ADVERTISEMENT

ചെന്നൈ∙ ഐഐടി മദ്രാസിലെ  മലയാളി വിദ്യാർഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ ആരോപണവിധേയരായ സുദർശൻ പദ്മനാഭൻ, മിലിന്ദ് ബ്രഹ്മെ, ഹേമചന്ദ്രൻ കര എന്നീ അധ്യാപകരെ തമിഴ്നാട് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു.

ആഭ്യന്തര അന്വേഷണം പ്രഖ്യാപിക്കാത്തതിനെതിരെ തൃശൂർ സ്വദേശി അസ്‌ഹർ മൊയ്തീൻ, കാഞ്ഞിരപ്പള്ളി സ്വദേശി ജസ്റ്റിൻ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ മലയാളി വിദ്യാർഥികൾ ഐഐടി കവാടത്തിനു മുന്നിൽ നിരാഹാരം തുടങ്ങി. ഫാത്തിമയുടെ 3 സഹപാഠികളടക്കം 9 പേർ പങ്കെടുക്കുന്നു. 

അന്വേഷണസംഘം ഇന്നോ നാളെയോ കൊല്ലം കിളികൊല്ലൂരിലെ വീട്ടിലെത്തി മാതാപിതാക്കളുടെയും ഇരട്ട സഹോദരിയുടെയും മൊഴിയെടുക്കും. ലാപ്ടോപ്പും ടാബ്‌ലറ്റ് കംപ്യൂട്ടറും കസ്റ്റഡിയിൽ എടുത്തേക്കും.

ഫാത്തിമയുടെ ഫോണിന്റെ ഫൊറൻസിക് ഫലം ലഭിച്ചശേഷമാകും പോകുക. സിബിഐ അന്വേഷണം തേടി എൻഎസ്‌‌യുഐ മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകി. എന്നാൽ, സാങ്കേതിക പിഴവു ചൂണ്ടിക്കാട്ടി ഹർജി വീണ്ടും സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു.

പാർലമെന്റിൽ ബഹളം, വോക്കൗട്ട്

ഫാത്തിമയുടെ ദുരൂഹ മരണത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടു ലോക്സഭയിൽ പ്രതിപക്ഷ ബഹളം. ശൂന്യവേളയിൽ പ്രശ്നം ഉന്നയിച്ചിട്ടും സർക്കാർ മറുപടി നൽകാതിരുന്നതോടെയായിരുന്നു പ്രതിഷേധം. 

ഉന്നത വിദ്യാഭ്യാസ സെക്രട്ടറി യുടെ റിപ്പോർട്ട് പ്രകാരം നടപടിയെടുക്കുമെന്ന കേന്ദ്ര മാനവശേഷി മന്ത്രി രമേശ് പൊക്രിയാലിന്റെ. മറുപടിയിൽ അതൃപ്തരായി പ്രതിപക്ഷം ഇറങ്ങിപ്പോയി. രക്ഷിതാക്കൾക്കെതിരെ പൊലീസിനെ സമീപിച്ച ഐഐടി നടപടി ചൂണ്ടിക്കാട്ടി എൻ.കെ. പ്രേമചന്ദ്രനാണ് ആദ്യം വിഷയം ഉന്നയിച്ചത്.

കുറ്റക്കാരെ സംരക്ഷിക്കുകയാണു പൊലീസെന്നു ഡിഎംകെയിലെ കനിമൊഴി ആരോപിച്ചു. സഭ നിർത്തിവച്ചു ചർച്ചയ്ക്കുള്ള പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അടിയന്തര പ്രമേയനോട്ടിസ് അനുവദിച്ചില്ല. സിബിഐ അന്വേഷണം തേടി എ.എം. ആരിഫ് പ്രധാനമന്ത്രിക്കു നിവേദനം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com