ADVERTISEMENT

തിരുവനന്തപുരം∙ കോഴിക്കോട് പന്തീരാങ്കാവിൽ സിപിഎം അംഗങ്ങളായ അലനും താഹയ്ക്കുമെതിരായ കേസ് എൻഐഎ ഏറ്റെടുത്തതു നിയമവ്യവസ്ഥ പ്രകാരമാണെന്നും അവർ പരിശുദ്ധൻമാരാണെന്നും തെറ്റു ചെയ്യാത്തവരാണെന്നുമുള്ള ധാരണ വേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അവർക്ക്  ഇത്തരം കാര്യങ്ങളിലൊന്നും പങ്കില്ലെന്നു പറയാനാവില്ലെന്നു  താൻ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ആ  അഭിപ്രായത്തിൽത്തന്നെയാണ് ഇപ്പോഴും.

യുഎപിഎ ചുമത്തിയതു മഹാ അപരാധമായിപ്പോയി എന്നു താൻ പറയണമെന്നാണു മാധ്യമങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ  തയാറില്ല. അവർ ചെയ്തത് എന്തെന്നു പിന്നീടു പറയാം. യുഎപിഎക്ക് എൽഡിഎഫ് എതിരാണ്. എന്നാൽ യുഎപിഎ ചുമത്തിയ കേസുകളുണ്ടായിട്ടുണ്ട്. അതൊന്നും കാണാതിരിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിരപരാധികളെ തടവിലാക്കുന്നത് സ്വേച്ഛാധിപതികളുടെ ഈഗോ: അലൻ ഷുഹൈബിന്റെ മാതാവ്

കോഴിക്കോട്∙ എല്ലാ ഭരണകൂടങ്ങളും സ്വേച്ഛാധിപതികളെ സൃഷ്ടിക്കുന്നുവെന്നും അവരുടെ ഈഗോകളാണ് നിരപരാധികളെ തടവിലാക്കുന്നതെന്നും മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ യുഎപിഎ (നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമം) പ്രകാരം അറസ്റ്റിലായ അലൻ ഷുഹൈബിന്റെ അമ്മ സബിത ശേഖർ. പുതുവർഷത്തിൽ അലനുള്ള കത്ത് എന്ന നിലയ്ക്ക് ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് സർക്കാരിനെതിരായ വിമർശനം. ചരിത്രത്തിൽ അത്തരം എല്ലാ സ്വേച്ഛാധിപതികളുടെയും അന്ത്യം ദയനീയമായിരുന്നെന്നും അതിനാൽ ക്ഷമയോടെ കാത്തിരിക്കണമെന്നും മകനെ ഉപദേശിക്കുന്നു. പ്രതീക്ഷയോടെ നിന്റെ അർബൻ സെക്കുലർ അമ്മ എന്നെഴുതിയാണ് കത്ത് അവസാനിപ്പിക്കുന്നത്. 

അലനും താഹയ്ക്കുമെതിരായ യുഎപിഎ കേസ് മുഖ്യമന്ത്രി പിണറായി വിജയൻ ശക്തമായി ന്യായീകരിക്കുന്നതിനിടെയാണ് സബിതയുടെ പ്രതികരണം. പാർട്ടിയിലെ വിഭാഗീയത കാലത്ത് പിണറായിപക്ഷത്ത് ഉറച്ചുനിന്ന നേതാവായിരുന്നു അലന്റെ പിതാവ് ഷുഹൈബ്. താഹയുടെ മാതാവ് ജമീല നാളെ കോഴിക്കോട് സെൻട്രൽ ലൈബ്രറിക്കു മുന്നിൽ നടക്കുന്ന ഉപവാസ സമരത്തിൽ പങ്കെടുക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com