ADVERTISEMENT

കൊച്ചി ∙ നഗരത്തിൽ നിന്നു കാണാതായ പ്ലസ് ടു വിദ്യാർഥിനിയെ കൊലപ്പെടുത്തിയ നിലയിൽ തമിഴ്നാട് വാൽപ്പാറ വരട്ടുപാറയിലെ ടാറ്റ കോഫി എസ്റ്റേറ്റിൽ കണ്ടെത്തി.  കലൂർ ഈസ്റ്റ് കട്ടാക്കര റോഡിൽ വാടകയ്ക്കു താമസിക്കന്ന ആലപ്പുഴ തുറവുർ ചെറുനാട വീട്ടിൽ ആന്റണിയുടെ (എസ്. വിനോദ്) മകൾ ഇവ ആന്റണി (ഗോപിക–17) യാണു കൊല്ലപ്പെട്ടത്. േകസിൽ, ഇവയുടെ സുഹൃത്ത് കുമ്പളം കുറ്റേപ്പറമ്പിൽ സഫർ ഷാ(25)യെ വാൽപ്പാറയിൽ സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. പ്രണയം നിരസിച്ചതിനെ തുടർന്നു കത്തി കൊണ്ടു കുത്തി കൊലപ്പെടുത്തുകയായിരുന്നു എന്നു തെളിവെടുപ്പിനിടെ ഇയാൾ പൊലീസിനോടു പറഞ്ഞു.  

‌കൊച്ചിയിലെ സ്കൂളിൽ നിന്നു ചൊവ്വാഴ്ച ഉച്ചയ്ക്കു രണ്ടോടെ ക്ലാസ് കഴിഞ്ഞിറങ്ങിയ ശേഷം കാണാതായ ഇവയുടെ മൃതദേഹം 10 മണിക്കൂറിനു ശേഷം രാത്രി പന്ത്രണ്ടോടെയാണു പൊലീസ് കണ്ടെത്തിയത്. അതിരപ്പിള്ളി വരെ പോയിവരാം എന്നു പറഞ്ഞാണ് ഇവയെ താൻ കാറിൽ കയറ്റിയതെന്നു സഫർ ഷാ പൊലീസിനോടു പറഞ്ഞിട്ടുണ്ട്. 

ഇവയുടെ നെഞ്ചിൽ ആഴത്തിലുള്ള 4 മുറിവുകളുണ്ട്. ദേഹത്തു ചെറുതും വലുതുമായി ഇരുപതിലധികം മുറിവുകളുണ്ടെന്നും പൊലീസ് അറിയിച്ചു. എറണാകുളം മെഡിക്കൽ കോളജിൽ ഇന്നു പോസ്റ്റ്മോർട്ടം നടത്തും. കാറിൽ വച്ച് കൊലപ്പെടുത്തിയ ശേഷം, മൃതദേഹം തോട്ടത്തിൽ തള്ളിയതായാണു പൊലീസ് നിഗമനം. കുറിയർ കമ്പനി ജീവനക്കാരനാണ് ആന്റണി. ഇവയുടെ അമ്മ യോഗിതയും സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയാണ്. ഒരു സഹോദരിയുണ്ട്. 

eva-safar
ഇവ, സഫർ

കാറിനെക്കുറിച്ച്  അന്വേഷണം വഴിത്തിരിവായി

സർവീസ് ചെയ്യാനെത്തിച്ച കാർ മോഷണം പോയതായി സഫർ ജോലി ചെയ്യുന്ന എറണാകുളം മരടിലെ സർവീസ് സ്റ്റേഷൻ അധികൃതർ ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം മരട് പൊലീസിൽ പരാതി നൽകിയിരുന്നു. സഫറിനെയും കാണാനില്ലെന്നു പരാതിയിൽ പറഞ്ഞിരുന്നു. ഈ പരാതിയിലെ അന്വേഷണത്തിനിടെ, സഫറിന്റെ മൊബൈൽ ലൊക്കേഷൻ പൊലീസ് തിരഞ്ഞു. 

ഇവ തിരിച്ചെത്താതിരുന്നതിനെ തുടർന്നു ചൊവ്വാഴ്ച രാത്രി ഏഴോടെയാണ് ആന്റണി സെൻട്രൽ സ്റ്റേഷനിൽ പരാതി നൽകിയത്. പക്ഷേ, പരാതിയിൽ സഫറിന്റെ കാര്യം പരാമർശിച്ചിരുന്നില്ല. സെൻട്രൽ പൊലീസ് അപ്പോൾ തന്നെ കേസെടുക്കുകയും മറ്റു സ്റ്റേഷനുകളിലേക്കു വിവരം കൈമാറുകയും ചെയ്തു. 

