കനിവിന്റെ തരി പോലും കിട്ടിയില്ല; പ്രളയത്തിൽ വീട് തകർന്നതു കണ്ട് തളർന്ന ഗ്രേസി യാത്രയായി

grace
ഗ്രേസി
SHARE

രാജകുമാരി ∙ പ്രളയക്കെടുതിയിൽ വീടു തകർന്നതു കണ്ടു കുഴഞ്ഞുവീണു ശരീരം തളർന്നു കിടപ്പിലായ ഗ്രേസി വേദനകളുടെ ലോകത്തു നിന്നു യാത്രയായി. പൂപ്പാറ തോണ്ടിമല പുത്തൻപുരയ്ക്കൽ വിജയന്റെ ഭാര്യയാണു ഗ്രേസി.

വീടു തകർന്നവർക്കുള്ള സർക്കാരിന്റെ അടിസ്ഥാനസഹായം പോലും കിട്ടാതെയാണു ഗ്രേസി മരണത്തിനു കീഴടങ്ങിയത്. വീടു നിർമിക്കാൻ സഹായത്തിനായി സർക്കാർ ഓഫിസുകൾ കയറിയിറങ്ങിയിട്ടും അധികൃതർ കനിഞ്ഞില്ലെന്നു ബന്ധുക്കൾ ആരോപിച്ചു. 

ഈ വർഷം മേയ് 19നു രാത്രി ഒന്നിനു വൻശബ്ദത്തോടെ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞുവീഴുന്നതു കണ്ടാണു ഗ്രേസി തളർന്നുവീണത്. 20നു തേനി മെഡിക്കൽ കോളജിൽ എത്തിച്ചു. 18 ദിവസം ഇവിടെ ചികിത്സിച്ചെങ്കിലും ശരീരത്തിന്റെ ഇടതുഭാഗം പൂർണമായി തളർന്നു കിടപ്പിലായി. തിരികെ വീട്ടിലെത്തി താൽക്കാലിക ഷെഡിലാണു വിജയനും ഗ്രേസിയും കഴിഞ്ഞത്. 

തണുപ്പേറ്റ് ഗ്രേസിക്കു ശാരീരിക അസ്വസ്ഥത കൂടിയതോടെ ഇവരെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. മറ്റു രോഗികളുടെ കൂട്ടിരിപ്പുകാരാണു ഭക്ഷണം എത്തിച്ചത്. ശരീരം മുഴുവൻ വ്രണങ്ങൾ നിറഞ്ഞ ഗ്രേസിയെ രണ്ടു ദിവസം മുൻപു താലൂക്ക് ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്തു.

തോണ്ടിമലയിൽ നാട്ടുകാരുടെ സഹായത്തോടെ നിർമിച്ച പ്ലാസ്റ്റിക് ഷെഡിൽ കഴിഞ്ഞ ഗ്രേസിയുടെ നില അനുദിനം പരിതാപകരമായി. തണുപ്പു കൂടിയതോടെ ദേഹം മുഴുവൻ നീരു വന്നു കഠിനവേദന അനുഭവിച്ചാണു ഗ്രേസി മരിച്ചത്. സംസ്കാരം നടത്തി.

വീടു നിർമിക്കാൻ സഹായത്തിനായി വിവിധ സർക്കാർ ഓഫിസുകൾ കയറിയിറങ്ങിയെങ്കിലും പ്രളയ ബാധിതർക്കുള്ള അടിസ്ഥാന ധനസഹായം പോലും ലഭിച്ചില്ലെന്നു വിജയൻ പറഞ്ഞു. പല വാതിലുകളിലും മുട്ടി. ഇതുവരെ സഹായം ലഭിച്ചില്ല. ദേശീയപാത വിഭാഗം വീടു നിർമിച്ചു നൽകാമെന്ന് അറിയിച്ചു നടപടി തുടങ്ങിയിരുന്നുവെന്നും വിജയൻ പറഞ്ഞു. 

വിജയൻ നൽകിയ അപേക്ഷ പ്രകാരം പുതിയ വീടിന്റെ നിർമാണത്തിന് അംഗീകാരം നൽകിയെന്നും നടപടികൾ പൂർത്തിയാക്കി പൂപ്പാറ വില്ലേജിൽ നിന്നു ഫയൽ കഴിഞ്ഞ ഒക്ടോബറിൽ റവന്യു വിഭാഗത്തിനു കൈമാറിയിരുന്നുവെന്നും ശാന്തൻപാറ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. 

പ്രളയത്തിൽ വീടു തകർന്നവർക്കു നഷ്ടപരിഹാരം നൽകുന്നതു സംബന്ധിച്ച അപേക്ഷകളിൽ യഥാസമയം തീരുമാനമെടുത്തിട്ടുണ്ടെന്നും ഒരു അപേക്ഷ പോലും മാറ്റിവച്ചിട്ടില്ലെന്നും ഇടുക്കി കലക്ടർ എച്ച്.ദിനേശൻ ‘മനോരമ’യോടു പറഞ്ഞു. ഗ്രേസിയുടെ കാര്യത്തിൽ റവന്യു വകുപ്പിനു വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അന്വേഷിക്കുമെന്നും കലക്ടർ അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA