ADVERTISEMENT

കോഴിക്കോട്∙ കൂടത്തായി റോയ് വധക്കേസിൽ കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങി പൊലീസ്. 20നു മുൻപു കുറ്റപത്രം തയാറാക്കാൻ അന്വേഷണസംഘത്തിനു നിർദേശം ലഭിച്ചു. ഈ മാസം തന്നെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനാണു നീക്കം. കുറ്റപത്രത്തിന് അന്തിമരൂപം നൽകുന്നതിനു മുൻപ് സ്പെഷൽ പ്രോസിക്യൂട്ടറുമായും അന്വേഷണസംഘം ചർച്ച നടത്തും.

ഫൊറൻസിക് പരിശോധനാഫലത്തിനു കാത്തുനിൽക്കാതെ റോയ് വധക്കേസിൽ കുറ്റപത്രം സമർപ്പിക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു. ഫൊറൻസിക് പരിശോധനാഫലം വൈകുമെന്നാണു പൊലീസിനു ലഭിക്കുന്ന സൂചന. 

ഇതു കാത്തിരുന്നാൽ കുറ്റപത്രം സമർപ്പിക്കുന്നതു വൈകുകയും ജോളിക്കു സ്വാഭാവിക ജാമ്യം ലഭിക്കുകയും ചെയ്യും. എന്നാൽ, ശാസ്ത്രീയ തെളിവുകളില്ലാതെ എങ്ങനെ പഴുതടച്ച കുറ്റപത്രം തയാറാക്കുമെന്നതും ചോദ്യചിഹ്നമായി. ഇതോടെയാണ് കൊലപാതക പരമ്പരയിൽ പോസ്റ്റ്മോർട്ടം നടന്ന ഏക കേസിൽ ആദ്യം കുറ്റപത്രം സമർപ്പിക്കാനുള്ള തീരുമാനത്തിലെത്തിയത്. സയനൈഡ് ഉള്ളിൽ ചെന്നാണ് റോയ് മരിച്ചതെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഈ കേസിലെ ശാസ്ത്രീയ തെളിവാകും.

അറസ്റ്റ് ചെയ്തു 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതിക്കു സ്വാഭാവിക ജാമ്യം ലഭിക്കും. മറ്റ് 5 കേസുകളിൽ കുറ്റപത്രം സമർപ്പിക്കുന്നതു വൈകി ജോളിക്കു ജാമ്യം ലഭിച്ചാലും റോയ് വധക്കേസിൽ ജോളി ജയിലിൽ നിന്നു പുറത്തിറങ്ങുന്നതു തടയാമെന്നാണു പൊലീസിന്റെ കണക്കുകൂട്ടൽ.

എൻ.കെ. ഉണ്ണിക്കൃഷ്ണൻ സ്പെഷൽ  പ്രോസിക്യൂട്ടറാകും

കോഴിക്കോട്∙ കൂടത്തായി കൊലക്കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറായി പെരുമ്പാവൂർ നിയമ വിദ്യാർഥിനി വധക്കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറായിരുന്ന അഡ്വ. എൻ.കെ. ഉണ്ണിക്കൃഷ്ണനെ നിയമിക്കാൻ ശുപാർശ. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ മഞ്ചേരി ശ്രീധരൻ നായരാണ് ആഭ്യന്തര വകുപ്പിനു ശുപാർശ നൽകിയത്. 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com