ADVERTISEMENT

തിരുവനന്തപുരം ∙ ക്രിസ്ത്യൻ പള്ളിയിലെ ഇടവകാംഗം മരിച്ചാൽ മൃതദേഹം പള്ളി സെമിത്തേരിയിൽ തന്നെ സംസ്കരിക്കുന്നതിനുള്ള അവകാശം ഉറപ്പാക്കുന്ന ഓർഡിനൻസ് ഇറക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഓർത്തഡോക്സ്–യാക്കോബായ തർക്കത്തെത്തുടർന്നു പലയിടത്തും മൃതദേഹം സംസ്കരിക്കാൻ സാധിക്കാത്ത പ്രതിസന്ധി പരിഹരിക്കാനാണ് ഓർഡിനൻസ്.

ഇതനുസരിച്ച് ഒരു ഇടവകയിലെ ഏത് അംഗം മരിച്ചാലും കുടുംബാംഗങ്ങൾക്കു പള്ളി സെമിത്തേരിയിൽ സംസ്കരിക്കാനുള്ള അവകാശം ലഭിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പല ആളുകൾക്കും തങ്ങളുടെ മുൻഗാമികളെ സംസ്കരിച്ച കുടുംബ കല്ലറയിൽ സംസ്കരിക്കണമെന്നാണ് ആഗ്രഹമെന്നും അതിനുള്ള തടസ്സം നീക്കാനാണു നിയമം കൊണ്ടു വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇടവക പള്ളിയിലെ പുരോഹിതനുമായി യോജിപ്പില്ലാത്തവർക്കു പുറത്ത് എവിടെയെങ്കിലും ചടങ്ങ് നടത്താം. മരിച്ചയാളുടെ  ബന്ധുക്കൾക്കു താൽപര്യമുള്ള പുരോഹിതനെ കൊണ്ട് അവർ തിരഞ്ഞെടുക്കുന്ന മറ്റൊരു സ്ഥലത്തു വച്ച് മരണാനന്തര ചടങ്ങു നടത്താൻ അവകാശം ഉണ്ടാകും. ഇടവക പള്ളിയിലും സെമിത്തേരിയിലും മരണാനന്തര ചടങ്ങുകൾ വേണ്ടെന്നു വയ്ക്കാം. പള്ളിയുടെ അവകാശം മറുഭാഗത്തിന് ആണെങ്കിൽ സെമിത്തേരിയിൽ പുറത്തു നിന്നുള്ളവർക്ക് മരണാനന്തര ചടങ്ങു നടത്താനാവില്ല.

പക്ഷേ സെമിത്തേരിയിൽ സംസ്കരിക്കാൻ എല്ലാ അംഗങ്ങൾക്കും അവകാശമുണ്ടാകും. കുടുംബ കല്ലറയില്ലാത്ത അംഗങ്ങളെയും പള്ളി സെമിത്തേരിയിൽ സംസ്കരിക്കാം. തടഞ്ഞാൽ ഒരു വർഷം വരെ തടവോ 10,000 രൂപ വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം. ജാമ്യം ലഭിക്കാവുന്ന കുറ്റമാണിത്.

കോടതിവിധിക്ക് എതിര്:  ഓർത്തഡോക്സ് സഭ

കോട്ടയം ∙ ഓർഡിനൻസ് നീക്കം സുപ്രീം കോടതി വിധിക്ക് നിരക്കാത്തതെന്ന് മലങ്കര ഓർത്തഡോക്സ് സഭ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്കോറസ്. മലങ്കര ഓർത്തഡോക്സ് സഭാംഗമായിരിക്കുന്ന ഇടവകക്കാർക്ക്  മാത്രമാണ് സഭയുടെ സെമിത്തേരിയിൽ മൃതശരീരം സംസ്കരിക്കപ്പെടുവാൻ അവകാശമുള്ളത്.

ഇടവക വികാരിയാണ് സെമിത്തേരിയുടെ ചുമതലക്കാരൻ. അദ്ദേഹത്തിന്റെ അറിവോ സമ്മതമോ കൂടാതെ ആർക്കും സെമിത്തേരിയിൽ കയറി മൃതശരീരം സംസ്കരിക്കാനാവുമെന്ന വ്യവസ്ഥ സുപ്രീം കോടതി വിധിക്ക് വിരുദ്ധമാണ്; അത് അംഗീകരിക്കാനാവില്ല. 

സെമിത്തേരിയിൽ സമാന്തരഭരണം അനുവദിനീയമല്ലന്ന് സുപ്രീംകോടതി വ്യക്തമാക്കിയതാണ്. കോടതി വിധിയിലൂടെ ഔദ്യോഗികമായി വികാരിമാരായ വൈദികരുടെ അറിവും അനുവാദവും പങ്കാളിത്തവുമില്ലാതെ സെമിത്തേരിയിൽ മൃതശരീരം സംസ്കരിക്കുന്നത് അരാജകത്വം സൃഷ്ടിക്കും – മാർ ദിയസ്കോറസ് പറഞ്ഞു. 

നീതിബോധം വ്യക്തമായി: യാക്കോബായ സഭ

പുത്തൻകുരിശ് ∙ ഓർഡിനൻസ് സർക്കാരിന്റെ നീതി ബോധം വ്യക്തമാക്കുന്നുവെന്നു യാക്കോബായ സുറിയാനി സഭ. വിശ്വാസികളോടുള്ള സർക്കാരിന്റെ കരുതലാണ് ഇൗ ഉത്തരവ്. യാക്കോബായ വിശ്വാസികളുടെ കണ്ണീരിനും വേദനകൾക്കും ഒരു പരിധിവരെ പരിഹാരമാണ് ഓർഡിനൻസ്. കോടതി വിധിയുടെ മറവിൽ മൃതദേഹങ്ങൾ തെരുവിൽ തടയപ്പെട്ടു. മൃതദേഹവുമായി വരുന്നവരെ തല്ലിയോടിക്കുന്ന കാഴ്ച സമൂഹം നിസ്സഹായതയോടെയാണു കണ്ടത്.

കട്ടച്ചിറ ഇടവകയിൽ വൃദ്ധമാതാവിന്റെ മൃതദേഹം സംസ്കരിക്കാൻ കഴിയാതെ 34 ദിവസം വീട്ടുമുറ്റത്തു സൂക്ഷിക്കേണ്ടിവന്നു. മൃത സംസ്കാരത്തിനായി ഉചിതമായ അതോറിറ്റിയെ സമീപിക്കാമെന്ന ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ വിധിയും വരിക്കോലി പള്ളിയിലെ സംസ്കാരം സംബന്ധിച്ച ജസ്റ്റിസ് അരുൺ മിശ്രയുടെ വിധിയും ഓർഡിനൻസ് ഇറക്കാൻ സർക്കാരിനു സഹായകമായെന്നു മീഡിയ സെൽ ചെയർമാൻ ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ് പറഞ്ഞു.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com