ADVERTISEMENT

ന്യൂഡൽഹി ∙ ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ടുള്ള പരിശോധനാ വിഷയങ്ങളിൽ കൃത്യത വരുത്താൻ സുപ്രീം കോടതി. ഇതിനായി ബന്ധപ്പെട്ട അഭിഭാഷകരുടെ യോഗം വിളിക്കാൻ നിർദേശിച്ച കോടതി, ബെഞ്ചിന്റെ പരിഗണനാ വിഷയങ്ങൾക്ക് അന്തിമ രൂപം നൽകാൻ മൂന്നാഴ്ച സമയം നൽകി. അതേസമയം, ശബരിമല കേസിലെ പുനഃപരിശോധനാ ഹർജികൾ ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ഒൻപതംഗ ബെഞ്ച് ആവർത്തിച്ചു.

ബെഞ്ചിന്റെ പരിഗണനാ വിഷയങ്ങൾക്കു പുറമേ, ഓരോ അഭിഭാഷകനും വാദിക്കുന്ന ഭാഗങ്ങൾ ഏതൊക്കെ, ഓരോരുത്തരും എത്രസമയം വീതം വാദിക്കും തുടങ്ങിയ കാര്യങ്ങളിലും അഭിഭാഷകർ ധാരണയിലെത്തും. വാദങ്ങൾ ആവർത്തിക്കാതിരിക്കാനാണിത്. മുതിർന്ന അഭിഭാഷകരുടെ നേതൃത്വത്തിൽ 17നു നടക്കുന്ന യോഗത്തിൽ സുപ്രീം കോടതി സെക്രട്ടറി ജനറൽ പങ്കെടുക്കും.

കഴിഞ്ഞ നവംബറിൽ ശബരിമല ഹർജി പരിഗണിച്ച അഞ്ചംഗ ബെഞ്ച്, ഭാവിയിൽ വിശാല ഭരണഘടനാ ബെഞ്ച് പരിഗണിക്കേണ്ട 7 വിഷയങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇവ പുനഃക്രമീകരിക്കണമെന്നു മുതിർന്ന അഭിഭാഷകരായ രാജീവ് ധവാൻ, അഭിഷേക് മനു സിങ്‍വി, ഇന്ദിര ജയ്സിങ് എന്നിവർ ചൂണ്ടിക്കാട്ടി. സോളിസിറ്റർ ജനറൽ തുഷാർ മേത്തയും ഇതിനെ പിന്തുണച്ചു.

തുടർന്നാണു വിഷയം പരിഗണിക്കുന്നതിനു മുൻപു നിയമപ്രശ്നങ്ങളിൽ വ്യക്തത വരുത്തുകയോ കൂട്ടിച്ചേർക്കുകയോ ചെയ്യാമെന്നു കോടതി സമ്മതിച്ചത്. ശബരിമല യുവതീപ്രവേശത്തിനു പുറമേ, ദാവൂദി ബോറ സ്ത്രീകളിലെ ചേലാകർമ്മം, മസ്ജിദുകളിൽ മുസ്‌ലിം സ്ത്രീ പ്രവേശം, പാഴ്സിയല്ലാത്ത ആളെ വിവാഹം ചെയ്ത പാഴ്‌സി വനിതയുടെ ആരാധനാലയ പ്രവേശം എന്നിവയുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങളിലും ഒൻപതംഗ ബെ‍ഞ്ച് വാദം കേൾക്കും. അതേസമയം, ബഹുഭാര്യത്വം അടക്കം വിഷയങ്ങൾ പരിണിഗണിക്കുന്നില്ലെന്നു സോളിസിറ്റർ ജനറലിന്റെ ചോദ്യത്തിനു മറുപടിയായി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

കോടതിയുടെ മുഖ്യപരിഗണന എന്ത്? 

അഞ്ചംഗ ബെഞ്ച് നിർദേശിച്ച 7 ചോദ്യങ്ങളിൽ കേന്ദ്രീകരിച്ചാവും പരിഗണനാ വിഷയങ്ങൾ തയാറാക്കുക. മതാചാരങ്ങളിൽ കോടതിക്ക് ഇടപെടാൻ അധികാരമുണ്ടോ എന്നതു തന്നെയാവും മുഖ്യചോദ്യം.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com