ADVERTISEMENT

കോഴിക്കോട്∙ കൂടത്തായി കൊലപാതക പരമ്പരയിലെ ആറു മരണങ്ങളും വിഷം ഉള്ളിൽ ചെന്നതു മൂലമാണെന്നു കേസന്വേഷണത്തിനായി രൂപീകരിച്ച മെഡിക്കൽ ബോർഡിന്റെ നിഗമനം. കോഴിക്കോട് മെഡിക്കൽ കോളജിലെ ജനറൽ മെഡിസിൻ, ന്യൂറോളജി, ടോക്സികോളജി, ഫൊറൻസിക് വകുപ്പുമേധാവികളെ ഉൾപ്പെടുത്തി രൂപീകരിച്ച ബോർഡിന്റെ റിപ്പോർട്ട് വിചാരണവേളയിൽ നിർണായകമാകുമെന്നാണു അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുന്നതിനൊപ്പം വിദഗ്ധ ഡോക്ടർമാരെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തുന്ന കാര്യവും സംഘം പരിഗണിക്കുന്നുണ്ട്.

റോയ് തോമസിന്റെ മരണം സയനൈഡ് ഉള്ളിൽ ചെന്നതുമൂലമാണെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. മറ്റ് അഞ്ചു പേരുടെയും ചികിൽസാ റിപ്പോർട്ടുകൾ, കഴിച്ച മരുന്നുകളുടെ പട്ടിക തുടങ്ങിയവ പരിശോധിച്ചാണ് വിഷബാധയെന്ന നിഗമനത്തിലേക്ക് ബോർഡ് എത്തിയത്. മരണസമയത്ത് ഇവർ പ്രകടിപ്പിച്ച ലക്ഷണങ്ങളും വിഷം ഉള്ളിൽ ചെന്നതിന്റെയായിരുന്നു. സോഡിയം സയനൈഡ് ഉള്ളിൽ ചെന്നാണ് ആറു പേരുടെയും മരണം എന്നാണു നിഗമനം.

കൊല്ലപ്പെട്ട സിലി, മകൾ ആൽഫൈൻ എന്നിവർക്ക് അപസ്മാരം ഉണ്ടായിരുന്നതായി  ഭർത്താവ് ഷാജുവും ബന്ധുക്കളും പറഞ്ഞിരുന്നു. എന്നാൽ അപസ്മാരം മൂലം മരിക്കുന്ന സംഭവങ്ങൾ അപൂർവമാണെന്നു മെഡിക്കൽ ബോർഡ് പൊലീസിനെ അറിയിച്ചു. സിലിയെ നേരത്തേ സമാനലക്ഷണങ്ങളുമായി കോഴിക്കോട്ടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ രക്തത്തിൽ വിഷത്തിന്റെ അംശം കണ്ടെത്തിയിരുന്നു. ഇതു തെളിയിക്കുന്ന ചികിൽസാരേഖകൾ അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. 

ജോൺസന്റെ രഹസ്യമൊഴിരേഖപ്പെടുത്തും

കൂടത്തായി കൊലക്കേസിലെ മുഖ്യപ്രതി ജോളിയുടെ സുഹൃത്തും ബിഎസ്എൻഎൽ ജീവനക്കാരനുമായ ജോൺസന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ് തീരുമാനിച്ചു. സിലി വധക്കേസ് അന്വേഷിക്കുന്ന സംഘം ഇതിനായി സിജെഎം കോടതിയിൽ അപേക്ഷ നൽകും. വിചാരണസമയത്തു മൊഴി മാറ്റാതിരിക്കാനാണു ക്രിമിനൽ നടപടിച്ചട്ടം 164 പ്രകാരം അന്വേഷണഘട്ടത്തിൽ തന്നെ മജിസ്ട്രേട്ടിനു മുന്നിൽ മൊഴി രേഖപ്പെടുത്തുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com