ADVERTISEMENT

തിരുവനന്തപുരം∙ കളിയിക്കാവിളയിൽ എസ്എസ്ഐയെ വെടിവച്ചു കൊന്നതിനു പിന്നാലെ തമിഴ്നാട് ക്യു ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ വെളിവായതു തലസ്ഥാന ജില്ലയിലെ വിവിധ പോക്കറ്റുകളിലേക്കു നീളുന്ന തീവ്രവാദ ഗ്രൂപ്പുകളുടെ ശൃംഖല.

വടക്കൻ ജില്ലകളെ അപേക്ഷിച്ച് ഇതുവരെ തീവ്രവാദ സംഘങ്ങളുടെ സാന്നിധ്യമില്ലെന്നു കരുതിയിരുന്ന തിരുവനന്തപുരം ജില്ലയിൽ ഇത്തരം സംഘങ്ങൾ സജീവമാണെന്നു വ്യക്തമായതോടെ കർശന ജാഗ്രത പാലിക്കാൻ സിറ്റി പൊലീസ് കമ്മിഷണർക്കും റൂറൽ പൊലീസ് മേധാവിക്കും ഡിജിപി നിർദേശം നൽകി.

ഇത്തരം സംഘങ്ങളുടെ കണ്ണികൾ ഉണ്ടാകാനിടയുള്ള മേഖലകളിൽ ഇന്റലിജൻസ് നിരീക്ഷണവും ശക്തമാക്കി. തമിഴ്നാട് പൊലീസിന്റെ മാതൃകയിൽ സംശയിക്കുന്നവരുടെ പട്ടികയും പൊലീസ് ഉടൻ തയാറാക്കും.

ജില്ലയിലെ കളിയിക്കാവിള, ഇടിച്ചക്കപ്ലാമൂട്, വിതുര, പൂന്തുറ മേഖലകളിലാണു തീവ്രവാദ സംഘങ്ങളുമായി നേരിട്ടും ഫോണിലും ബന്ധപ്പെട്ടവരുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുള്ളത്. ഇവർ‌ തീവ്ര വർഗീയ നിലപാടുള്ളവരാണെന്നു സംസ്ഥാന പൊലീസിനു വിവരമില്ലായിരുന്നു.

അതിർത്തി കടന്നു തമിഴ്നാട്ടിലെ ചില ഏറ്റുമുട്ടലുകളിലും ആക്രമണങ്ങളിലും ഇവർ പങ്കാളികളായിരുന്നു. ഇതു കാരണം കേരള പൊലീസിന്റെ നിരീക്ഷണത്തിൽ ഉൾപ്പെട്ടിരുന്നില്ല.

വർഗീയ സംഘർഷങ്ങൾക്കു കേരളത്തിൽ നിന്നു തമിഴ്നാട്ടിലേക്കും അവിടെ നിന്നു കേരളത്തിലേക്കും സംഘങ്ങളെ തന്ത്രപരമായി നിയോഗിച്ചിരുന്നെന്നാണു പൊലീസ് കരുതുന്നത്.

ജില്ലയിൽ തീവ്രവാദ ഗ്രൂപ്പുകളുടെ സാന്നിധ്യം കണക്കിലെടുത്ത് അതിർത്തി ചെക്പോസ്റ്റുകളിൽ കർശന വാഹന പരിശോധനയ്ക്കും നിർദേശമുണ്ട്.

കഴിഞ്ഞ മാസം മംഗലപുരം പൊലീസ് സ്റ്റേഷൻ പരിധിക്കുള്ളിൽ വിദേശത്തു നിന്നൊരാൾ ഉപഗ്രഹ ഫോൺ എത്തിക്കുകയും ചിലർ തുടരെ ഇത് ഉപയോഗിക്കുകയും ചെയ്തതായി എൻഐഎയ്ക്കു വിവരം ലഭിച്ചിരുന്നു.

കോളുകൾ പരിശോധിച്ചപ്പോൾ സംശയകരമായ സൂചനകളാണു ലഭിച്ചത്. തുടർന്ന് ഇയാളുടെ വീടു പരിശോധിച്ചു ഫോൺ പിടിച്ചെടുക്കാൻ പൊലീസിനു നിർദേശം നൽകി.

പൊലീസ് ആളെ കസ്റ്റഡിയിൽ എടുത്തെങ്കിലും ഫോൺ കണ്ടെത്താനായില്ല. ഫോൺ നശിപ്പിച്ചിരിക്കാമെന്നാണു നിഗമനം. എസ്എസ്ഐ വെടിവച്ചു കൊല്ലപ്പെട്ടതോടെ ഈ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണം കൂടുതൽ ശക്തിപ്പെടുത്തുകയാണു പൊലീസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com