sections
MORE

കൂടത്തായി റോയ് തോമസ് കൊലപാതകം: ജോളി ഉൾപ്പെടെ 4 പേരെ പ്രതികളാക്കി കുറ്റപത്രം

jolly
SHARE

കോഴിക്കോട്∙ കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫ് കടലക്കറിയിലും വെള്ളത്തിലും സയനൈഡ് കലർത്തി നൽകി ആദ്യഭർത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയതെന്നു കുറ്റപത്രം. പൊലീസ് ഇന്നലെ താമരശ്ശേരി മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ജോളിയുൾപ്പെടെ 4 പ്രതികളാണുള്ളത്.

ജോളിക്കു സയനൈഡ് സംഘടിപ്പിച്ചു നൽകിയ കക്കാട്ട് മഞ്ചാടിയിൽ എം.എസ്.മാത്യു, സ്വർണപ്പണിക്കാരനായ താമരശ്ശേരി തച്ചൻപൊയിൽ മുള്ളമ്പലത്ത് കെ.പ്രജികുമാർ എന്നിവരാണ് 2, 3 പ്രതികൾ. റോയ് തോമസിന്റെ പിതാവ് ടോം തോമസിന്റെ പേരിൽ വ്യാജ ഒസ്യത്ത് തയാറാക്കാൻ ജോളിയെ സഹായിച്ച സിപിഎം മുൻ ലോക്കൽ സെക്രട്ടറി കെ.മനോജ് കുമാറാണ് നാലാം പ്രതി. ജോളിയും പ്രതികളായ എം.എസ്.മാത്യു, കെ.പ്രജികുമാർ എന്നിവരും ചേർന്നു ഗൂഢാലോചന നടത്തി റോയിയെ വധിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു. 

കൊലപാതകം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, തെളിവു നശിപ്പിക്കൽ, രേഖകളില്ലാതെ സയനൈഡ് കൈവശം വയ്ക്കൽ എന്നിവ ഉൾപ്പെടെ 10 വകുപ്പുകളാണു പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ഭർതൃപിതാവിന്റെ സ്വത്തുക്കൾ തട്ടിയെടുക്കാനും ജോലിയും വരുമാനവുമുള്ള ഒരാളെ വിവാഹം കഴിക്കാനുമായിരുന്നു റോയിയെ കൊലപ്പെടുത്തിയത്. റോയി സയനെഡ് ഉള്ളിൽച്ചെന്നാണു മരിച്ചതെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ആന്തരികാവയവങ്ങളുടെ രാസപരിശോധനാ റിപ്പോർട്ടിലും വ്യക്തമാണ്. കൊലപാതകത്തിന് ഉപയോഗിച്ച സയനൈഡിന്റെ ബാക്കി ജോളിയുടെ വീട്ടിൽ നിന്നു പൊലീസ് കണ്ടെടുത്തിരുന്നു. 

കുറ്റപത്രം വിശദ പരിശോധനകൾക്കു ശേഷമാകും കോടതി സ്വീകരിക്കുക. പിന്നീട് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് അയയ്ക്കും. വിചാരണ നടത്തേണ്ടത് ഏതു കോടതിയിലാണെന്നു പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് തീരുമാനിക്കുക. 2011സെപ്റ്റംബർ 30നാണ് ജോളിയുടെ ആദ്യഭർത്താവ് കൂടത്തായി പൊന്നാമറ്റം റോയ് തോമസ് മരിക്കുന്നത്. റോയിയുടെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും തെളിയിക്കുന്ന വ്യക്തമായ തെളിവുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ടെന്ന് ജില്ലാ റൂറൽ പൊലീസ് മേധാവി കെ.ജി.സൈമൺ പറഞ്ഞു. 

1800 പേജുകൾ, 246 സാക്ഷികൾ, 322 രേഖകൾ 

റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ആർ.ഹരിദാസന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്നലെ കോടതിയിൽ സമർപ്പിച്ചത് 1800 പേജുകളുള്ള കുറ്റപത്രം. ജോളിയുടെ മക്കളും ബന്ധുക്കളും ഭർത്താവ് ഷാജുവും ഉൾപ്പെടെ 246 സാക്ഷികളാണ് പട്ടികയിലുള്ളത്. റോയ് തോമസിന്റെ സഹോദരി രഞ്ജി തോമസാണ് ഒന്നാം സാക്ഷി. 26 സർക്കാർ ഉദ്യോഗസ്ഥർ സാക്ഷിപ്പട്ടികയിലുണ്ട്. സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ 3 മജിസ്ട്രേട്ടുമാരും സാക്ഷികളാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA