ADVERTISEMENT

കട്ടപ്പന ∙ അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ് ഇടുക്കി ജനത. കെട്ടിടനിർമാണ നിയന്ത്രണത്തിന്റെ പേരിൽ നിയന്ത്രണങ്ങൾ ഒന്നൊന്നായി ഏർപ്പെടുത്തിയതോടെ ആശങ്കയുടെ നടുക്കടലിലാണു ജനം. ഇടുക്കിയിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ, വിഷയം ചർച്ച ചെയ്യാൻ 17നു മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിച്ചതു മലയോര ജനത പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ്.

ഇടതുസർക്കാർ ഓഗസ്റ്റ് 22 നും സെപ്റ്റംബർ 25നും പുറത്തിറക്കിയ ഭൂവിനിയോഗ – നിർമാണ നിയന്ത്രണ ഉത്തരവുകളാണ് ഇടുക്കിയിൽ പ്രതിഷേധം ആളിക്കത്തിച്ചത്. ജില്ലയിൽ വാണിജ്യ ആവശ്യങ്ങൾക്കായുള്ള എല്ലാ നിർമാണ പ്രവർത്തനങ്ങളും തടയുന്ന സ്ഥിതി വന്നതോടെയാണു ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്ന ആവശ്യം ശക്തമായത്.

പട്ടയം അനുവദിച്ചിട്ടുള്ള ഭൂമിയിൽ വാണിജ്യ നിർമാണ പ്രവർത്തനങ്ങൾക്കു കെട്ടിടനിർമാണ അനുമതി നൽകുമ്പോൾ ഏത് ആവശ്യത്തിനാണു പട്ടയം അനുവദിച്ചതെന്ന വില്ലേജ് ഓഫിസറുടെ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയുള്ള ഉത്തരവായിരുന്നു രണ്ടാമത്തേത്. പ്രതിഷേധത്തെത്തുടർന്ന് ഒക്‌ടോബർ 10നു റവന്യു വകുപ്പ് പുതിയ ഉത്തരവിലൂടെ മുൻ ഉത്തരവുകളിലെ ചില നിർദേശങ്ങളിൽ നേരിയ വ്യക്തത വരുത്തിയെങ്കിലും ആശങ്കകൾക്കു പരിഹാരമായില്ല.

1964ലെ ഭൂപതിവു ചട്ടങ്ങൾ പ്രകാരം കേരളത്തിലാകെ പട്ടയം നൽകിയിട്ടുണ്ട്. ഈ ചട്ടപ്രകാരമാണ് ഇടുക്കി ജില്ലയിലെ ടൗൺഷിപ്പുകൾ ഉൾപ്പെടെയുള്ള ഭൂരിഭാഗം സ്ഥലങ്ങളിലും പട്ടയം നൽകിയിട്ടുള്ളത്. അവിടങ്ങളിൽ എല്ലാം 1500 ചതുരശ്ര അടിക്കു മുകളിലുള്ള കെട്ടിടങ്ങൾ നിയമാനുസൃതമാണു നിർമിച്ചിട്ടുള്ളത്. ആരാധനാലയങ്ങൾ, സ്‌കൂളുകൾ, സർക്കാർ സ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവയെല്ലാം അതിൽപെടും. പുതിയ ഉത്തരവുകൾ പതിനായിരക്കണക്കിന് ആളുകളെ ബാധിക്കും.

നിബന്ധനകൾ ബാധകമാക്കിയിട്ടുള്ള വില്ലേജുകളിൽ 15 സെന്റിനു മുകളിലും 1500 ചതുരശ്ര അടിയിൽ അധികവുമുള്ള വാണിജ്യ നിർമാണ പ്രവർത്തനങ്ങൾ പട്ടയം റദ്ദാക്കി ഭൂമിയും നിർമിതികളും സർക്കാർ ഏറ്റെടുക്കണമെന്ന ഉത്തരവു പിൻവലിക്കണം. നിലവിലുള്ള നിയമപ്രകാരം ഉത്തരവുകൾ ഇറക്കിയാൽ ജനങ്ങളുടെ ആശങ്ക പൂർണമായി പരിഹരിക്കാൻ കഴിയില്ല.

1964ലെ ചട്ടം പ്രാബല്യത്തിൽ വന്നപ്പോൾ ഉള്ള സ്ഥിതിയല്ല നിലവിലുള്ളത്. വർഷങ്ങളായി നടന്നിട്ടുള്ള വികസന പ്രവർത്തനങ്ങൾ കൂടി പരിഗണിച്ച് ഈ ചട്ടം കാലാനുസൃതമായി പരിഷ്‌കരിച്ചു നടപ്പാക്കണം എന്നതാണ് ഇടുക്കിയുടെ ആവശ്യം. സർവകക്ഷി യോഗത്തിൽ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണു മലയോര ജനത.

English Summary: Building houses in Idukki 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com