പറിൽ ഫാത്തിമ എഴുതിയിരുന്നു.

മാതാപിതാക്കളെയും സഹോദരിമാരെയും അങ്ങേയറ്റം സ്നേഹിക്കുന്നു എന്നു തുടങ്ങുന്ന കുറിപ്പിൽ ഇപ്പോഴത്തെ സ്ഥലത്തെ വെറുപ്പോടെ കാണുകയാണെന്നു ഫാത്തിമ എഴുതിയിട്ടുണ്ട്. ഇതോടൊപ്പമാണ് മരണത്തിനു കാരണക്കാരായി. 2 അധ്യാപകരുടെ പേരും കുറിച്ചിരിക്കുന്നത്. 

മൊബൈൽ ഫോണിലെ പാസ് വേഡ് ഒഴിവാക്കിയ ഫാത്തിമ ആർക്കും ഫോൺ  തുറക്കാൻ കഴിയുന്ന വിധമാക്കിയിരുന്നു. ബാറ്ററി ചാർജ് തീർന്നു ഓഫ് ആയ മൊബൈൽ ഫോൺ, മരണവിവരം അറിഞ്ഞു ചെന്നൈയിൽ എത്തിയ ബന്ധുക്കളാണു ചാർജ് ചെയ്തു വീണ്ടും ഓൺ ചെയ്തത്. വോൾ പേപ്പറിൽ തെളിഞ്ഞ കുറിപ്പ് ബന്ധുക്കൾ മറ്റൊരു മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തിരുന്നു.

സുദർശൻ പത്മനാഭനു പുറമേ 2 അധ്യാപകരും ഏതാനും വിദ്യാർഥികളും മരണത്തിന് ഉത്തരവാദികളാണെന്നും എല്ലാ പ്രതികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും തുടക്കം മുതൽ ഫാത്തിമയുടെ പിതാവ് അബ്ദുൽ ലത്തീഫ്  ആവശ്യപ്പെട്ടിരുന്നു.

ഇതേസമയം, ഫാത്തിമയെ മരിച്ച നിലയിൽ ആദ്യം കണ്ടത് സഹപാഠി അലീന സന്തോഷെന്ന് എ‌‌ഫ്‌ഐആറിൽ പറയുന്നു.തലേദിവസം രാത്രി 12 വരെ ഫാത്തിമയെ മുറിയിൽ സഹപാഠികൾ കണ്ടിരുന്നു. ദുഃഖിച്ചിരിക്കുന്ന നിലയിലായിരുന്നു ഫാത്തിമയെന്ന് ഇവർ മൊഴി നൽകി.  തൂങ്ങിമരണമാണെന്ന് സംശയമുണ്ടെന്നും റിപ്പോർട്ടിലുണ്ട്.

3 അധ്യാപകരും ക്യാംപസ് വിടരുത്: അന്വേഷണ സംഘം

ചെന്നൈ∙ മദ്രാസ് ഐഐടിയിൽ മലയാളി വിദ്യാ‌ർഥി ഫാത്തിമ ലത്തീഫിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ  ആരോപണ വിധേയരായ അധ്യാപകരോട് ക്യാംപസ് വിട്ടു പോകരുതെന്ന് അന്വേഷണ സംഘത്തിന്റെ  നിർദേശം. മരണത്തിനു കാരണക്കാരനെന്നു ഫാ‌ത്തിമ മൊബൈൽ ഫോണിൽ കുറിച്ചിട്ട അധ്യാപകൻ സുദർശൻ പദ്മനാഭൻ അവധിയിലാണെങ്കിലും ഐഐ‌ടിയിൽ തന്നെയുണ്ടെന്നാണു സൂചന.

കോടതി നിർദേശ പ്രകാരം ഫൊറൻസിക് പരിശോധനയ്ക്കയച്ച മൊബൈൽ ഫോൺ, തമിഴ്നാട് സെൻട്രൽ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഇതുവരെ പരിശോധിച്ചിട്ടില്ല. നിർണായക തെളിവാകുമെന്നു പ്ര‌തീക്ഷിക്കുന്ന ഫോൺ കുടുംബത്തിന്റെ സാന്നിധ്യത്തിൽ പരിശോധിക്കാമെന്ന് ‌അന്വേഷണ സംഘം ഉറപ്പു ന‌ൽകി.

അന്വേഷണത്തിന്റെ ഭാഗമായി കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആർ. സുബ്രഹ്മണ്യം ഇന്നു ചെന്നൈയിലെത്തും. കേന്ദ്രമന്ത്രി വി. മുരളീധരൻ മാനവശേഷി മന്ത്രി രമേശ് പൊക്രിയാലിനെ കണ്ടു വിഷയം ചർച്ച ചെയ്തതിനെ തുടർന്നാണു തീരുമാനം. സമഗ്ര അന്വേഷണം വേണമെന്നു തമിഴ്നാട് സർക്കാരിനോട് ആവശ്യപ്പെടുമെന്നും സിബിഐ അന്വേഷണം ഉൾപ്പെടെയുള്ള സാധ്യതകൾ ആരായുമെന്നും കേന്ദ്രമന്ത്രി രാംദാസ് അഠാവ്‌ലെ കോഴിക്കോട്ട് അറിയിച്ചു.

അതേസമയം, ഫാത്തിമ മതപരമായ വിവേചനം നേരിട്ടതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്താനായിട്ടില്ലെന്ന് ‌പൊലീസ് കേന്ദ്രങ്ങൾ പറഞ്ഞു. അന്വേഷണ സംഘം ‌ഇന്നലെ പിതാവ് അബ്ദുൽ ലത്തീഫിന്റെ മൊഴിയെടുത്തു. ഫാത്തിമയുടെ സഹോദരി ഐഷയുടെ മൊഴി കൊല്ലത്തെ വീട്ടിലെത്തി രേഖപ്പെടുത്തും. 

English Summary: Name of two more teachers in fathima latheef mobile phone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com