ADVERTISEMENT

ബെംഗളൂരു/ മാള / അഗളി∙ ആനേക്കലിനു സമീപം ചിന്തന മഡിവാള വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളികളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് മരിച്ച പെൺകുട്ടിയുടെ കുടുംബം. മാള കുണ്ടൂർ ആലമിറ്റം സ്വദേശി ചിറ്റേത്തുപറമ്പിൽ സുരേഷിന്റെയും ശ്രീജയുടെയും മകളായ ശ്രീലക്ഷ്മി (20), പാലക്കാട് മണ്ണാർക്കാട് അഗളി സ്വദേശി മോഹനന്റെ മകൻ അഭിജിത്ത് (25) എന്നിവരുടെ മൃതദേഹങ്ങളാണ് വനത്തിനുള്ളിൽ ജീർണിച്ച നിലയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബെംഗളൂരു പൊലീസിന് അടുത്ത ദിവസം പരാതി നൽകുമെന്ന് ശ്രീലക്ഷ്മിയുടെ കുടുംബം അറിയിച്ചു.

ഇരുവരും അടുപ്പത്തിലായിരുന്നെന്നും വിവാഹിതരാകാൻ ആഗ്രഹിച്ചിരുന്നെന്നും ഇവർ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ സഹപ്രവർത്തകർ പറയുന്നു. എന്നാൽ, ബന്ധുക്കൾ ഇക്കാര്യം നിഷേധിച്ചു. കഴിഞ്ഞ ഒക്ടോബർ 11ന് വൈകിട്ട് 6 മണിക്കു ശേഷമാണ് ഇരുവരും ജോലി കഴിഞ്ഞ് ഒരുമിച്ചിറങ്ങിയത്. ഫോണിൽ ശ്രീലക്ഷ്മിയെ കിട്ടാതിരുന്നതിനെതുടർന്ന് ഒക്ടോബർ 14ന് അമ്മാവനായ അഭിലാഷ് പാരപ്പന അഗ്രഹാര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കഴിഞ്ഞ 29ന് മൃതദേഹങ്ങൾ വനത്തിൽ നിന്നു കണ്ടെത്തിയതോടെ കേസ് ഹെബ്ബഗോഡി പൊലീസ് ഏറ്റെടുക്കുകയായിരുന്നു.

മരിച്ച ശ്രീലക്ഷ്മിയും അഭിജിത്തും പ്രണയത്തിലായിരുന്നെന്നും ബന്ധത്തെ വീട്ടുകാർ എതിർത്തതാണ് ജീവനൊടുക്കാൻ കാരണമെന്നുള്ള ബെംഗളൂരു പൊലീസിന്റെ വാദം തെറ്റാണെന്ന് ശ്രീലക്ഷ്മിയുടെ കുടുംബം ചൂണ്ടിക്കാട്ടുന്നു. ഇവർ ഒരേ കമ്പനിയിൽ ജോലി ചെയ്യുന്നവർ മാത്രമാണെന്നും പ്രണയത്തെക്കുറിച്ച് വീട്ടിൽ‌ സംസാരം ഉണ്ടായില്ലെന്നുമാണ് ബന്ധുക്കൾ പറയുന്നത്. മൃതദേഹങ്ങൾ കണ്ടെടുത്തതിനുശേഷം പരാതികളില്ലെന്ന് അഭിജിത്തിന്റെ കുടുംബത്തിൽനിന്ന് പൊലീസ് രേഖാമൂലം എഴുതി വാങ്ങിയതും സംശങ്ങൾക്കിടയാക്കി. പരാതിയില്ലെന്ന് എഴുതിത്തരാൻ ശ്രീലക്ഷ്മിയുടെ കുടുംബത്തോടും ആവശ്യപ്പെട്ടെങ്കിലും കുടുംബം വഴങ്ങിയില്ല.

ഇതിനിടെ, മകന്റെ മരണത്തിൽ പരാതിയില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് അഭിജിത്തിന്റെ അച്ഛൻ അഗളി കോട്ടത്തറ സ്വദേശി മോഹൻദാസ് പറഞ്ഞു. ദുരൂഹത പുറത്തു കൊണ്ടു വരാൻ നടക്കുന്ന ശ്രമങ്ങളോടു സഹകരിക്കും. ശ്രീലക്ഷ്മിയുടെ കുടുംബം ഇതിനായി നടത്തുന്ന ശ്രമങ്ങൾക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. 

അഭിജിത് വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും താൻ നിരുത്സാഹപ്പെടുത്തി എന്ന് ശ്രീലക്ഷ്മി വീട്ടിൽ പറഞ്ഞിരുന്നതായി പിതൃസഹോദരനായ സേതുമോൻ വ്യക്തമാക്കി. ഇരുവരും വ്യത്യസ്ത ജാതിയിൽനിന്നുള്ളവരായതിനാൽ ശ്രീലക്ഷ്മിയെ വീട്ടുകാർ ഭീഷണിപ്പെടുത്തിയെന്ന പൊലീസ് വാദവും അദ്ദേഹം തള്ളി. തന്റെ ടീം ലീഡറായ അഭിജിത്തിന് കടുത്ത മുൻകോപവും മാനസിക അസ്വാസ്ഥ്യവും ഉണ്ടെന്നും ചികിത്സ തേടാൻ സഹായിക്കണമെന്നും ആയിരുന്നത്രെ ശ്രീലക്ഷ്മി വീട്ടിൽ പറഞ്ഞത്.

ഒക്ടോബർ 12ന് അഭിജിത്തിന്റെ ഫോണിൽ നിന്ന് സഹായം തേടിയതിനുള്ള തെളിവുകൾ സഹപ്രവർത്തകർ പൊലീസിനു കൈമാറി. ‘അത്യാവശ്യമാണ്, പെട്ടെന്നു വരണം’ എന്നായിരുന്നു സന്ദേശം. സൂഹൃത്തുക്കൾ ലൊക്കേഷൻ മാപ്പിന്റെ സഹായത്തോടെ ചിന്തന മടിവാളയിൽ എത്തിയെങ്കിലും ആരെയും കണ്ടെത്തിയില്ല.

English Summary: Death of malayali techies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com