ADVERTISEMENT

കൊണ്ടാഴി (തൃശൂർ)∙ ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം കൗണ്ടർ തകർത്ത് 20 ലക്ഷം രൂപ കവരാനുള്ള മോഷ്ടാക്കളുടെ ശ്രമം വിഫലമായത് ഒരു കുഞ്ഞിന്റെ കരച്ചിലിലൂടെ! അപായ അലാം സംവിധാനമോ സുരക്ഷാ ജീവനക്കാരനോ ഇല്ലാത്ത പാറമേൽപടി എസ്ബിഐ എടിഎം കൗണ്ടറിലെ മോഷണശ്രമമമാണ് പാഴായത്. 

പാലക്കാട് തൃക്കടീരി മാങ്ങോട് കര‍ുവാക്കോണം അടവക്കാട് പ്രജിത്ത് (25), വാണിയംകുളം തൃക്കംകോട് കല്ലംപറമ്പിൽ രാഹുൽ (23) എന്നിവരാണ് പിടിയിലായത്. സമീപവാസിയായ സുഗ്നേഷിന്റെ രണ്ടര വയസ്സുകാരിയായ മകൾ പുലർച്ചെ രണ്ടരയ്ക്ക് ഉറക്കത്തിൽ നിന്നുണർന്നു കരഞ്ഞു. ഇതുകേട്ടുണർന്ന സുഗ്നേഷ് തുറന്നുകിടന്ന ജനാലയിലൂടെ നോക്കിയപ്പോഴാണ് മോഷണശ്രമം കണ്ടത്. ശ്രമം ഉപേക്ഷിച്ചു പ്രതികൾ കടന്നുകളഞ്ഞെങ്കിലും പിന്നീട് കുടുങ്ങി. തിങ്കൾ പുലർച്ചെ 2.30ന് ആയിരുന്നു മോഷണശ്രമം. ഹെൽമറ്റ് ധരിച്ച പ്രജിത്തും രാഹുലും കാറിൽ എടിഎം കൗണ്ടറിനു മുന്നിലെത്തി. 

ചോക്ലേറ്റ് ഉപയോഗിച്ച് സിസിടിവി ക്യാമറ മൂടിയശേഷം ഗ്യാസ് സിലിണ്ടർ, കട്ടർ, ഓക്സിജൻ സിലിണ്ടർ എന്ന‍ിവയുമായി കൗണ്ടറിനുള്ളിൽ കയറി. ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം യന്ത്രം തകർക്കാനായെങ്കിലും ക‍ാഷ് ട്രേയിലിരുന്ന 20 ലക്ഷം രൂപ കവരാനുള്ള സാവകാശം ലഭിച്ചില്ല. കൗണ്ടറിന്റെ എതിർവശത്തെ ഫ്ലാറ്റിൽ വാടകയ്ക്കു താമസിക്കുകയാണ് സുഗ്നേഷ് (36). മകൾ ഉറക്കത്തിൽ നിന്നുണർന്നു കരഞ്ഞതുകൊണ്ടാണ് സുഗ്നേഷും ഉണർന്നത്. മോഷണം നടക്കുന്ന വിവരം സുഗ്നേഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. വിശ്വനാഥനെ അറിയിച്ചു.

എടിഎം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമയെ വൈസ് പ്രസിഡന്റ് വിവരമറിയിച്ചു. എടിഎമ്മിനു തൊട്ടരികിൽ താമസിക്കുന്ന ഇദ്ദേഹം വീട്ടിലെ ലൈറ്റ് ഇട്ടതോടെ മോഷ്ടാക്കൾ കാറിൽ രക്ഷപ്പെട്ടു. 

മോഷണ ഉപകരണങ്ങൾ വഴിയോരത്ത് തള്ളിയശേഷം മാഷ്പടിയിൽ നിന്നു റോഡിലേക്കു കയറുന്നതിനിടെ കാർ ചാലിലേക്കു വീണു. ഇതോടെ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.

English Summary: Child wakes up; atm theft fails

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com