ADVERTISEMENT

തിരുവനന്തപുരം ∙ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ 2015 ലെ വോട്ടർ പട്ടിക മതിയെന്ന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാടിനെ പിന്തുണച്ചു സർക്കാർ.

എൽഡിഎഫും സിപിഎമ്മും 2019 ൽ ലോക്സഭ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച പട്ടിക വേണമെന്നു നേരത്തേ സ്വീകരിച്ച നിലപാടിനെ തള്ളിക്കൊണ്ടാണു സർക്കാർ ഇന്നലെ മലക്കം മറിഞ്ഞത്.

2015 ലെ വോട്ടർ പട്ടികയുമായി മുന്നോട്ടുപോകുമെന്നു മന്ത്രി എ.സി. മൊയ്തീൻ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം അന്തിമമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കമ്മിഷന്റെ തീരുമാനത്തെ മന്ത്രി ഇ.പി.ജയരാജനും പിന്തുണച്ചു.

2015 ലെ വോട്ടർ പട്ടിക ഉപയോഗിക്കുന്നതിനെ സിപിഎം സെക്രട്ടേറിയറ്റും ഇടതുമുന്നണി യോഗവും വിമർശിച്ചിരുന്നു. പുതുതായി 40 ലക്ഷത്തോളം വോട്ടർമാരെ പട്ടികയിൽ ഉൾപ്പെടുത്തേണ്ടി വരുന്നതു ബുദ്ധിമുട്ടു സൃഷ്ടിക്കുമെന്നാണ് ഇരുസമിതികളും അഭിപ്രായപ്പെട്ടിരുന്നത്.

എന്നാൽ സിപിഎമ്മും എൽഡിഎഫും 2019 ലെ പട്ടിക വേണമെന്ന് കമ്മിഷനോടു രേഖാമൂലം ആവശ്യപ്പെട്ടിരുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

2019 ലെ പട്ടിക അനുസരിച്ചു തിരഞ്ഞെടുപ്പു വേണമെന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ കത്തിന് കമ്മിഷൻ മറുപടി നൽകിയിട്ടുണ്ട്.

2015 ലെ പട്ടിക ഒഴിവാക്കുന്നതിലൂടെ അധികച്ചെലവും സമയനഷ്ടവും ഉണ്ടാകുമെന്നും പുതിയ വോട്ടർമാരെ ചേർക്കാൻ എല്ലാ സൗകര്യങ്ങളും നൽകുമെന്നുമാണു മറുപടി.

വാർഡുകൾ പുനർവിഭജിക്കാനുള്ള ഓർഡിനൻസ് ഇന്നലെയും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചില്ല. ഗവർണറുടെ അംഗീകാരം ലഭിച്ചാൽ മാത്രമേ വാർഡ് വിഭജന ജോലികൾ ആരംഭിക്കാൻ സാധിക്കുകയുള്ളൂ.

ഓൺലൈനിലൂടെ മാത്രം അപേക്ഷ

∙ വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ ഓൺലൈനിലൂടെ മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂവെന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്കരൻ. 20 മുതൽ ഫെബ്രുവരി 14 വരെ അപേക്ഷിക്കാം.

പട്ടികയിൽ നിന്നു പേരു നീക്കം ചെയ്യാനും ഈ സമയത്താണ് അപേക്ഷിക്കേണ്ടത്. വെബ് വിലാസം: www.lsgelection.kerala.gov.in.

ഹെക്കോടതി വിശദീകരണം തേടി

കൊച്ചി ∙ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിൽ തയാറാക്കണമെന്നാവശ്യപ്പെടുന്ന ഹർജിയിൽ ഹൈക്കോടതി തിരഞ്ഞെടുപ്പു കമ്മിഷന്റെ വിശദീകരണം തേടി.

നാദാപുരം മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരി, ഫറോക്ക് മുനിസിപ്പൽ കൗൺസിലർ പി. ആഷിഫ് എന്നിവരാണു ഹർജി നൽകിയത്.

തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം നിയമസഭയിലേക്കും ലോക്സഭയിലേക്കും തിരഞ്ഞെടുപ്പു നടന്നിട്ടും പഴയ പട്ടിക പരിഗണിക്കുന്നതു തെറ്റാണെന്നു ഹർജിയിൽ പറയുന്നു. കേസ് രണ്ടാഴ്ച മാറ്റി.

ലോക്സഭാ പട്ടിക ഉപയോഗിക്കണം

കൊച്ചി ∙ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ് 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിൽ തന്നെ നടത്തണമെന്നു കോൺഗ്രസ് പഞ്ചായത്ത് രാജ് സമിതി ചെയർമാൻ എൻ.വേണുഗോപാൽ ആവശ്യപ്പെട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com