മരടിൽ നിന്നു മോഷണം പോയ കാർ മലക്കപ്പാറ ചെക്പോസ്റ്റ് കടന്നു തമിഴ്നാട്ടിലേക്കു പോയതായി മലക്കപ്പാറ പൊലീസിന് 7 മണിയോടെ വിവരം ലഭിച്ചു. സഫറിന്റെ മൊബൈൽ ലൊക്കേഷൻ വച്ചാണ് ഇതു മനസ്സിലാക്കിയത്. മലക്കപ്പാറ പൊലീസ് പിന്നാലെ പാഞ്ഞു. തമിഴ്നാടിന്റെ ഭാഗമായ വാൽപ്പാറ ചെക്പോസ്റ്റിലും പൊലീസിനും സന്ദേശം കൈമാറി. വാൽപ്പാറ ചെക് പോസ്റ്റെത്തുന്നതിനു മുൻപു തന്നെ, 8 മണിയോടെ, വാട്ടർഫാൾ പൊലീസ് കാർ തടഞ്ഞു. പരിശോധനയിൽ, കാറിൽ പെൺകുട്ടിയെ കണ്ടെത്തിയില്ല. കാറിൽ രക്തക്കറ കണ്ടെത്തിയതോടെ അവർ സഫറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

മലക്കപ്പാറയിൽ നിന്നുള്ള പൊലീസ് സംഘം, സഫറിനെയും കൂട്ടി 4 മണിക്കൂറോളം നടത്തിയ തിരച്ചലിലാണു മൃതദേഹം കണ്ടെത്തിയത്. കേരള അതിർത്തിയിൽ നിന്ന് 20 കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയ തോട്ടം.

eva-father
കൊല്ലപ്പെട്ട കൊച്ചി കതൃക്കടവ് താഞ്ഞിപ്പള്ളിൽ ഇവ ആന്റണിയുടെ മൃതദേഹം വീട്ടിലെത്തിക്കും മുൻപ് പൂക്കളും മെഴുകുതിരിയും ഒരുക്കി വയ്ക്കുന്ന പിതാവ് വിനോദ്. ചിത്രം: മനോരമ

സഫർ  ശല്യക്കാരനെന്ന്  ഇവയുടെ പിതാവ്

മകളെ സഫർ ഏറെ നാളായി ശല്യപ്പെടുത്താറുണ്ടായിരുന്നു എന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു എന്നും ഇവയുടെ പിതാവ് ആന്റണി പറഞ്ഞു. മകളെ ശല്യം ചെയ്യരുതെന്നു സഫറിനെ താക്കീത് ചെയ്തിരുന്നതായും ആന്റണി പറഞ്ഞു. കൃത്രിമം കാട്ടിയ ഫോട്ടോ കാണിച്ചു ഭീഷണിപ്പെടുത്തിയാകണം മകളെ കാറിൽ കയറ്റിക്കൊണ്ടു പോയതെന്നും ആന്റണി ആരോപിച്ചു. 

സൗഹൃദം ഉപേക്ഷിക്കും മുമ്പ് ചില കാര്യങ്ങൾ പറയാനുണ്ട്

കൊച്ചി∙ ഇവയെ കൊല്ലാനുറപ്പിച്ചു തന്നെയാണു സഫർ കൂട്ടിക്കൊണ്ടു പോയതെന്നാണു പൊലീസിന്റെ നിഗമനം.  സൗഹൃദം ഉപേക്ഷിക്കും മുമ്പ് ചില കാര്യങ്ങൾ പറയാനുണ്ടെന്നും വൈകിട്ടു തന്നെ തിരികെ കൊണ്ടു വിടാമെന്നും പറഞ്ഞ് അനുനയിപ്പിച്ചാകണം സഫർ ഇവയെ വാഹനത്തിൽ കയറ്റിയതെന്നും പൊലീസ് പറയുന്നു. 

സഫർഷായുടെ കാറിൽ ഇവ കയറിപ്പോകുന്നതു കണ്ടതായി ഇവയുടെ സഹപാഠികൾ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. കൊച്ചിയിൽ നിന്നു തന്നെ കത്തിയടക്കം വാങ്ങി സൂക്ഷിച്ചിരുന്നതായും പൊലീസ് പറഞ്ഞു. കൊലപാതക ശേഷം പൊള്ളാച്ചിയിലേക്കു കടക്കാനായിരുന്നു ഉദ്ദേശ്യമെന്നും യുവാവ് പൊലീസിനോടു പറഞ്ഞു.

ഇവ ആന്റണിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്നു വാൽപ്പാറയിലും വരട്ടുപാറയിലും എറണാകുളം സിറ്റി സെൻട്രൽ ഇൻസ്പെക്ടർ എസ്. വിജയശങ്കറിന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം നടത്തി. ഇൻക്വസ്റ്റ് നടപടികൾ വൈകുന്നേരത്തോടെ പൂർത്തിയാക്കി, മൃതദേഹം കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. പ്രതിയെ വാട്ടർഫാൾ പൊലീസിൽ നിന്ന് സെൻട്രൽ പൊലീസ് ഏറ്റുവാങ്ങി. 

