sections
MORE

‘അതെന്റെ ധൈര്യമല്ല..’ ; വെറുപ്പിന്റെ അവസാനം സ്നേഹിലിനോടു സ്നേഹം

snehil-maradu
സ്നേഹിൽ കുമാർ സിങ്.
SHARE

കൊച്ചി∙ കഴിഞ്ഞ മൂന്നര മാസവും ആരോപണങ്ങൾക്കു നടുവിലായിരുന്നു പൊളിക്കലിന്റെ ചുമതലയുണ്ടായിരുന്ന നോഡൽ ഓഫിസർ സ്നേഹിൽ കുമാർ സിങ്. അവസാന ഫ്ലാറ്റും ഒരു പ്രശ്നവുമില്ലാതെ തകർന്നു വീണപ്പോൾ തന്റെ നിലപാടുകൾ ശരിയായിരുന്നുവെന്നു വിമർശകർക്കു മുന്നിൽ തെളിയിക്കുകയായിരുന്നു ഫോർട്ട്കൊച്ചി സബ് കലക്ടർ കൂടിയായ സ്നേഹിൽ കുമാർ .

നാട്ടുകാരുടെയും മാധ്യമങ്ങളുടെയും മരട് നഗരസഭയുടെയുമൊന്നും ചോദ്യങ്ങൾക്കു സ്നേഹിൽ കുമാർ മറുപടി പറയുന്നില്ലെന്ന പരാതി ആദ്യം മുതലേ ഉയർന്നിരുന്നു. എന്നാൽ ഇതിനും സ്നേഹിലിനു കൃത്യമായ മറുപടിയുണ്ട്. ‘എനിക്കു മലയാളം അറിയാം, മനസ്സിലാകും, അത്യാവശ്യം സംസാരിക്കും, എന്നാൽ വഴക്കത്തോടെ സംസാരിക്കാൻ അറിയില്ല.

ഒട്ടേറെ ആശങ്കകളുള്ള നാട്ടുകാരോടു സംസാരിക്കുമ്പോൾ വിശ്വസനീയമായ രീതിയിൽ പറഞ്ഞു മനസ്സിലാക്കാൻ കഴിയണം. അതിന് ഈ മലയാളം പോര. പലപ്പോഴും ജനങ്ങളോടു പറഞ്ഞ കാര്യങ്ങൾ തെറ്റിദ്ധരിക്കപ്പെടുന്ന അവസ്ഥയുമുണ്ടായി. എങ്കിലും മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കു കഴിവതും മറുപടി നൽകിയിട്ടുണ്ട്. നഗരസഭാ കൗൺസിലർമാരോട് ആസൂത്രണം ചെയ്യുന്ന എല്ലാ കാര്യങ്ങളെപ്പറ്റിയും മുൻകൂട്ടി സംസാരിച്ചിരുന്നു. ഒന്നും മറച്ചു വച്ചിട്ടില്ല. ആരോപണങ്ങളുടെ കാരണം അറിയില്ല.’

വിജയത്തിന്റെ അവകാശി താൻ മാത്രമല്ലെന്നും സ്നേഹിൽ പറയുന്നു. ‘സാങ്കേതിക സമിതിയും ഫ്ലാറ്റ് പൊളിക്കുന്നതിനു ചുമതലയുണ്ടായിരുന്ന ഏജൻസികളും അവരുടെ ജോലി ഭംഗിയായി ചെയ്തിട്ടുണ്ട്. ഇതാണു വിജയത്തിനു പിന്നിൽ’. ‘ഫ്ലാറ്റ് പൊളിക്കുന്നതിനുള്ള നോഡൽ ഓഫിസറുടെ ചുമതല ഏൽപിച്ചതു സർക്കാർ ആണ്. പ്രായക്കുറവു പ്രതിബന്ധമാണെന്നു കരുതുന്നില്ല. ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ കാര്യത്തിലും വിവിധ ഏജൻസികളിൽ നിന്നും കലക്ടർ, സിറ്റി പൊലീസ് കമ്മിഷണർ എന്നിവരിൽ നിന്നും ഉപദേശം സ്വീകരിച്ചിരുന്നു.

പൊളിക്കലിനുള്ള ഏജൻസിയെ തിരഞ്ഞെടുക്കലായിരുന്നു ഏറ്റവും നിർണായകമായ തീരുമാനമെന്നു സ്നേഹിൽ പറയുന്നു. ‘എഡിഫസ് എൻജിനീയറിങ്, വിജയ് സ്റ്റീൽസ് എന്നിവർ ലഭിക്കാവുന്ന ഏറ്റവും നല്ല ടീം ആയിരുന്നു. കെട്ടിടം പൊളിക്കുന്നതിൽ വിദഗ്ധനായ എസ്.ബി.സർവാതെ കൂടി എത്തിയതോടെ പിഴവറ്റ ആസൂത്രണം നടത്താനായി’.

ഫ്ലാറ്റുകളുടെ പരിസരത്തുള്ളവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ എല്ലാ നടപടികളുമുണ്ടാകുമെന്നും സ്നേഹിൽ പറഞ്ഞു. ഫ്ലാറ്റ് പൊളിക്കുമ്പോൾ ഒരു വീടു പോലും തകരില്ല എന്നു പറയാനുള്ള ധൈര്യം എങ്ങനെയുണ്ടായി എന്ന ചോദ്യത്തിനുള്ള മറുപടി ഇങ്ങനെ.‘അതെന്റെ ധൈര്യമല്ല. കൂടിയാലോചനകൾക്കും പഠനങ്ങൾക്കും ശേഷമാണു ഫ്ലാറ്റുകൾ പൊളിക്കുന്ന രീതി തന്നെ തീരുമാനിച്ചത്. ഇത്തരം നിയന്ത്രിത സ്ഫോടനങ്ങൾ പാളാനുള്ള സാധ്യത വിരളമാണെന്നു സ്ഫോടക വിദഗ്ധർ ഉറപ്പു നൽകിയിരുന്നു.

ഫ്ലാറ്റ് പൊളിക്കുമ്പോൾ വെള്ളത്തിലും കരയിലുമൊക്കെയുണ്ടാകുന്ന ആഘാതം സംബന്ധിച്ചും പഠനം നടന്നു. വിദഗ്ധരെ വിശ്വാസത്തിലെടുത്തു മുന്നോട്ടു പോവുകയായിരുന്നു. ഫ്ലാറ്റൊക്കെ പൊളിച്ചില്ലേ ഇനിയെന്ത്? എന്നു ചോദിച്ചപ്പോൾ, ‘കുറെ ഫയലുകൾ കെട്ടിക്കിടക്കുന്നുണ്ട്. അതു പരിശോധിക്കണം. ’ എന്നു ചിരിയോടെ മറുപടി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA