ADVERTISEMENT

കൊച്ചി∙ യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയെന്ന കേസിലെ ഒൻപതാം പ്രതി പത്തനംതിട്ട സ്വദേശി സനൽകുമാറിന്റെ ജാമ്യം വിചാരണക്കോടതി റദ്ദാക്കി. കേസിൽ കുറ്റം ചുമത്തി വിചാരണ നടപടി ആരംഭിക്കാനുള്ള ശ്രമത്തിനിടെ ജാമ്യത്തിലിറങ്ങിയ സനൽകുമാർ പിന്നീട് ഇതുവരെ കോടതിയിൽ ഹാജരായിട്ടില്ല. പലതവണ സമൻസ് അയച്ചിട്ടും പ്രതികരണം ഇല്ലാതിരുന്നതിനാൽ വാറന്റ് പുറപ്പെടുവിച്ചിരുന്നു.

പ്രതിയുടെ ജാമ്യക്കാർ 3 നു നേരിട്ടു ഹാജരാകണം. കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം പോക്സോ കേസിൽ ഉൾപ്പെട്ട സനൽകുമാർ അറസ്റ്റ് ഭയന്ന് ഒളിവിൽ പോയതാണെന്ന് അന്വേഷണ സംഘം കോടതിയിൽ ബോധിപ്പിച്ചു.

എറണാകുളം സബ് ജയിലിൽനിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ട് കേസിലെ മൂന്നാം പ്രതി മണികണ്ഠൻ സമർപ്പിച്ച അപേക്ഷ കോടതി തള്ളി. കുറ്റസമ്മത മൊഴിയുടെ ചില ഭാഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഖ്യപ്രതി സുനിൽകുമാർ (പൾസർ സുനി) സമർപ്പിച്ച അപേക്ഷയിൽ കോടതി വാദം കേൾക്കും. മറ്റു പ്രതികളായ പ്രദീപ്, ഡ്രൈവർ മാർട്ടിൻ, വിജീഷ് എന്നിവർ സമർപ്പിച്ച ജാമ്യാപേക്ഷയും പിന്നീടു പരിഗണിക്കും.

പ്രതികൾക്കു കുറ്റം ചുമത്തുന്ന നടപടികൾ ആരംഭിക്കാൻ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പൾസർ സുനി, മാർട്ടിൻ, മണികണ്ഠൻ, വിജീഷ് എന്നിവരും ജാമ്യം ലഭിച്ച പ്രതികളായ സലീം, ചാർലി തോമസ്, വിഷ്ണു എന്നിവരും ഇന്നലെ കോടതിയിൽ ഹാജരായിരുന്നു. ദുബായിൽ പോയ പ്രതി നടൻ ദിലീപ് ഇന്നലെ കോടതിയിൽ നിന്നു വിട്ടുനിന്നു. നാളെ നാട്ടിൽ തിരികെയെത്തുന്ന ദിലീപ് ചൊവ്വാഴ്ച കോടതിയിൽ ഹാജരാകും.

6 മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി ഉത്തരവിട്ടതിനാൽ എല്ലാ പ്രതികളും ചൊവ്വാഴ്ച നേരിട്ടു ഹാജരാകുമെന്നാണ് കരുതുന്നത്. സാക്ഷി വിസ്താരത്തിനു മുന്നോടിയായി കുറ്റം ചുമത്തുന്ന നടപടി പൂർത്തിയാക്കാൻ കോടതി അന്നു പ്രതിഭാഗത്തിന്റെ വാദം കേൾക്കും. തുടർന്നു സാക്ഷി വിസ്താരത്തിനുള്ള തീയതിയും പട്ടികയും തയാറാക്കി സാക്ഷികൾക്കു സമൻസ് അയയ്ക്കും.

English Summary: Bail application rejected in actress kidnapping case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com