ADVERTISEMENT

ന്യൂഡൽഹി ∙ പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ടു കേരളം നൽകിയ ഹർജി സുപ്രീം കോടതി ഫയലിൽ സ്വീകരിച്ചു. പരിഷ്കരിച്ച പൗരത്വനിയമം വിവേചനപരവും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. 

പാർലമെന്റ് അംഗീകരിച്ച നിയമഭേദഗതിക്കെതിരെ പരമോന്നത നീതിപീഠത്തെ സമീപിച്ചതോടെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള പോര് പുതിയ തലത്തിലേക്കുയർന്നു. ഈ നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുന്ന ആദ്യ സംസ്ഥാനമാണു കേരളം. പഞ്ചാബ് അടക്കം കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളും സമാന ഹർജികളുമായി എത്തുമെന്നാണു സൂചന. ഇതിനകം നൽകിയിട്ടുള്ള മറ്റ് 59 ഹർജികൾ സുപ്രീം കോടതി 22 നു പരിഗണിക്കും. 

ഭരണഘടനയുടെ 14-ാം അനുച്ഛേദം ഉറപ്പു നൽകുന്ന തുല്യതയുടെ ലംഘനമാണ് നിയമമെന്നതാണു കേരളത്തിന്റെ മുഖ്യ വാദം. 21, 25 അനുച്ഛേദങ്ങൾ ഉറപ്പു നൽകുന്ന ജീവിക്കാനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള അവകാശവും ആശയ സ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനുമുള്ള അവകാശവും ലംഘിക്കപ്പെടുന്നതായും മുസ്‌ലിംകളോടു വിവേചനം കാട്ടുന്നതായും ഹർജിയിൽ പറയുന്നു. 

പാസ്‌പോർട്ട് ഭേദഗതി നിയമം, വിദേശി നിയമ ഭേദഗതി എന്നിവയും ഭരണഘടനയ്ക്കെതിരാണെന്നും ഇവ കൂടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 

ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയാണു സ്റ്റാൻഡിങ് കൗൺസൽ ജി. പ്രകാശ് മുഖേന ഹർജി നൽകിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com