ADVERTISEMENT

കളിയിക്കവിള ∙  ചെക്ക് പോസ്റ്റിൽ എഎസ്ഐ വിൽസനെ വെടിവച്ച ശേഷം പുറത്തേക്ക് വലിച്ചിഴച്ച് അക്രമികൾ കാലി‍ൽ വെട്ടിയെന്നു സാക്ഷിമൊഴി. സംഭവത്തിൽ പ്രധാന സാക്ഷിയായ കളിയിക്കവിള പെ‍ാലീസ് സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐ: രഘുബാലാജിയുടെ മൊഴിയിലാണു പുതിയ വിവരങ്ങൾ. ബൈക്കിൽ അതുവഴി വരുമ്പോൾ വെടിശബ്ദം കേട്ട് ഓടിയെത്തിയ തന്നെ തോക്കു ചൂണ്ടി നിർത്തിയ ശേഷമാണ് അക്രമികൾ വിൽസനെ വെട്ടിയതെന്നും മൊഴിയിലുണ്ട്. 

എഫ്ഐആറിലെ വിവരങ്ങൾ: രാത്രി 9.20നു കളിയിക്കവിള കോഴിവിള ചെക് പോസ്റ്റിൽ പരിശോധന കഴിഞ്ഞു രഘുബാലാജി ബൈക്കിൽ പള്ളിക്കു സമീപത്തെ പോസ്റ്റിലേക്കു വരുമ്പോഴാണു വെടിശബ്ദം കേട്ടത്. ചെക് പോസ്റ്റിന് അടുത്ത് എത്തിയപ്പോൾ കണ്ടതു, വെടിയേറ്റു തറയിൽ വീണു കിടക്കുന്ന വിത്സനെ രണ്ടു യുവാക്കൾ ചേർന്നു വെളിയിലേക്കു വലിച്ചിഴിച്ചിട്ടു കാലിൽ കത്തികെ‍ാണ്ടു വെട്ടുന്നതാണ്. തടയാൻ ശ്രമിച്ചപ്പോൾ തോക്കു ചൂണ്ടി അനങ്ങാതെ നിൽക്കാൻ ആവശ്യപ്പെട്ടശേഷം ഇരുവരും ഒ‍ാടിപ്പോയി. പ്രദേശവാസികളായ 2 പേർ മാത്രമാണു വെടിവയ്പിനു സാക്ഷികളെന്നായിരുന്നു പെ‍ാലീസിന്റെ ആദ്യ വിശദീകരണം. 

എഎസ്ഐ വധം: പ്രതികളുമായി ബന്ധം സംശയിക്കുന്ന 3 പേർ കസ്റ്റഡിയിൽ

കളിയിക്കാവിള/പാലക്കാട് ∙ അതിർത്തി ചെക്പോസ്റ്റി‍ൽ തമിഴ്നാട് എഎസ്ഐ വൈ.വിൽസനെ വെടിവച്ചും വെട്ടിയും കൊലപ്പെടുത്തിയ കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്നു കരുതുന്ന 3 പേർ കസ്റ്റഡിയിൽ. കോയമ്പത്തൂർ സ്വദേശികളായ 2 പേരെ പാലക്കാട്ടും തിരുവനന്തപുരം പൂന്തുറ സ്വദേശിയെ വീട്ടിൽ നിന്നുമാണു കസ്റ്റഡിയിലെടുത്തത്. പ്രതികളുമായി ഫോൺ മുഖേന ബന്ധം പുലർത്തിയിരുന്നെന്ന സൂചനകളെത്തുടർന്നാണു പാലക്കാട്ട് 2 പേരെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്ത ശേഷം രാത്രി വിട്ടയച്ചു. വർഷങ്ങൾക്കു മുൻപ് തിരുനെൽവേലിയിൽ വർഗീയ സംഘർഷത്തിൽ പ്രതിയായ ആളാണു കസ്റ്റഡിയിലുള്ള പൂന്തുറ സ്വദേശി.

