ADVERTISEMENT

തിരുവനന്തപുരം ∙ കേരള സർവകലാശാലയിൽ വർഷങ്ങൾക്കു മുൻപേ പിരിഞ്ഞുപോയ ജീവനക്കാരുടെയടക്കം യൂസർ ഐഡിയും പാസ്‌വേഡും ഇന്നലെ വരെ സജീവം. ഒരേ ഐഡി പലർ ഉപയോഗിക്കുന്ന കുത്തഴിഞ്ഞ രീതി മൂലം പരീക്ഷാ ജോലിയുടെ രഹസ്യ സ്വഭാവം തന്നെ അട്ടിമറിക്കപ്പെട്ടു.

ഇപ്പോൾ പുറത്തുവന്ന 16 പരീക്ഷകളിലേതു പോലെയുള്ള കൃത്രിമം മറ്റു പരീക്ഷകളിലും നടന്നോ എന്നറിയാൻ വിശദ അന്വേഷണം വേണ്ടിവരും.

വിരമിച്ചവർ, പിരിച്ചുവിടപ്പെട്ടവർ, സ്ഥലം മാറിയവർ തുടങ്ങിയവരുടെയടക്കം എഴുപതോളം യൂസർ ഐഡികളും പാസ്‌വേഡുകളും സജീവമായിരുന്നു. ഇന്നലെയാണ് പരീക്ഷാ വിഭാഗത്തിലെ മുഴുവൻ പാസ്‌വേഡുകളും ബ്ലോക്ക് ചെയ്തത്.

2016 നു മുൻപു ഡേറ്റ എൻട്രി ഓപ്പറേറ്റർമാരായി പരീക്ഷാ വിഭാഗത്തിലുണ്ടായിരുന്ന താൽക്കാലിക ജീവനക്കാരുടെ ഐഡികൾ വരെ പലരും ഉപയോഗിച്ചു. ഇവ റദ്ദാക്കാനോ പുതിയവ നൽകാനോ നടപടിയുണ്ടായില്ല.

സെർവർ പരിശോധിച്ചാൽ ഏത് ഐഡികളിൽനിന്ന് ഏതു സമയത്തായിരുന്നു കൃത്രിമമെന്നു കണ്ടെത്താം. പക്ഷേ ആ ഐഡികൾ ആരാണ് ഉപയോഗിച്ചതെന്നു കണ്ടെത്താൻ ഉദ്യോഗസ്ഥ തലത്തിൽ സാധിക്കില്ല. പരീക്ഷാ കാര്യങ്ങൾക്കുള്ള എസ് വിഭാഗത്തിൽ 36 പേരുള്ളിടത്ത് 6 കംപ്യൂട്ടർ മാത്രമാണുള്ളത്. ഇവ മാറിമാറി ഉപയോഗിക്കുകയായിരുന്നു പതിവ്.

വിസിയെ വിളിച്ചുവരുത്തി ഗവർണർ

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വൈസ് ചാൻസലർ ഡോ.വി.പി. മഹാദേവൻപിള്ളയെ രാജ്ഭവനിൽ വിളിച്ചു വിശദീകരണം തേടി. കൂടിക്കാഴ്ച 15 മിനിറ്റ് നീണ്ടു. അന്വേഷണം ക്രൈംബ്രാ‍‍ഞ്ചിനു വിടുന്ന കാര്യത്തിൽ നടപടി ഉണ്ടായിട്ടില്ല.

‘കേരള മോഡൽ’ എംജിയിലും

കോട്ടയം ∙ എംജി സർവകലാശാലയിലും ‘നാഥനില്ലാ’ യൂസർ ഐഡികളും പാസ്‌വേഡുകളും. കൺട്രോളറുടെ നിർദേശപ്രകാരം അതീവരഹസ്യമായി ഇവ നീക്കം ചെയ്തു. താൽക്കാലിക ജീവനക്കാർക്കു വരെ ഐഡിയും പാസ്‌വേഡും നൽകിയതായി പരിശോധനയിൽ കണ്ടെത്തി. പലരും ജോലിവിട്ടു പോയിട്ടും ഇവ നീക്കിയില്ല.

സ്ഥലം മാറിയവരുടെ കാര്യത്തിലും സ്ഥിതി ഇതുതന്നെ. ഫലത്തിൽ ആർക്കും നുഴഞ്ഞുകയറാം. കേരളയിലെന്ന പോലെ തട്ടിപ്പു നടന്നോ എന്നാണ് ഇനി അറിയാനുള്ളത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com