ADVERTISEMENT

കൊച്ചി∙ മണ്ഡല– മകരവിളക്കു കാലത്ത് അയ്യപ്പഭക്തരുടെ ചെറു വാഹനങ്ങൾ പമ്പ വരെ കടത്തിവിടാൻ തടസ്സം എന്താണെന്നു ഹൈക്കോടതി ആരാഞ്ഞു. ഇക്കാര്യത്തിൽ സർക്കാർ അഭിപ്രായം അറിയിക്കണമെന്ന് ആവശ്യപ്പെട്ടു.

‘‘ശബരിമലയിലേക്കു ഭക്തരുടെ ഒഴുക്കു സുഗമമാക്കാനും അവരെ പരമാവധി സഹായിക്കാനുമാണു കോടതി ശ്രമിക്കുന്നത്. 2017 വരെ ഉണ്ടായിരുന്നതു പോലെ ചെറു വാഹനങ്ങളുടെ പ്രവേശനം അനുവദിക്കാവുന്നതല്ലേ? ക്രമസമാധാന പ്രശ്നങ്ങളുണ്ടായാൽ കോടതിയെ സമീപിക്കാമല്ലോ’’– വാദത്തിനിടെ കോടതി പറഞ്ഞു.

റിട്ട. ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ആലപ്പുഴ സ്വദേശി പി. പ്രസന്നകുമാർ നൽകിയ ഹർജിയാണ് ജസ്റ്റിസ് സി. ടി. രവികുമാർ, ജസ്റ്റിസ് എൻ. നഗരേഷ് എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് പരിഗണിച്ചത്.

∙ പൊലീസ് പറയുന്നത്:

പമ്പയിൽ വാഹന പാർക്കിങ് അനുവദിക്കാനാവില്ലെന്ന് പത്തനംതിട്ട എസ്പിയുടെ റിപ്പോർട്ടിൽ പറയുന്നു. പമ്പ ഹിൽടോപ്, ത്രിവേണി, ചക്കുപാലം എന്നിവിടങ്ങളിൽ പാർക്കിങ് അനുവദിക്കുന്നതു പ്രായോഗികമല്ല.

മണ്ണിടിച്ചിലിനെ തുടർന്നാണു ഹിൽടോപ്പിലെ പാർക്കിങ് മാറ്റിയത്. ഭാവിയിലും മണ്ണിടിച്ചിൽ സാധ്യതയുണ്ട്.

നിലയ്ക്കൽ– പമ്പ റൂട്ടിൽ കെഎസ്ആർടിസി സർവീസുണ്ട്. നിലയ്ക്കൽ– പമ്പ വാഹന നിയന്ത്രണത്തിനുള്ള അവകാശം പൊലീസിന് ആവശ്യമാണ്.  

 യുഡിഎഫ് സംഘം ഇന്ന് ശബരിമലയിൽ

തീർഥാടകർ അസൗകര്യം നേരിടുന്നുവെന്ന പരാതി  അന്വേഷിക്കാൻ  യുഡിഎഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് ശബരിമലയിൽ. വി.എസ്.ശിവകുമാർ, പാറയ്ക്കൽ അബ്ദുല്ല, മോൻസ് ജോസഫ്, എൻ.ജയരാജ് എന്നിവരും ഒപ്പമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com