പാലക്കാട് പിടിയിലായ ഒരാൾ മെഡിക്കൽ കോളജ് പരിസരത്തു പെട്ടിക്കട നടത്തുകയാണ്. രണ്ടാമൻ നഗരത്തിൽ വെൽഡിങ് ജോലി ചെയ്യുന്നു. ഇരുവർക്കുമെതിരെ തമിഴ്നാട്ടിൽ കേസുണ്ടെന്നാണു പൊലീസിനു ലഭിച്ച വിവരം. ഉന്നത പൊലീസ് ഓഫിസർമാർ ഉൾപ്പെടെയുള്ളവർ വിശദമായി ചോദ്യം ചെയ്തെങ്കിലും ഇരുവരും അന്വേഷണവുമായി കാര്യമായി സഹകരിച്ചില്ല. തമിഴ്നാട് ക്യൂ ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘവുമായി ചേർന്നു 12 മണിക്കൂറിലേറെ ചോദ്യം ചെയ്തശേഷം ഇവരെ രാത്രിയോടെ വിട്ടയച്ചു.

കെ‍ാല നടത്തിയെന്നു പൊലീസ് കരുതുന്ന തൗഫീക്കും അബ്ദുൽ സലീമും തമിഴ്നാട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന തമിഴ്നാട് നാഷനൽ ലീഗ് എന്ന സംഘടനയിലെ പ്രവർത്തകരാണ്. നിരോധിത അൽ ഉലമ സംഘടനയുടെ പുതിയ രൂപമാണു തമിഴ്നാട് നാഷനൽ ലീഗ്. ‌കഴിഞ്ഞ ദിവസങ്ങളിൽ തമിഴ്നാട് ക്യൂ ബ്രാഞ്ച് ബെംഗളൂരുവിൽ നിന്നും ഡൽഹിയിൽ നിന്നുമായി പിടികൂടിയ 6 പേർ ഇതേ സംഘത്തിലെ അംഗങ്ങളെന്നാണു നിഗമനം. വെടിവയ്പു കേസിലെ പ്രതികളടക്കം സംഘത്തിൽ 13 പേരുണ്ടെന്നു പൊലീസ് കരുതുന്നു.

വിൽസന്റെ കുടുംബത്തിന് ഒരു കോടി

ചെന്നൈ∙ കളിയിക്കാവിള ചെക് പോ സ്റ്റിൽ വെടിയേറ്റു മരിച്ച എഎസ്ഐ വിൽസന്റെ കുടുംബത്തിനു തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നു 1 കോടി നഷ്ടപരിഹാരം അനുവദിച്ചു. കുടുംബത്തിൽ ഒരാൾക്കു നേരത്തെ സർക്കാർ ജോലി വാഗ്ദാനം ചെയ്തിരുന്നു.

കൊല്ലാനെത്തിയ സംഘത്തിൽ നാലു പേർ

എഎസ്ഐ വിൽസനെ വെടിവച്ചവർ കളിയിക്കാവിള വരെ എത്തിയതും രക്ഷപ്പെട്ടതും മറ്റു 2 പേരുടെ സഹായത്തോടെയെന്ന നിഗമനത്തിൽ പൊലീസ്. കാറിലായിരുന്നു നാലംഗസംഘം എത്തിയത്. ചെക്പോസ്റ്റിന് അര കിലോമീറ്റർ അകലെ പിപിഎം ജംക്‌ഷനിൽ ഇറങ്ങിയ തൗഫിഖും അബ്ദുൽ സലീമും ഒ‍ാട്ടോയിൽ ചെക്പോസ്റ്റിനു സമീപമെത്തി. ഓട്ടോയിൽ നിന്നിറങ്ങി ചെക്പോസ്റ്റ് നിരീക്ഷിച്ച് നടന്നുപോയി.

തിരികെ വന്നാണ് എസ്ഐയെ വെടിവച്ച് പള്ളിയുടെ വളപ്പിനുള്ളിൽ കടന്ന് മറുവശത്തുകൂടി രക്ഷപ്പെട്ടത്. രാത്രി 9.15നു ശേഷം അമിതവേഗത്തിൽ ഒരു  കാർ കളിയിക്കാവിള ജംക്‌ഷൻ കടന്ന് പാറശാല ഭാഗത്തേക്കു പോയെന്നും വെടിവയ്പ് നടന്ന സമയത്ത് ഇഞ്ചിവിളയ്ക്ക് സമീപം പാർക്ക് ചെയ്തിരുന്നതായും  പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇൗ കാറിൽ 2 പേരുണ്ടായിരുന്നെന്നാണു സൂചന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com