sections
MORE

ഡൽഹിയിലും ബെംഗളൂരുവിലും അറസ്റ്റിലായവരെ ചോദ്യംചെയ്യും

asi-murder-kaliyikkavila
കളിയിക്കാവിള ചെക്ക്പോസ്റ്റിനു സമീപത്തെ റോഡിൽ പ്രതികളെന്നു സംശയിക്കുന്നവരു‍ടെ സിസിടിവിയിൽ പതിഞ്ഞ ദ്യശ്യം. എഎസ്ഐ വെടിയേറ്റു മരിക്കുന്നതിനു മുൻപുള്ള ദൃശ്യമാണിത്.
SHARE

ചെന്നൈ ∙ കളിയിക്കാവിളയിൽ എഎസ്ഐയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ലഭിക്കാനായി കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിലും ബെംഗളൂരുവിലുമായി അറസ്റ്റിലായ 5 പേരെ ചോദ്യം ചെയ്യാൻ തമിഴ്നാട് പൊലീസ്. ഇവരെല്ലാം ഒരേ സംഘത്തിൽപ്പെട്ടവരാണെന്നു വ്യക്തമായതോടെയാണു പൊലീസ് നീക്കം. 6 വർഷം മുൻപു ചെന്നൈ അമ്പത്തൂരിൽ ഹിന്ദു മുന്നണി നേതാവ് സുരേഷ് കുമാർ വധക്കേസിലെ മുഖ്യ പ്രതിയാണ് കളിയിക്കാവിള കേസിൽ പിടികിട്ടാനുള്ള അബ്ദുൽ ഷമീമെന്നും പൊലീസ് സംശയിക്കുന്നു. 

രാജ്യാന്തര ഭീകര സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്നാരോപിച്ചു 3 തമിഴ്നാട് സ്വദേശികളെ സംസ്ഥാന ക്യൂ ബ്രാഞ്ച് കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ അറസ്റ്റ് ചെയ്തിരുന്നു. സുരേഷ് കുമാർ വധക്കേസ് പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചത് ഇവരാണെന്നു കണ്ടെത്തിയിരുന്നു. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ കളിയിക്കാവിള സംഭവത്തിൽ തുമ്പു ലഭിക്കുമെന്ന പ്രതീക്ഷയിലാണു പൊലീസ്. 

asi-murder-check-post
എസ് ഐ വിൽസൻ ഡ്യൂട്ടി ചെയ്തിരുന്ന ഷെഡ്

2014-ലാണു ഹിന്ദു മുന്നണി നേതാവ് കെ.പി.എസ്.സുരേഷ് കുമാർ ചെന്നൈ അമ്പത്തൂരിൽ കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ടു ഷമീമിനു പുറമെ, സി.ഖാജാ മൊയ്തീൻ, അബ്ദുൽ മുത്തലിബ് ഉൾപ്പെടെ ആറു പേർ അറസ്റ്റിലായി. ഇതിൽ ഖാജാ മൊയ്തീൻ ഐഎസിന്റെ തമിഴ്നാട് തലവനാണെന്നു പൊലീസ് പറയുന്നു. കഴിഞ്ഞ വർഷം ജനുവരിയിൽ പ്രതികൾ ജാമ്യത്തിലിറങ്ങി. ഈ മാസം നവംബർവരെ വിചാരണയ്ക്കായി ഇവർ കോടതിയിൽ ഹാജരായിരുന്നു. പിന്നീട് മുങ്ങി. 

സംഘം ബംഗ്ലദേശിലേക്കു കടന്നുവെന്നായിരുന്നു പൊലീസിന്റെ നിഗമനം. ഇതിനു സഹായിച്ചതിന്റെ പേരിലാണു കഴിഞ്ഞ ദിവസം 3 പേരെ ബെംഗളൂരുവിൽ നിന്നു അറസ്റ്റ് ചെയ്തത്. ഖാജാ മൊയ്തീനും അബ്ദുൽ മുത്തലിബും ഇന്നലെ ഡൽഹിയിൽ പിടിയിലായതായി തമിഴ്നാട് പൊലീസിനു വിവരം ലഭിച്ചു. സംഘത്തിന്റെ ആസൂത്രണപ്രകാരം ദക്ഷിണേന്ത്യയിൽ സ്ഫോടനം ലക്ഷ്യമിട്ടാകാം ഷമീം എത്തിയതെന്നു പൊലീസ് സംശയിക്കുന്നു.

തമിഴ്നാട് പൊലീസിനെ കേരളം സഹായിക്കും

തിരുവനന്തപുരം ∙ എഎസ്ഐ വിൽസൺ വെടിയേറ്റു മരിച്ച സംഭവത്തിന്റെ അന്വേഷണത്തിൽ തമിഴ്നാട് പൊലീസിനെ  കേരള പൊലീസ് സഹായിക്കും. തമിഴ്നാട് ഡിജിപി ജെ.കെ.ത്രിപാഠിയും കേരള പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും തിരുവനന്തപുരം വിമാനത്താവളത്തിൽ നടത്തിയ കൂടിക്കാഴ്ചയിലാണു തീരുമാനം. നിലവിൽ സുരക്ഷാ പ്രശ്നങ്ങളില്ലെന്നും അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ കാര്യം വെളിപ്പെടുത്താനാകില്ലെന്നും ബെഹ്റ പറഞ്ഞു. ശംഖുമുഖം ടെർമിനലിലെ വിഐപി ലോഞ്ചിലായിരുന്നു ചർച്ച.

asi-body
എസ്എസ്ഐ വിൽസന്റെ മൃതദേഹം ആശാരിപ്പള്ളം ആശുപത്രിയിൽ നിന്നും ആംബുലൻസിൽ മാർത്താണ്ഡത്തുള്ള വീട്ടിലെത്തിച്ചപ്പോൾ

വിവരം നൽകുന്നവർക്ക് പാരിതോഷികം

∙ എഎസ്ഐ വെടിയേറ്റു മരിച്ച സംഭവത്തിൽ കുറ്റവാളികളെ പിടിക്കാൻ വിവരം നൽകുന്നവർക്കു സംസ്ഥാന പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചു. വിവരം ലഭിക്കുന്നവർ സംസ്ഥാന പൊലീസ് മേധാവിയുടെ കൺട്രോൾ റൂമിൽ അറിയിക്കണം.  ഫോൺ – 0471 2722500,  9497900999. വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തുകയില്ലെന്നു ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. 

കേരളത്തിൽ ജാഗ്രത

 എഎസ്ഐയെ വെടിവച്ചു കൊന്ന കേസിലെ പ്രതികൾ കേരളത്തിലേക്കു കടന്നിട്ടുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നു സംസ്ഥാനത്തു വാഹന പരിശോധനയും ജാഗ്രതയും. പ്രതികൾ കറുത്ത വാഹനത്തിൽ കേരളത്തിലേക്കു കടന്നുവെന്നാണു സംസ്ഥാന പൊലീസിന് അറിയിപ്പു ലഭിച്ചത്. 

കാറിന്റെ നമ്പറടക്കം എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും മുന്നറിയിപ്പു നൽകിയതിനെ തുടർന്നു തലസ്ഥാന ജില്ലയിൽ പൊലീസ് വാഹന പരിശോധന കർശനമാക്കി. പ്രതികളുടെ പക്കൽ തോക്കുള്ളതിനാൽ വാഹന പരിശോധനയ്ക്കിടെ ജാഗ്രത വേണമെന്നും പൊലീസിനു മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA