ADVERTISEMENT

കൊച്ചി∙ ഫ്ലാറ്റുകൾ നിലംപൊത്തിയ ശേഷമുള്ള ആദ്യ ദിനം മരടിൽ നാട്ടുകാരുടെ പ്രക്ഷോഭം. വില്ലനായതു പൊടി. ‌പൊളിഞ്ഞു വീണ 4 ഫ്ലാറ്റുകളിൽ നിന്ന് ഏകദേശം 75,000 ടൺ കോൺക്രീറ്റ് അവശിഷ്ടമാണു കൂന്നുകൂടി കിടക്കുന്നത്. ഫ്ലാറ്റുകൾ പൊളിച്ചപ്പോൾ മുതൽ മരടിലാകെ പൊടിയാണ്. പൊടി പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ടു വീട്ടമ്മമാർ നഗരസഭാധ്യക്ഷ ഉൾപ്പെടെയുള്ളവരെയും ഉദ്യോഗസ്ഥരെയും തടഞ്ഞു വച്ചു. കോൺക്രീറ്റ് അവശിഷ്ടങ്ങൾ പൊടിക്കുന്ന ജോലികൾ എച്ച്2ഒ ഹോളിഫെയ്ത് ഫ്ലാറ്റ് സമുച്ചയത്തിനു സമീപം ആരംഭിച്ചെങ്കിലും നാട്ടുകാർ തടഞ്ഞു.

പൊടി മാറ്റാൻ ഫയർഫോഴ്സ് വാഹനങ്ങൾ എത്തി വെള്ളം പമ്പ് ചെയ്യുമെന്നു ജില്ലാ ഭരണകൂടവും നഗരസഭയും പറഞ്ഞ വാക്കു പാലിക്കപ്പെട്ടില്ല എന്നാരോപിച്ചായിരുന്നു പ്രതിഷേധം. ഒരു പകൽ നീണ്ട പ്രതിഷേധത്തിനൊടുവിൽ നഗരസഭാ സെക്രട്ടറിയുടെ അധികച്ചുമതലയുള്ള ഫോർട്ട്കൊച്ചി സബ് കലക്ടർ സ്നേഹിൽ കുമാർ സിങ് എത്തി പ്രതിഷേധക്കാരോടു സംസാരിച്ചു. അഗ്നിശമന സേനയുടെ ബൗസർ വാഹനങ്ങൾ എത്തിച്ചു വെള്ളം ചീറ്റി പൊടിയടക്കാനുള്ള സംവിധാനം ഉണ്ടാക്കാമെന്ന് അദ്ദേഹം ഉറപ്പു നൽകിയതിനെത്തുടർന്നാണു പ്രതിഷേധക്കാർ അടങ്ങിയത്.

സമീപം താമസിച്ചിരുന്നവരിൽ കുറച്ചുപേർ പൊളിക്കുന്നതിനു മുൻപു തന്നെ വാടക വീടെടുത്തു മാറിയിരുന്നു. ഇവരാരും തിരിച്ചെത്തിയിട്ടില്ല.ഫ്ലാറ്റുകൾ പൊളിച്ചപ്പോൾ ഇവരുടെ വീടുകൾക്കു നാശം സംഭവിച്ചില്ലെന്നതു മാത്രമാണ്  ആശ്വാസം. ഫ്ലാറ്റ് പൊളിച്ച പ്രദേശത്തെ മരങ്ങൾ പൊടിയിൽ കുളിച്ചു നിൽക്കുന്നതിനാൽ ചെറിയ കാറ്റു വീശുമ്പോൾ പോലും പ്രശ്നമാണ്. അവശിഷ്ടങ്ങൾ നീക്കാൻ 70 ദിവസമാണു കമ്പനികൾക്കു നൽകിയിരിക്കുന്നത്. പൊളിച്ച ഫ്ലാറ്റുകളുടെ അവശിഷ്ടം നീക്കുന്നതു 15 ദിവസത്തെ ഇടവേളയ്ക്കു ശേഷം മാത്രമേ ആരംഭിക്കൂ എന്നു കരാറുകാരൻ പറഞ്ഞു. കമ്പി വേർതിരിക്കുന്നതിന് ഇത്രയും സമയം വേണ്ടി വരും എന്നതിനാലാണിത്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com