ADVERTISEMENT

തിരുവനന്തപുരം ∙ ക്രിസ്മസിന്റെ ഭാഗമായി വീടുകളിൽ വൈൻ തയാറാക്കുന്നത് അബ്കാരി നിയമപ്രകാരം കുറ്റകരമാണെന്നു എക്സൈസിന്റെ സർക്കുലർ. പള്ളികൾക്കു മാസ് വൈൻ ഉൽപാദനത്തിനുള്ള പ്രത്യേക ലൈസൻസ് റദ്ദാക്കിയിട്ടില്ല. അവർ ഒരു ലീറ്ററിന് 3.25 രൂപ നിരക്കിൽ നികുതി നൽകണം. എന്നാൽ വ്യക്തികൾക്കു വൈൻ തയാറാക്കുന്നതിന് അബ്കാരി നിയമം അനുമതി നൽകുന്നില്ല. 

ലൈസൻസ് ഇല്ലാതെ വൈൻ തയാറാക്കുന്നത് അബ്കാരി നിയമം പ്രകാരം ജാമ്യം ലഭിക്കാത്ത കുറ്റമാണെന്നു സർക്കുലർ ഓർമിപ്പിക്കുന്നു. വീട്ടിൽ തയാറാക്കിയ വൈൻ വിൽപനയ്ക്കുണ്ടെന്നു സമൂഹ മാധ്യമങ്ങളിൽ പരസ്യം ചെയ്യുന്നത് എക്സൈസ് നിരീക്ഷിക്കുന്നുണ്ട്. കൂടാതെ വൈൻ ഉണ്ടാക്കുന്ന വിഡിയോകൾ യൂട്യൂബ് വഴി പ്രചരിപ്പിച്ചു വരുമാനം ഉണ്ടാക്കുന്നവരും സജീവമാണ്. ഇതെല്ലാം കണക്കിലെടുത്താണു മുന്നറിയിപ്പ്.

സർക്കുലർ ഇറങ്ങിയതിനു പിന്നാലെ ഇന്നലെ വൈകിട്ടു തിരുവനന്തപുരം വേളിയിൽ വൈനും വൈൻ ഉണ്ടാക്കാനായി പുളിപ്പിച്ച പഴങ്ങളും ഉൾപ്പെടെ 40 ലീറ്റർ സാധനങ്ങൾ എക്സൈസ് പിടികൂടി. വീട്ടിൽ താമസക്കാരനായ യുവാവിനെതിരെ ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി കേസെടുത്ത് അറസ്റ്റു ചെയ്തു. ഇയാളെ റിമാൻഡ് ചെയ്തു. ലൈസൻസില്ലാതെ വൈൻ നിർമിച്ചു വിൽക്കുന്ന സംഘങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണു ക്രിസ്മസ്, പുതുവൽസര ആഘോഷങ്ങൾക്കു മുന്നോടിയായുള്ള സർക്കുലറിൽ ഇക്കാര്യവും ഉൾക്കൊള്ളിച്ചത്. 

മദ്യക്കടത്തും വ്യാജവാറ്റും തടയാൻ പ്രത്യേക സംഘങ്ങൾക്ക് എക്സൈസ് രൂപം നൽകി. അയൽ സംസ്ഥാനങ്ങളിൽ നിന്നു സ്പിരിറ്റ് എത്തിച്ചു വ്യാജ വിദേശ മദ്യനിർമാണം ആഘോഷ അവസരങ്ങളിൽ ഉണ്ടാകാറുണ്ട്. ഇതിനെ നേരിടാൻ അതിർത്തി ജില്ലകളിൽ പ്രത്യേക നിരീക്ഷണം ഉണ്ടാകും. വനപ്രദേശങ്ങളോടു ചേർന്നുള്ള സ്ഥലങ്ങളിൽ വാറ്റു സംഘങ്ങളും സജീവമാകുന്നുണ്ട്. അരിഷ്ടം അടക്കം ആയുർവേദ മരുന്നെന്ന വ്യാജേനയും ലഹരി പ്രചരിപ്പിക്കാനും ശ്രമമുണ്ടെന്ന് എക്സൈസ് അറിയിച്ചു.

English Summary: Making wine at home is crime

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com