കെഎസ്ആർടിസി 1000 ബസ് നിർമിക്കും; അഞ്ചിന് മുൻപ് ശമ്പളം നല്‍കും

ksrtc-bus
SHARE

തിരുവനന്തപുരം ∙ കെഎസ്ആർടിസി വർക്‌ഷോപ്പുകളിൽ 1000 ബസ് നിർമിച്ച് അടുത്ത വർഷം പുറത്തിറക്കാനും എല്ലാ മാസവും 5നു മുൻപ് ശമ്പളം നൽകാനും മന്ത്രി എ.കെ.ശശീന്ദ്രനും തൊഴിലാളി സംഘടനകളുമായുള്ള ചർച്ചകളിൽ ധാരണ.

ശമ്പളപരിഷ്കരണം ഉൾപ്പെടെ വിവിധ പ്രശ്നങ്ങളിൽ അടുത്ത മാസം 31നു മുൻപ് മുഖ്യമന്ത്രി സംഘടനകളുമായി ചർച്ച നടത്തി കരാർ ഒപ്പിടുമെന്നും മന്ത്രി ഉറപ്പ് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ ഒരു മാസത്തോളമായി നടത്തി വന്ന സമരം അവസാനിപ്പിക്കാൻ സിഐടിയു, എഐടിയുസി, ടിഡിഎഫ് എന്നീ സംഘടനകൾ തീരുമാനിച്ചു. ജനുവരി 20 മുതൽ ടിഡിഎഫ് പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല പണിമുടക്കും പിൻവലിച്ചു.

സൂപ്പർ ക്ലാസ് ബസുകളിൽ പലതിന്റെയും കാലാവധി മാർച്ച് 31ന് അവസാനിക്കുന്നതിനാലാണു 324 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് 1000 ബസുകൾ പുറത്തിറക്കാമെന്ന ഉറപ്പ്. 2016–17ൽ സിഎൻജി ബസുകൾ പുറത്തിറക്കാൻ ലഭിച്ച 324 കോടി രൂപ സർക്കാരിന്റെ കൈവശമുണ്ടെന്ന കാര്യം നേതാക്കൾ ചൂണ്ടിക്കാട്ടി.

ശമ്പളത്തിനുള്ള സർക്കാരിന്റെ പ്രതിമാസ സഹായം 20 കോടി രൂപയിൽ നിന്ന് 35 കോടിയാക്കും. ജിപിഎസ് സംവിധാനമുള്ള ഇലക്ട്രോണിക് ടിക്കറ്റ് മെഷിൻ വാങ്ങാനുള്ള പണം പൂർണമായും ഉടൻ സർക്കാർ നൽകും. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച നടത്തി സർക്കാർ, കെഎസ്ആർടിസി മാനേജ്മെന്റ്, ട്രേഡ് യൂണിയനുകൾ എന്നിവർ ചേർന്നു ത്രികകക്ഷി കരാർ ഒപ്പിടും. 

English Summary: KSRTC to build 1000 buses

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA