ADVERTISEMENT

ന്യൂഡൽഹി ∙ സംസ്ഥാനങ്ങൾ നേരിട്ടു നടത്തുന്ന ലോട്ടറിക്കും 28% നികുതി ഏർപ്പെടുത്താൻ ചരക്ക്, സേവന നികുതി (ജിഎസ്ടി) കൗൺസിൽ വോട്ടെടുപ്പിലൂടെ തീരുമാനിച്ചു. സ്വകാര്യ ലോട്ടറിക്കുള്ള അതേ നിരക്ക് സംസ്ഥാന ലോട്ടറിക്കും ബാധകമാക്കിയത് കേരളത്തിനു വലിയ തിരിച്ചടിയായി. സംസ്ഥാനങ്ങളിൽ കേരളം മാത്രമാണ് നേരിട്ടു ലോട്ടറി നടത്തുന്നത്.

സംസ്ഥാന ലോട്ടറിക്കു നിലവിൽ 12 ശതമാനമാണ് നികുതി. ഇത് അടുത്ത മാർച്ച് മുതലാണ് 28 ശതമാനമാക്കുന്നത്. നഷ്ടമുണ്ടാകുമെങ്കിലും ലോട്ടറി വില വർധിപ്പിക്കില്ലെന്നു ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ലോട്ടറിയുടെ കമ്മിഷൻ, സമ്മാനത്തുക, ലാഭം എന്നിവ തൊഴിലാളി യൂണിയനുകളുമായി ആലോചിച്ച് പുനഃക്രമീകരിക്കും. ലോട്ടറികളുടെ എണ്ണം വർധിപ്പിക്കുന്നതും ആലോചിക്കും.

നിലവിൽ 1200 കോടി രൂപയാണ് ലോട്ടറിയിൽ നിന്നുള്ള സംസ്ഥാന സർക്കാരിന്റെ ലാഭം. ലാഭം നികുതിയായി മാറുന്ന സ്ഥിതിയാണ്. 16% ശതമാനം നികുതി വർധിപ്പിക്കുമ്പോൾ അതിന്റെ പകുതിയും കേന്ദ്രത്തിനു ലഭിക്കും. എന്നാൽ, സ്വകാര്യ ലോട്ടറിക്കുള്ള നികുതി കുറയ്ക്കാത്തതു ശ്രദ്ധേയമാണ്.

 ജിഎസ്ടി നിയമപ്രകാരമുള്ള വ്യവസ്ഥകൾ കർശനമായി നടപ്പാക്കും. സ്വകാര്യ ലോട്ടറിക്കാർ കൃത്യമായ കണക്കു നൽകണം. ചട്ടങ്ങൾ വിജ്ഞാപനം ചെയ്തിട്ടുണ്ട്. നാഗാലാൻഡ് ലോട്ടറിക്ക് അനുമതി നിഷേധിച്ചുകഴിഞ്ഞു. 

നികുതി ഏകീകരിക്കുമ്പോൾ ലോട്ടറി നിയമത്തിലെ വ്യവസ്ഥകളും കർശനമാക്കാമെന്നു കേന്ദ്രം നേരത്തെ ഉറപ്പു നൽകിയിരുന്നു. ഇതിനായി വരുംദിവസങ്ങളിൽ ശക്തമായ സമ്മർദം ചെലുത്തുമെന്നും ധനമന്ത്രി പറഞ്ഞു.

കൗൺസിലിൽ വോട്ടെടുപ്പ് ആദ്യം

ജിഎസ്ടി കൗൺസിലിൽ ആദ്യമായാണ് ഏതെങ്കിലും വിഷയത്തിൽ വോട്ടെടുപ്പു നടക്കുന്നത്.നികുതി ഏകീകരണ നിർദേശത്തെ എതിർത്തത്: കേരളം, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ബംഗാൾ, ഡൽഹി, പുതുച്ചേരി.

അനുകൂലിച്ചത്: കേന്ദ്രം (25%വോട്ട് മൂല്യം) + 17 സംസ്ഥാനങ്ങൾ.

വിട്ടുനിന്നത്: പഞ്ചാബ്, രാജസ്ഥാൻ.

ജിഎസ്ടി നിയമമനുസരിച്ച്, 75% വോട്ട് ലഭിച്ചാലാണ് വിഷയം പാസാവുക. രാജസ്ഥാനും പഞ്ചാബും കേരളത്തിനൊപ്പം നിന്നാൽ നിർദേശം പാസാകില്ലെന്നതായിരുന്നു സ്ഥിതിയെന്ന് തോമസ് ഐസക് പറഞ്ഞു. ജമ്മു കശ്മീരിന്റെയും ഒഡീഷയുടെയും ഉദ്യോഗസ്ഥരാണ് വോട്ട് ചെയ്തത്. അതിനെ ചോദ്യം ചെയ്യാമായിരുന്നു. എന്നാൽ, 2 സംസ്ഥാനങ്ങൾ വിട്ടുനിന്നതിനാൽ, ചോദ്യം ചെയ്യലും അപ്രസക്തമായി.

സർക്കാരിനു നഷ്ടം

തിരുവനന്തപുരം ∙ ലോട്ടറിയുടെ ജിഎസ്ടി നിരക്ക് 28 ശതമാനമാക്കി ഉയർത്തിയതോടെ രണ്ടു വഴിയാണ് ഇനി സംസ്ഥാന സർക്കാരിനു മുന്നിൽ. ഒന്നുകിൽ വർധിപ്പിച്ച ജിഎസ്ടി കൂടി ചേർത്ത് ടിക്കറ്റ് വില കൂട്ടുക. 

ഇത് സർക്കാരിനു നേട്ടമാണെങ്കിലും വില കൂട്ടില്ലന്ന് മന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചുകഴിഞ്ഞു. ഇപ്പോഴത്തെ വിലയിൽ തന്നെ ടിക്കറ്റുകൾ തുടരുമ്പോൾ സർക്കാരിന് വരുമാനത്തിൽ വലിയ ഇടിവുണ്ടാക്കും. ലോട്ടറി ഒരു വർഷം 11,300 കോടി രൂപ വിറ്റുവരവും 1300 കോടി ലാഭവുമാണ് സർക്കാരിനു സമ്മാനിക്കുന്നത്. 

30 രൂപയുടെ ടിക്കറ്റ് വിൽക്കുമ്പോൾ

ഇനം                                         ഇപ്പോൾ               ഇനി

അടിസ്ഥാന വില             26.80 രൂപ              23.43രൂപ

ജിഎസ്ടി                                 3.21 രൂപ (12%)         6.56 രൂപ (28%)

ടിക്കറ്റ് വില                            30 രൂപ                     30 രൂപ

English summary: GST Council fixes 28 per cent tax rate on lottery

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com