ADVERTISEMENT

തിരുവനന്തപുരം ∙ 3 നിലകളിലായി വിശാലമായ 8 കിടപ്പുമുറികൾ. മുകൾ നിലയിൽ സ്വിമ്മിങ് പൂൾ. തറ മുഴുവൻ ഇറ്റാലിയൻ മാർബിൾ. 3 പതിറ്റാണ്ടോളം മുൻപ് ആഡംബരത്തിന്റെ അവസാന വാക്കാകുമായിരുന്ന ഇത്തരമൊരു വീട് നിർമിക്കാൻ ഒരു പക്ഷേ തഖിയുദ്ദീൻ വാഹിദിനു മാത്രമേ കഴിയുമായിരുന്നുള്ളൂ. എന്നാൽ സ്വപ്ന വീടിന്റെ നിർമാണം പൂർത്തിയാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല.

3 മാസം മുൻപു വരെ കാടുമൂടി പ്രേതാലയം പോലെയായിരുന്നു വഴുതക്കാട് ഈശ്വര വിലാസം റോഡിലെ ഈ വീട്. ഈയിടെ കാട് വെട്ടിത്തെളിച്ച് നിർമാണം പുനരാരംഭിച്ചു. പെയിന്റിങ് ജോലികളും പുരോഗമിക്കുന്നു. വർക്കല സ്വദേശിയായ തഖിയുദ്ദീനു തിരുവനന്തപുരം നഗരത്തിലൊരു വീട് സ്വപ്നമായിരുന്നു. അങ്ങനെയാണ് ഈശ്വര വിലാസം റോഡിൽ വീടുപണിക്കു തുടക്കമിട്ടത്. റോഡു നിരപ്പിനോടു ചേർന്ന സ്ഥലത്ത് വിശാലമായ പാർക്കിങ് സംവിധാനം.

ആദ്യ നിലയിൽ വിശാലമായ വരാന്തയും സ്വീകരണ മുറിയും അതിഥികളെ സൽക്കരിക്കാനുള്ള സംവിധാനങ്ങളും. രണ്ടും മൂന്നു നിലകളിലായാണ് കിടപ്പുമുറികൾ കൂടുതലും. ടെറസിലെ സ്വിമ്മിങ് പൂളിന് അഭിമുഖമായി കൂറ്റൻ ശിൽപം. ലിഫ്റ്റ് സ്ഥാപിക്കാൻ സൗകര്യമൊരുക്കിയിരുന്നെങ്കിലും നിർമാണം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. തഖിയുദ്ദീൻ മുംബൈ ബാന്ദ്ര വെസ്റ്റിലും പുതിയ വീട് പണിയാൻ സ്ഥലം വാങ്ങിയിരുന്നു. ആ സ്ഥലത്ത് ഇപ്പോൾ വീടുവച്ചു താമസിക്കുന്നത് സച്ചിൻ തെൻഡുൽകർ.

ഈസ്റ്റ് വെസ്റ്റ്: ഇന്ത്യയിലെ ആദ്യ സ്വകാര്യ വിമാനക്കമ്പനി

തിരുവനന്തപുരം ∙ ഇന്ത്യയിലെ ആദ്യ സ്വകാര്യ വിമാനക്കമ്പനിയായിരുന്നു തഖിയുദ്ദീൻ വാഹിദിന്റെ ഈസ്റ്റ്‌ വെസ്റ്റ് എയർലൈൻസ്. വർക്കല സ്വദേശിയായ സാരഥി തഖിയുദ്ദീൻ വാഹിദിന് അന്നു 36 വയസ്സ്. 

സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം തഖിയുദ്ദീൻ ഗൾഫിൽ പോയിരുന്നു. തിരികെയെത്തിയ ശേഷം സഹോദരന്മാർക്കൊപ്പം  മുംബൈയിൽ ഈസ്റ്റ് വെസ്റ്റ് ട്രേഡ് ലിങ്ക്സ് ആൻഡ് ട്രാവൽ എന്ന പേരിൽ ട്രാവൽ ഏജൻസി തുടങ്ങി. എയർ ഇന്ത്യയുടെ ഏറ്റവും ബുക്കിങ്ങുള്ള ഏജൻസിയായി അതു വളർന്നു. 

ഇക്കാലത്താണ് 1991ൽ ഇന്ത്യയിൽ സാമ്പത്തിക ഉദാവൽകരണത്തിന്റെ തുടക്കം. സ്വകാര്യ മേഖലയ്ക്ക് ആദ്യം തുറന്നുകൊടുത്ത മേഖലകളിലൊന്നായിരുന്നു വ്യോമയാനം. ആ വർഷം തന്നെ ഈസ്റ്റ് വെസ്റ്റ് പ്രവർത്തന ലൈസൻസ് നേടി. 1992 ഫെബ്രുവരി 28ന് ആദ്യ സർവീസ്. പാട്ടത്തിനെടുത്ത ബോയിങ് 737–200 വിമാനവുമായി മുംബൈ– കൊച്ചി സെക്ടറിലായിരുന്നു തുടക്കം. എയർ ഇന്ത്യയും ഇന്ത്യൻ എയർലൈൻസും കുത്തകയാക്കി വച്ചിരുന്ന ഇന്ത്യൻ വ്യോമയാന മേഖലയിൽ ഈസ്റ്റ് വെസ്റ്റ് പുതിയ യാത്രാനുഭവം സമ്മാനിച്ചു. 

ആ വർഷം എയർ ഇന്ത്യയിലെ പൈലറ്റ് സമരം നടന്നപ്പോൾ അതിനെ ചെറുക്കാൻ കൂടുതൽ വിമാനങ്ങൾ കൊണ്ടുവരാൻ ഈസ്റ്റ് വെസ്റ്റിനോട് ആവശ്യപ്പെട്ടത് അന്നത്തെ വ്യോമയാന മന്ത്രി മാധവറാവു സിന്ധ്യയാണ്. മൂന്നു വിമാനങ്ങളുണ്ടായിരുന്ന കമ്പനി നാലെണ്ണം കൂടി പാട്ടത്തിനെടുത്തു. തഖിയുദ്ദീൻ തന്നെ വിമാനങ്ങളിൽ പറന്ന് യാത്രക്കാരുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞു. മദർ തെരേസയ്ക്ക് ഈസ്റ്റ് വെസ്റ്റ് വിമാനങ്ങളിൽ യാത്ര സൗജന്യമായിരുന്നു. 

ഈസ്റ്റ് വെസ്റ്റ് ഏറ്റവും വരുമാനമുണ്ടാക്കിയ മാസമായിരുന്നു 1995 ഒക്ടോബർ. തൊട്ടടുത്ത മാസം 13നു തഖിയുദ്ദീൻ കൊല്ലപ്പെട്ടതോടെ ഫലത്തിൽ ഈസ്റ്റ് വെസ്റ്റിന്റെ അന്ത്യവിധി കൂടിയാണു കുറിക്കപ്പെട്ടത്. 1996 ൽ വിമാനങ്ങളുടെ പാട്ടക്കുടിശിക അടയ്ക്കാനാകാതെ കോടതിയിൽ കേസായി. പ്രവർത്തനം അവസാനിച്ചു. ആ വർഷം ഓഗസ്റ്റ് 8 ന് ഈസ്റ്റ് വെസ്റ്റ് സർവീസുകൾ നിലച്ചു.

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com