സപ്ലൈകോ: ഇ ടെൻഡർ അട്ടിമറിച്ച് അരിവാങ്ങൽ; നഷ്ടം ലക്ഷങ്ങൾ

Supplyco
SHARE

തിരുവനന്തപുരം ∙ ഇ ടെൻഡർ അട്ടിമറിച്ചു കരാറുകാരിൽ നിന്നു സപ്ലൈകോ കൂടിയ വിലയ്ക്ക് അരി വാങ്ങി. ടെൻഡർ സമർപ്പിക്കേണ്ട അവസാന ദിവസത്തിന്റെ തലേന്നായിരുന്നു ഒത്തുകളി. സപ്ലൈകോയിൽ ഇ ടെൻഡർ ആരംഭിച്ച ശേഷം ആദ്യമായാണു നേരിട്ട് ഇടപാടു നടന്നത്. ഒറ്റ ദിവസം കൊണ്ട് അരി വിതരണം ചെയ്യണമെന്ന വിചിത്ര നിർദേശവും ഉത്തരവിൽ രേഖപ്പെടുത്തി. കൂടിയ വിലയ്ക്ക് അരി വാങ്ങിയതോടെ സ്ഥാപനത്തിനു നഷ്ടമായതു ലക്ഷങ്ങൾ.

ജയ അരി വാങ്ങിയതിലാണു വൻ ക്രമക്കേട്. ജയ അരി അടക്കം സാധനങ്ങൾക്കായി കഴിഞ്ഞ 15നു സപ്ലൈകോ ഇ ടെൻഡർ വിളിച്ചിരുന്നു. 22ന് ഉച്ചയ്ക്ക് 12 വരെയായിരുന്നു സമയം. എന്നാൽ 21ന് ‘എമർജൻസി പർച്ചേസ്’ എന്ന പേരിൽ ചങ്ങനാശേരി കാർത്തിക ട്രേഡേഴ്സ്, തിരുവനന്തപുരം ഹഫ്സർ ട്രേഡേഴ്സ് എന്നിവിടങ്ങളിൽ നിന്നു അരി നേരിട്ടു വാങ്ങി.

ഹഫ്സറിൽ നിന്ന് 1150 ക്വിന്റൽ അരി കിലോഗ്രാമിന് 33.29 മുതൽ 33.89 രൂപ വരെ നിരക്കിലാണു വാങ്ങിയത്. 13 ഡിപ്പോകളിൽ വിതരണം ചെയ്യാനായിരുന്നു ഇത്. കാർത്തികയിൽ നിന്ന് 1800 ക്വിന്റൽ അരി 33.35 – 33.79 രൂപ നിരക്കിലും വാങ്ങി. അതു മറ്റ് 13 ഡിപ്പോകളിൽ വിതരണം ചെയ്യാൻ നിർദേശിച്ചു. 21നു നൽകിയ ഉത്തരവിൽ 22നകം വിതരണം ചെയ്യണമെന്നും പറഞ്ഞു. സാധാരണ പർച്ചേസ് ഓർഡർ നൽകിയാൽ 7 ദിവസത്തിനുള്ളിലാണു വിതരണക്കാർ സാധനം എത്തിക്കുന്നത്.

എന്നാൽ, 24 മണിക്കൂറിനുള്ളിൽ തിരുവനന്തപുരം മുതൽ പാലക്കാട് വരെ ജില്ലകളിൽ എങ്ങനെ അരി എത്തിക്കുമെന്ന് ഉദ്യോഗസ്ഥർ ചോദിച്ചു. ഇടപാടു സംബന്ധിച്ചു സപ്ലൈകോ ഉന്നതരും വിതരണക്കാരും നേരത്തേ ധാരണയിലെത്തിയിരുന്നുവെന്നു വ്യക്തം. അടുത്ത ദിവസം ഇ ടെൻഡർ തുറന്നപ്പോൾ ഇതിൽ ഒരു വിതരണക്കാരൻ ഏകദേശം ഒരു രൂപ കുറച്ചാണ് അരിക്കു രേഖപ്പെടുത്തിയത്.‌ അതേ വിലയ്ക്ക് അരി നൽകാൻ അവർക്ക് ഓർഡർ നൽകി.

English Summary: Supplyco: Rice buying breaking e tender

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA