ADVERTISEMENT

കോട്ടയം∙ കുട്ടനാട് ഉപതിരഞ്ഞെടുപ്പിലെ കേരള കോൺഗ്രസ് (എം) ജോസ് കെ. മാണി വിഭാഗം സ്ഥാനാർഥിയെ 14,15 തീയതികളിൽ ചരൽക്കുന്നിൽ നടക്കുന്ന സംസ്ഥാന ക്യാംപിൽ പ്രഖ്യാപിക്കും. പ്രഫ. സാജോ കണ്ടക്കുടിയോ ബിനു ഐസക് രാജുവോ സ്ഥാനാർഥിയായേക്കും. അന്തിമ തീരുമാനം സംസ്ഥാന ക്യാംപിൽ എടുക്കും. മുൻ കുട്ടനാട് എംഎൽഎ ഈപ്പൻ കണ്ടക്കുടിയുടെ സഹോദരപുത്രനാണ് പ്രഫ. സാജോ കണ്ടക്കുടി. ജില്ലാ പഞ്ചായത്ത് അംഗമായ ബിനു ഐസക് രാജു പാർട്ടി സംസ്ഥാന സമിതി അംഗമാണ്. 

ഇന്നലെ കോട്ടയത്തു ചേർന്ന ജില്ലാ നേതൃയോഗത്തിൽ കുട്ടനാട് സീറ്റ് പാർട്ടി ഏറ്റെടുക്കണമെന്നു അഭിപ്രായമുയർന്നു. കുട്ടനാട് സീറ്റ് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നു ജോസ് കെ. മാണി മാധ്യമങ്ങളോടു പറ‌‍ഞ്ഞു. 2011ൽ മാണി വിഭാഗത്തിന് പുനലൂർ സീറ്റാണ് അനുവദിച്ചത്. എന്നാൽ കോൺഗ്രസിലെ ചില നീക്കുപോക്കുകളുടെ ഭാഗമായി പുനലൂർ സീറ്റ് അവർക്കു വിട്ടു നൽകി. പകരം കുട്ടനാട് സീറ്റ് എടുത്തു. സീറ്റ് വേണമെന്ന കാര്യം യുഡിഎഫിനെ അറിയിച്ചിട്ടുണ്ടെന്ന് ജോസ് കെ. മാണി പറഞ്ഞു.

കുട്ടനാട് തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ മുന്നൊരുക്കങ്ങൾ ഇന്നലെ യോഗത്തിൽ ചർച്ച ചെയ്തു. തിരഞ്ഞെടുപ്പ് കൺവൻഷനുകൾ, മണ്ഡലം യോഗങ്ങൾ എന്നിവയ്ക്കായി നേതാക്കൾക്കു ചുമതല വീതിച്ചു നൽകി. യുഡിഎഫിലെ ധാരണ അനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളിലെ പദവികൾ തൽക്കാലം ഒഴിയേണ്ടെന്നു തീരുമാനിച്ചു. ഇതു സംബന്ധിച്ച് യുഡിഎഫ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം അറിഞ്ഞ ശേഷം രാജി വച്ചാൽ മതിയെന്നു നിർദേശം നൽകി. ചങ്ങനാശേരി നഗരസഭ ചെയർമാൻ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലാണ് ധാരണ നിലനിൽക്കുന്നത്.

ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, സ്റ്റീഫൻ ജോർജ്, ജോസ് ടോം, എം.എസ്. ജോസ്, പ്രിൻസ് ലൂക്കോസ് തുടങ്ങിയവർ പ്രസംഗിച്ചു.

തർക്കം: കമ്മിഷൻ 13ന് വാദം കേൾക്കും

ന്യൂഡൽഹി ∙ യഥാർഥ കേരള കോൺഗ്രസ് (എം) ഏതെന്നതു സംബന്ധിച്ച തർക്കത്തിൽ നേരിട്ടു വാദമുന്നയിക്കാൻ   13നു ഹാജരാകാൻ ജോസ് കെ.മാണി, പി.ജെ.ജോസഫ് വിഭാഗങ്ങളോടു തിരഞ്ഞെടുപ്പു കമ്മിഷൻ നിർദേശിച്ചു.

 തങ്ങളാണ് യഥാർഥ കേരള കോൺഗ്രസ് (എം) എന്നു പ്രഖ്യാപിക്കണമെന്ന ജോസ്.കെ.മാണിയുടെ അപേക്ഷയിൽ ഭാരവാഹിപ്പട്ടികയും മറ്റും നൽകാൻ കമ്മിഷൻ നേരത്തെ ജോസഫ് പക്ഷത്തോട് ആവശ്യപ്പെട്ടിരുന്നു.

കുട്ടനാട് സീറ്റ് : പിന്നോട്ടില്ലെന്ന് പി.ജെ.ജോസഫ്

കൊച്ചി∙ കുട്ടനാട് സീറ്റിനെ ചൊല്ലിയുള്ള അവകാശവാദത്തിൽ നിന്നു പിന്നോട്ടില്ലെന്നു വ്യക്തമാക്കി കേരള കോൺഗ്രസ് എം (ജോസഫ് വിഭാഗം) ജില്ലാ പ്രസിഡന്റുമാരുടെയും മുതിർന്ന നേതാക്കളുടെയും യോഗം. പി.ജെ. ജോസഫ് – ജോസ് കെ. മാണി വിഭാഗങ്ങൾ തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കെ സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും എന്ന അഭ്യൂഹങ്ങൾക്കിടെ ആയിരുന്നു യോഗം.

 കഴിഞ്ഞ തവണ കുട്ടനാട്ടിൽ മത്സരിച്ച ജേക്കബ് ഏബ്രഹാം, ജോസഫ് വിഭാഗത്തിനൊപ്പമാണ്. ഇക്കുറിയും അദ്ദേഹത്തിന്റെ പേരു പരിഗണനയിലുണ്ട്. ജോസ് കെ. മാണി വിഭാഗത്തിന്റെ അവകാശവാദം അനാവശ്യമാണെന്ന നിലപാടാണു യോഗം സ്വീകരിച്ചത്.

 വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് ഈ നിലപാടു യോഗത്തിലും പുറത്തും ആവർത്തിച്ചു. കുട്ടനാട്ടിൽ കേരള കോൺഗ്രസ് (എം) തന്നെ മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.  ‘‘കുട്ടനാട് കേരള കോൺഗ്രസിന്റെ സീറ്റാണ്. സംശയമില്ലാത്ത കാര്യമാണ്.

 രണ്ടില ചിഹ്നത്തിൽ തന്നെ മത്സരിക്കും. തർക്കത്തിന്റെ കാര്യമില്ല. ജോസ് കെ.മാണി വെറുതേ ഓരോന്നു പറഞ്ഞുകൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പു വിജ്ഞാപനം വന്നതിനു ശേഷം പാർട്ടി സ്ഥാനാർഥിയെ പ്രഖ്യാപിക്കും’’–ജോസഫ് പറഞ്ഞു.

 

English summary: Kuttanad by election

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com