ADVERTISEMENT

കൊച്ചി∙ യുവനടിയെ തട്ടിക്കൊണ്ടു പോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയെന്ന കേസിൽ വിചാരണക്കോടതി പ്രതികൾക്കെതിരെ ഇന്നലെ കുറ്റം ചുമത്തിയില്ല. കേസിലെ മുഖ്യപ്രതി നടൻ ദിലീപ് അവധി അപേക്ഷ നൽകി വിട്ടുനിന്നു.

ഇര ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ടു ദിലീപ് നൽകിയ ഹർജി സുപ്രീംകോടതി തള്ളിയിരുന്നു. തുടർന്ന് അന്വേഷണ സംഘം ഡിജിറ്റൽ തെളിവുകൾ ശേഖരിച്ച 32 ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്നു പകർത്തിയ തെളിവുകളുടെ സമ്പൂർണ പകർപ്പ് ആവശ്യപ്പെട്ടു വിചാരണക്കോടതിയിൽ ഇന്നലെ വീണ്ടും അപേക്ഷ നൽകി വാദം നടത്തി.

പ്രതി ദിലീപിന്റെ 3 മൊബൈൽ ഫോണുകളിൽ നിന്നു കണ്ടെത്തിയവ അടക്കം തെളിവായി ശേഖരിച്ച 32 ഇലക്ട്രോണിക് ഉപകരണങ്ങളിലും കേസുമായി നേരിട്ടു ബന്ധമില്ലാത്ത പലരുടെയും സ്വകാര്യത ഹനിക്കുന്ന ദൃശ്യങ്ങളുണ്ടെന്നു പ്രോസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചു. കേസുമായി നേരിട്ടു ബന്ധമില്ലാത്ത ഇത്തരം ദൃശ്യങ്ങളുടെ സമ്പൂർണ പകർപ്പ് ആവശ്യപ്പെടാൻ കേസിലെ പ്രതിയായ ദിലീപിനു അവകാശമില്ല. 

കേസിലെ നിർണായക സാക്ഷികളായ ചിലരുടെ മൊബൈൽ ഫോണുകളിൽ നിന്നും ലഭിച്ച അവരുടെ സ്വകാര്യ ദൃശ്യങ്ങൾ ഇത്തരം സാക്ഷികളെ സ്വാധീനിക്കാൻ ദുരുപയോഗപ്പെടുത്തിയേക്കും എന്ന ആശങ്കയും പ്രോസിക്യൂഷനുണ്ട്.

എന്നാൽ ഡിജിറ്റൽ രേഖകൾക്കു കേസുമായി ബന്ധമുണ്ടോ ഇല്ലയോ എന്നു ബോധ്യപ്പെടണമെങ്കിൽ ഇത്തരം തെളിവുകൾ പരിശോധിക്കേണ്ടിവരുമെന്നും പ്രതിയുടെ നിരപരാധിത്വം തെളിയിക്കാൻ അതാവശ്യമാണെന്നും പ്രതിഭാഗം വാദിച്ചു.

വിചാരണ 6 മാസത്തിനകം പൂർത്തിയാക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിട്ടും അനാവശ്യ ഹർജികൾ സമർപ്പിച്ചു നടപടികൾ വൈകിപ്പിക്കാനാണു പ്രതിഭാഗം ഇപ്പോഴും ശ്രമിക്കുന്നതെന്നു പ്രോസിക്യൂഷൻ കുറ്റപ്പെടുത്തി. പ്രതിഭാഗം ആവശ്യപ്പെടുന്ന ദൃശ്യങ്ങൾ കേസുമായി ബന്ധമില്ലാത്തവരുടേതാണ്. ഇത്തരം ദൃശ്യങ്ങളിൽ ഉൾപ്പെടുന്നവർ പോലും ഇക്കാര്യം അറിഞ്ഞിട്ടില്ല. അവരാരും കുറ്റക്കാരോ ഇരകളോ അല്ല. ഇത്തരക്കാരുടെ സ്വകാര്യതയെ ഹനിക്കുന്ന ദൃശ്യങ്ങൾ ആവശ്യപ്പെടാൻ പ്രതിഭാഗത്തിന് അവകാശമില്ല.

ഇരുവിഭാഗത്തിന്റെയും വാദങ്ങൾ കേട്ട കോടതി കേസ് 11 നു വീണ്ടും പരിഗണിക്കും. കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ഒൻപതാം പ്രതി പത്തനംതിട്ട സ്വദേശി സനൽകുമാറിന്റെ 2 ജാമ്യക്കാരെയും നേരിട്ടു വിളിച്ചു വരുത്തിയ കോടതി 11 നു പ്രതിയെ കോടതി മുൻപാകെ ഹാജരാക്കാൻ നിർദേശം നൽകി. ഇതിനു കഴിഞ്ഞില്ലെങ്കിൽ ജാമ്യക്കാർ 80,000 രൂപ വീതം കോടതിയിൽ കെട്ടിവയ്ക്കണം.

സംസ്ഥാനത്തിനു പുറത്തുനിന്നുള്ള വിദഗ്ധരുടെ സാന്നിധ്യത്തിൽ കേസിലെ നിർണായക ദൃശ്യങ്ങൾ പരിശോധിക്കാൻ രണ്ടാഴ്ച സമയം ദിലീപിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇതിനായി ഇത്രയും സമയം അനുവദിക്കാൻ കഴിയില്ലെന്നു പ്രത്യേക കോടതി ജഡ്ജി ഹണി എം.വർഗീസ് വാക്കാൽ പറഞ്ഞു. കേസിലെ മറ്റു പ്രതികളായ മാർട്ടിൻ ആന്റണി, വിജീഷ്, പ്രദീപ് എന്നിവരുടെ ജാമ്യാപേക്ഷകളിലും 11 നു വിധിപറയും. ദിലീപ്, സനൽകുമാർ എന്നിവർ ഒഴികെയുള്ള മുഴുവൻ പ്രതികളും ഇന്നലെ കോടതിയിൽ ഹാജരായിരുന്നു.

English Summary: Actor Dileep ask for digital evidence full copy in attack on actress case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com