ADVERTISEMENT

പന്തളം ∙ വിഹായസ്സിൽ വട്ടമിട്ടു പറന്ന കൃഷ്ണപ്പരുന്തിനെയും ആയിരക്കണക്കിനു ഭക്തരെയും സാക്ഷിയാക്കി അയ്യനു ചാർത്താനുള്ള തിരുവാഭരണങ്ങളുമായി ഘോഷയാത്ര  വലിയകോയിക്കൽ ക്ഷേത്രത്തിൽ നിന്നു ശബരിമലയ്ക്കു പുറപ്പെട്ടു. ഇന്നലെ പുലർച്ചെ 4.30ന് സ്രാമ്പിക്കൽ മാളികയിൽ നിന്നു കൊട്ടാരം നിർവാഹക സംഘം ഭാരവാഹികളുടെയും കൊട്ടാര കുടുംബാംഗങ്ങളുടെയും നേതൃത്വത്തിൽ തിരുവാഭരണ പേടകം ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ള  വലിയകോയിക്കൽ ക്ഷേത്രത്തിലേക്ക് എഴുന്നളളിച്ചു. 5 മണിക്ക് തിരുവാഭരണ ദർശനത്തോടെയാണ് ക്ഷേത്ര നട തുറന്നത്. 

11 മണിയോടെ തിരുവാഭരണ പേടക വാഹകസംഘത്തെ മണികണ്ഠനാൽത്തറയിൽ നിന്നു ക്ഷേത്രത്തിലേക്കു സ്വീകരിച്ചു. തുടർന്നു വി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പല്ലക്ക് വാഹകർ ചതയംനാൾ രാമവർമരാജായുടെ അനുഗ്രഹം വാങ്ങി യാത്രയ്ക്കൊരുങ്ങി. 11.50ന് രാമവർമരാജാ, രാജപ്രതിനിധി പ്രദീപ്കുമാർ വർമ എന്നിവരെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ തിരുവാഭരണ മാളികയിൽ നിന്നു ക്ഷേത്രത്തിലേക്കു സ്വീകരിച്ചു. 12ന് നടയടച്ച് പ്രത്യേക പൂജകൾക്കു ശേഷം പൂജിച്ച ഉടവാൾ മേൽശാന്തി തമ്പുരാനു നൽകി. 

വാൾ സ്വീകരിച്ചു പണക്കിഴി ദക്ഷിണയായി മേൽശാന്തിക്കു നൽകിയ ശേഷം തമ്പുരാൻ വാൾ രാജപ്രതിനിധിക്കു കൈമാറി. ഇൗ വാളുമായാണ് രാജപ്രതിനിധി ഘോഷയാത്രയ്ക്കു നേതൃത്വം നൽകുന്നത്. തുടർന്നു പേടകം അടച്ചു പൂട്ടി നീരാജനം ഉഴിഞ്ഞു ജമന്തിപ്പൂമാലയും ചാർത്തി ഘോഷയാത്രയ്ക്കു സജ്ജമാക്കി.  ഈ സമയം കൃഷ്ണപ്പരുന്ത് ക്ഷേത്രത്തിനു മുകളിൽ വട്ടമിട്ടു പറന്നു, ശരണമന്ത്രങ്ങൾ മുഴങ്ങി. 

ആദ്യം രാജപ്രതിനിധി പരിവാരസമേതം പുറത്തേക്ക് എഴുന്നള്ളി. തുടർന്ന്  തിരുവാഭരണ പേടകം പുറത്തേക്ക് എഴുന്നള്ളിച്ചു. ക്ഷേത്ര നടയിൽ കാത്തു നിന്നിരുന്ന കുളത്തിനാൽ ഗംഗാധരൻ പിള്ള പേടകം ശിരസ്സിലേറ്റി. ആചാരവെടി മുഴങ്ങിയതോടെ  ഘോഷയാത്ര പുറപ്പെട്ടു. ഘോഷയാത്ര ഇന്നലെ അയിരൂരിലെത്തി വിശ്രമിച്ചു. ഇന്ന് ഇടപ്പാവൂർ, ഇടക്കുളം, റാന്നി, വടശേരിക്കര, പെരുനാട് വഴി ളാഹ സത്രത്തിൽ തങ്ങും. 

നാളെ രാജാമ്പാറ, പ്ലാപ്പള്ളി, നാറാണംതോട്, അട്ടത്തോട്, കൊല്ലമൂഴി, വലിയാനവട്ടം, ചെറിയാനവട്ടം വഴി ശരംകുത്തിയിലെത്തുന്ന ഘോഷയാത്രയെ ദേവസ്വം അധികൃതർ സന്നിധാനത്തേക്ക് സ്വീകരിക്കും. തുടർന്ന് തിരുവാഭരണം ചാർത്തി ദീപാരാധനയ്ക്ക് നട തുറക്കും. ഈ മുഹൂർത്തത്തിലാണ് പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയുക.

മകരവിളക്ക്: പുല്ലുമേട്ടിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

കുമളി ∙ മകരവിളക്കു ദർശനത്തിനു പുല്ലുമേട്ടിൽ എത്തുന്ന അയ്യപ്പഭക്തർക്കുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. വിവിധ സർക്കാർ വകുപ്പുകൾ തങ്ങളെ ഏൽപിച്ചിരിക്കുന്ന ജോലികൾ ഇന്നു വൈകിട്ടോടെ പൂർത്തിയാക്കും. പുല്ലുമേട് മുതൽ കോഴിക്കാനം വരെ 13 കിലോമീറ്റർ ദൂരത്തിൽ ലൈറ്റുകൾ സ്ഥാപിക്കുന്ന ജോലികൾ റവന്യു വകുപ്പ് ഇതിനകം പൂർത്തിയാക്കി. ഇതിനു പുറമേ പൊലീസിന്റെ അസ്കാ ലൈറ്റുകളും ഉണ്ടാകും.

പൊതുമരാമത്തു വകുപ്പാണു ബാരിക്കേഡുകൾ നിർമിക്കേണ്ടത്. ഇവയുടെ പണി നേരത്തേ പൂർത്തിയാക്കിയാൽ കാട്ടാന നശിപ്പിക്കും എന്നതിനാൽ ഈ ജോലികൾ ഇന്നാണു നടക്കുക. ജല അതോറിറ്റി 6 സ്ഥലങ്ങളിലായി ശുദ്ധജലം ക്രമീകരിക്കും. മൊബൈൽ നെറ്റ്‌വർക് ലഭ്യമാക്കാൻ ബിഎസ്എൻഎൽ താൽക്കാലിക ടവർ സ്ഥാപിച്ചു. കോഴിക്കാനം–കുമളി റൂട്ടിൽ സർവീസിനായി 60 ബസുകളാണു കെഎസ്ആർടിസി എത്തിക്കുന്നത്. കോഴിക്കാനത്തു താൽക്കാലിക ഓപ്പറേറ്റിങ് സെന്റർ പ്രവർത്തിക്കും. മൊബൈൽ വർക്‌ഷോപ് ഉൾപ്പെടെ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. 

ആരോഗ്യ വകുപ്പ്, അഗ്നിരക്ഷാസേന, വനം വകുപ്പ് ഉദ്യോഗസ്ഥരും സർവ സജ്ജീകരണങ്ങളുമായി രംഗത്തുണ്ടാകും. 1500 പൊലീസുകാരെയാണു സുരക്ഷാ ജോലികൾക്കായി നിയോഗിച്ചിരിക്കുന്നത്.  ഇടുക്കി ജില്ലാ പൊലീസ് മേധാവി നേരിട്ട് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കും.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com