ADVERTISEMENT

കോഴിക്കോട്∙ കൂടത്തായി കൊലക്കേസിൽ രണ്ടാം പ്രതി എം.എസ്.മാത്യുവിനെ മാപ്പുസാക്ഷിയാക്കാൻ പൊലീസ് തീരുമാനം. ഇതിനു മുന്നോടിയായി മജിസ്ട്രേട്ടിനു മുന്നിൽ ഇയാളുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതിയിൽ അപേക്ഷ നൽകി.

വിചാരണവേളയിൽ മൊഴി മാറ്റാതിരിക്കാൻ ക്രിമിനൽ നടപടിച്ചട്ടം 164 പ്രകാരം സാക്ഷികളുടെ രഹസ്യമൊഴിയാണു മജിസ്ട്രേട്ടിനു മുന്നിൽ രേഖപ്പെടുത്തുക. എന്നാൽ കേസിൽ പ്രതിയായ മാത്യുവിന്റെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത് ഇയാളെ മാപ്പുസാക്ഷിയാക്കുക എന്ന ലക്ഷ്യത്തോടെയാണ്. 

കൂടത്തായി കൊലപാതക പരമ്പരയിൽ അന്നമ്മ തോമസ് വധം ഒഴികെയുള്ള 5 കേസുകളിലും രണ്ടാം പ്രതിയാണ് എം.എസ്.മാത്യു. കേസിലെ മുഖ്യപ്രതിയായ ജോളി ജോസഫ് സയനൈഡ് ഉപയോഗിച്ചാണ് ഈ 5 കൊലകളും നടത്തിയതെന്നു പൊലീസ് കണ്ടെത്തിയിരുന്നു.  

ജോളിക്ക് ഇതിനാവശ്യമായ സയനൈഡ് സംഘടിപ്പിച്ചു കൊടുത്തത് താനാണെന്നു മാത്യു മൊഴി നൽകിയിട്ടുണ്ട്. സ്വർണപ്പണിക്കാരനായ മുന്നാം പ്രതി കെ.പ്രജികുമാറിൽ നിന്നു രണ്ടു വട്ടമായി വാങ്ങിയ സയനൈഡാണ് മാത്യു ജോളിക്കു കൈമാറിയത്. ഈ സയനൈഡ് നൽകിയാണ് ടോം തോമസ്, റോയ് തോമസ്, മാത്യു മഞ്ചാടിയിൽ, സിലി ഷാജു, ആൽഫൈൻ എന്നിവരെ കൊലപ്പെടുത്തിയത്. 

കൊലപാതകങ്ങൾക്ക് ഉപയോഗിച്ച സയനൈഡ് കൂടത്തായിയിൽ ജോളിയുടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ജോളിക്ക് സയനൈഡ് സംഘടിപ്പിച്ചു നൽകിയതു താനാണെന്നു വിചാരണവേളയിൽ മാത്യു കോടതിയിൽ മൊഴി നൽകുക കൂടി ചെയ്താൽ കൊലക്കേസ് തെളിയിക്കുക പൊലീസിന് എളുപ്പമാകും.

 സാഹചര്യത്തെളിവുകൾ കണ്ടെത്തുന്നതു വെല്ലുവിളിയായ കേസിൽ കുറ്റകൃത്യം തെളിയിക്കാൻ മാത്യുവിന്റെ മൊഴി സഹായിക്കുമെന്ന തിരിച്ചറിവാണ് ഇയാളെ മാപ്പുസാക്ഷിയാക്കുക എന്ന തീരുമാനത്തിലേക്ക് അന്വേഷണസംഘത്തെ എത്തിച്ചത്.  

റോയ് തോമസ് വധം അന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ആർ.ഹരിദാസൻ രഹസ്യമൊഴി രേഖപ്പെടുത്താനായി സിജെഎം കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.  കേസ് അന്വേഷണത്തെ സഹായിക്കുന്ന വിധത്തിലാണ്  മാത്യു രഹസ്യമൊഴി നൽകുന്നതെങ്കിൽ ഇയാളെ മാപ്പുസാക്ഷിയാക്കും. കേസിൽ പ്രതിപ്പട്ടികയിലുള്ള മാത്യുവിനെ സാക്ഷിയാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയിൽ അപേക്ഷ നൽകും.

 അതേ സമയം വിചാരണവേളയിൽ ഇയാൾ മൊഴിമാറ്റുകയാണെങ്കിൽ വീണ്ടും പ്രതിയായി തന്നെ ഇയാളെ പരിഗണിക്കാൻ പൊലീസ് കോടതിയിൽ ആവശ്യപ്പെടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com