ADVERTISEMENT

തിരുവനന്തപുരം ∙ നിയമസഭയെ പ്രക്ഷുബ്ധമാക്കി കേരള സർവകലാശാലാ മാർക്ക് തട്ടിപ്പു വിവാദം. മന്ത്രി കെ.ടി. ജലീലിനെതിരെ തിരിഞ്ഞ പ്രതിപക്ഷം മന്ത്രിയുടെ വിശദീകരണങ്ങളിൽ തൃപ്തരാകാതെ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. അടിയന്തര പ്രമേയ നോട്ടിസിന്മേലാണു സഭ വാദപ്രതിവാദങ്ങൾക്കു വേദിയായത്.

മാർക്ക് തട്ടിപ്പിൽ ബാഹ്യ ഇടപെടലിനുള്ള സാധ്യത കണ്ടതിനാലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിനു ശുപാർശ ചെയ്തതെന്നും സംഭവം ഗൗരവത്തോടെയാണു കാണുന്നതെന്നും മന്ത്രി വിശദീകരിച്ചു. അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നതിന് എല്ലാ പിന്തുണയും നൽകുമെന്നും ജലീൽ പറഞ്ഞു.

ഈ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും സർവകലാശാലയെ പാർട്ടി ഓഫിസ് ആക്കിയെന്നും പ്രമേയ നോട്ടിസ് അവതരിപ്പിച്ച റോജി എം.ജോൺ വ്യക്തമാക്കി. അസിസ്റ്റൻറ് പ്രഫസർ മാത്രമായ സിപിഎം നേതാവിനെ പരീക്ഷാ കൺട്രോളർ ആക്കാൻ ശ്രമം നടക്കുകയാണെന്നും ആരോപിച്ചു.

സങ്കുചിത രാഷ്ട്രീയത്തിന്റെ പേരിൽ സർവകലാശാലയുടെ മുഖത്തു കരിവാരിത്തേയ്ക്കരുതെന്നായി മന്ത്രി. കരി കൊണ്ട് അഭിഷേകം ചെയ്തിട്ട് ഇനി എവിടെയാണു തേയ്ക്കാനുള്ളതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരിച്ചടിച്ചു. എത്ര ഉന്നതരായാലും നടപടിയെടുക്കുമെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഡോ. എം.കെ മുനീർ, പി.ജെ. ജോസഫ്, ഒ.രാജഗോപാൽ എന്നിവരും ജലീലിന്റെ നടപടികളിൽ പ്രതിഷേധിച്ചു.

ജുഡീഷ്യൽ അന്വേഷണം വേണം: പ്രതിപക്ഷം 

മാർക്ക് തട്ടിപ്പിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ഇറങ്ങിപ്പോക്കിനു ശേഷം പ്രതിപക്ഷം ആവശ്യപ്പെട്ടു. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കാര്യമില്ലെന്നും ജുഡീഷ്യൽ അന്വേഷണമാണു വേണ്ടതെന്നും പി.ജെ. ജോസഫ് അഭിപ്രായപ്പെട്ടപ്പോൾ രമേശ് ചെന്നിത്തല പിന്തുണച്ചു. സിറ്റിങ് ജഡ്ജിയെക്കൊണ്ടു തന്നെ അന്വേഷിപ്പിക്കണമെന്നു ചെന്നിത്തല ആവശ്യപ്പെട്ടു.

ജലീലിനെതിരെ വീണ്ടും ആരോപണം

കേരള സർവകലാശാലാ ടീച്ചിങ് വിഭാഗത്തിലെ പരീക്ഷാ കലണ്ടർ മന്ത്രി ജലീൽ ഇടപെട്ടു മാറ്റിയെന്ന് സഭയിൽ വി.ഡി.സതീശന്റെ ആരോപണം. 

ഒരു സെമസ്റ്ററിൽ 90 അധ്യയന ദിവസങ്ങൾ വേണമെന്ന നിബന്ധന മന്ത്രി ഇടപെട്ട് 70 ആക്കി. ഇതു യുജിസി നിബന്ധനകളുടെ ലംഘനമാണ്. മന്ത്രിയുടെ ഓഫിസിന്റെ നിർദേശം വ്യക്തമാക്കുന്ന മിനിട്സ് സതീശൻ സബ്മിഷനായി ഉദ്ധരിച്ചു. പരീക്ഷകൾ ഏകീകരിക്കാനും കൃത്യമാക്കാനുമുള്ള നിർദേശം മാത്രമാണു നൽകിയതെന്നു മന്ത്രി ജലീൽ വിശദീകരിച്ചു.  കോടതി വിധിയുടെ അടിസ്ഥാനത്തിലാണു നടപടിയെന്നു മന്ത്രി പറഞ്ഞപ്പോൾ, സർവകലാശാലകളിൽ ഇടപെടാൻ മന്ത്രിക്ക് അധികാരമില്ലെന്ന് ഇനിയെങ്കിലും ജലീൽ മനസ്സിലാക്കണമെന്നു ചെന്നിത്തല ഓർമിപ്പിച്ചു.

English Summary: Moderation scam in Assembly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com