ഇവയെ കാണാതായതു സംബന്ധിച്ച കേസിൽ കൊലപാതകം അടക്കമുള്ള കൂടുതൽ വകുപ്പുകൾ കൂട്ടിച്ചേർക്കും. പോക്സോ നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തും. സെൻട്രൽ എസ്ഐ കിരൺ സി. നായർ അടക്കമുള്ള സംഘമാണ് ഇൻക്വസ്റ്റ് നടത്തിയത്. മലക്കപ്പാറ എസ്ഐ സി. മുരളീധരൻ, വാൽപ്പാറ ഇൻസ്പെക്ടർ ജി.കെ. ബാലമുരുകൻ, എസ്ഐമാരായ വി. ഉദയസൂര്യൻ, കെ. ബാലകൃഷ്ണൻ, എസ്. നവനീത് എന്നിവരും അന്വേഷണത്തിനും പരിശോധനകൾക്കും നേതൃത്വം നൽകി.

വാൽപാറയ്ക്ക് എന്ന് എഴുതിക്കൊടുത്തു

അതിരപ്പിള്ളി∙ വാൽപാറയ്ക്കു പോകുന്നതായി വാഴച്ചാലിലെ കേരള വനംവകുപ്പ് ചെക്പോസറ്റിൽ സഫർ ഷാ എഴുതിക്കൊടുത്തായി കണ്ടെത്തി. വൈകിട്ട് 4.30ന് ആണ് കാർ വാഴച്ചാൽ ചെക്പോസ്റ്റിൽ എത്തിയത്. കാർ 10 മീറ്ററോളം അകലെ നിർത്തി സഫർ വനംവകുപ്പ് അധികൃതർക്ക് വിവരങ്ങൾ കൈമാറി. ഇവ പുറത്തിറങ്ങിയില്ല. 

കാർ 6.20ന് കേരള – തമിഴ്നാട് അതിർത്തിയിൽ കേരളത്തിന്റെ ഭാഗത്തുള്ള മലക്കപ്പാറ വനം ചെക് പോസ്റ്റിൽ എത്തിയപ്പോൾ, സ്കൂൾ യൂണിഫോമിൽ പെൺകുട്ടിയെ കണ്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് അടുത്തെത്തിയെങ്കിലും വാഹനം നിർത്തി ഇറങ്ങിയതായി വിവരമില്ല. 

എട്ടു മാസമായി സഫറിന്റെ ശല്യം: ഇവയുടെ പിതാവ്

കൊച്ചി∙ ‘ഗർഭസ്ഥ ശിശുവായിരിക്കെ, അവളെ ജീവനോടെ ലഭിക്കില്ലെന്നു ഡോക്ടർമാർ പറഞ്ഞിരുന്നു. ജീവനോടെ കിട്ടിയാൽ തന്നെ, കയ്യും കാലുമൊന്നും ഉണ്ടാകില്ലെന്നും. അവിടെ നിന്നാണു ഞാനവളെ 17 വയസ്സു വരെ വളർത്തിയത്. എല്ലാ ഇല്ലായ്മയിലും അവളും ചേച്ചിയും ഞങ്ങളും വളരെ സന്തോഷത്തോടെയാണു കഴിഞ്ഞത്– ഇവ ആന്റണിയുടെ പിതാവ് ആന്റണി (വിനോദ്) പറഞ്ഞു.  

‘പ്ലസ്ടു ആയതിനാൽ, സ്പെഷൽ ക്ലാസ് ഉണ്ടെന്നു പറഞ്ഞാണു സ്കൂളിലേക്കു പോയത്. 8 മാസമായി സഫർ ഷാ അവളുടെ പിറകെ നടന്നു ശല്യം ചെയ്യുന്നുണ്ട്. അവൾ പലപ്പോഴും പരാതി പറഞ്ഞിട്ടുണ്ട്. ഒരു തവണ സഫറിനെ നേരിൽ കണ്ട്, മകളെ ഇനി ശല്യപ്പെടുത്തരുത് എന്നു പറഞ്ഞിരുന്നു. ശല്യപ്പെടുത്തില്ല എന്ന് അവൻ ഉറപ്പു നൽകുകയും ചെയ്തു. 

വീണ്ടും ശല്യം തുടങ്ങിയ കാര്യം അറിഞ്ഞില്ല. ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സാറ്, സഫറിനോടു സംസാരിച്ചപ്പോൾ, ‘അവളെ കൊല്ലുമെന്ന്’ ഭീഷണിപ്പെടുത്തിയിരുന്നു. കൊല്ലുമെന്നു മകളോടും പലപ്പോഴും പറഞ്ഞിട്ടുണ്ട്. അവൾക്ക് സ്കൂളിൽ പോകുന്നതു പോലും പേടിയായിരുന്നു. കുറെ നാളായി ഞാനാണു മകളെ സ്കൂളിൽ കൊണ്ടാക്കുന്നത്. സ്കൂളിൽ കയറി എന്ന് ഉറപ്പാക്കിയ ശേഷമേ മടങ്ങാറുള്ളൂ. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com