ADVERTISEMENT

ന്യൂഡൽ‌ഹി ∙ പൗരത്വ നിയമത്തിനെതിരെ കേരളം സമർപ്പിച്ച ഹർജി ഏതു ബെഞ്ചാവും പരിഗണിക്കുകയെന്നതു നിർണായകം. നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലുള്ള 59 ഹർജികൾക്കൊപ്പം വേണോ അതോ പ്രത്യേകമായി പരിഗണിക്കണോ എന്നതിലാണു തീരുമാനം വേണ്ടത്.

നിലവിലുള്ള ഹർജികൾ ഭരണഘടനയുടെ 32–ാം അനുച്ഛേദ പ്രകാരം നൽകിയതാണ്.

ഇതു പരിഗണിക്കുന്നതു ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചും. എന്നാൽ, കേന്ദ്രം പാസാക്കിയ നിയമത്തിനെതിരെ സംസ്ഥാനം നൽകിയ ഹർജികൾ കുറച്ചു കൂടി വിശാല ബെഞ്ച് പരിഗണിക്കണമെന്ന നിരീക്ഷണം നേരത്തെ പല കേസുകളിലും സുപ്രീം കോടതി നടത്തിയിട്ടുണ്ട്. ഇതു പരിഗണിച്ചാൽ അഞ്ചംഗ ബെഞ്ചാവും കേരളത്തിന്റെ ഹർജി പരിഗണിക്കുക.

ഒരേ വിഷയത്തിൽ പ്രത്യേക ബെഞ്ചുകൾ പരിഗണിച്ചു വിധി പറയുന്നതിലും പ്രശ്നങ്ങളുണ്ടാവാം. അതൊഴിവാക്കാൻ മൂന്നംഗ ബെഞ്ച് പരിഗണിക്കുന്ന ഹർജികളടക്കം എല്ലാ സമാന വിഷയങ്ങളും പരിഗണിക്കാൻ പുതിയൊരു വിശാല ബെഞ്ചെന്ന തീരുമാനത്തിലേക്കു സുപ്രീം കോടതിയെത്തിയേക്കാം.

കൂടുതൽ സംസ്ഥാന സർക്കാരുകൾ സുപ്രീം കോടതിയെ സമീപിക്കാനിരിക്കെ അതിനാണു സാധ്യത കൂടുതലെന്നു നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കേരളം കണക്കുകൂട്ടിത്തന്നെ

∙ പൗരത്വ നിയമവും അനുബന്ധ നടപടികൾക്കും കേരളമുണ്ടാവില്ലെന്ന പ്രഖ്യാപനത്തിനു പിന്നാലെ, നിയമയുദ്ധവും പ്രഖ്യാപിച്ചതിനു പിന്നിൽ ഒരു സന്ദേശം കൂടിയുണ്ട്; സംസ്ഥാനത്തിന്റെ അധികാരത്തിലേക്കു കേന്ദ്രം ഇടപെടുന്ന സാഹചര്യം തടയുക.

കേന്ദ്രനിർദേശങ്ങൾ നടപ്പാക്കാത്ത സാഹചര്യത്തിൽ രാഷ്ട്രപതി ഭരണം അടക്കമുള്ള നടപടികളിലേക്കു പോലും കേന്ദ്രത്തിനു കടക്കാം. അത്തരമൊരു സാഹചര്യമുണ്ടായാൽ ഭരണഘടനാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നൽകിയ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുകയാണെന്ന വാദം സംസ്ഥാന സർക്കാരിന്റെ നിലപാടിനു ബലമേകുമെന്നു നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഒപ്പം, പൗരത്വ നിയമം, ദേശീയ പൗര റജിസ്റ്റർ, ജനസംഖ്യാ കണക്കെടുപ്പ് തുടങ്ങിയ നടപടികളോടു സഹകരിക്കില്ലെന്ന കേരള നിലപാടിനെ തള്ളിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മുതൽ നിയമമന്ത്രി രവിശങ്കർ പ്രസാദ് വരെയുള്ളവർക്കു വ്യക്തമായ സന്ദേശം നൽകാനും കഴിയും.

കേരള മാതൃകയിൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കണമെന്നു പ്രവർത്തക സമിതി നിർദേശിച്ചിരുന്നു. ഈ നടപടികളിലേക്കു പഞ്ചാബ് അടക്കം സംസ്ഥാനങ്ങൾ കടക്കാനിരിക്കെയാണു കേരളം ഒരു ചുവടുകൂടി വച്ചത്. 

മുസ്‌ലിം ലീഗ് നേരത്തേ സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഈ കേസിൽ കക്ഷി ചേരുകയും ചെയ്തു. 

ഹർജി 131–ാം അനുച്ഛേദ പ്രകാരം

കേന്ദ്ര, സംസ്ഥാന തർക്കങ്ങൾ പരിഗണിക്കാൻ സുപ്രീം കോടതിക്കു പ്രത്യേക അധികാരം നൽകുന്ന ഭരണഘടനയുടെ 131–ാം അനുച്ഛേദം അനുസരിച്ചാണ് കേരളം ഹർജി നൽകിയിട്ടുള്ളത്. ഇതുപ്രകാരം നേരിട്ടു സുപ്രീം കോടതിയെ സമീപിക്കാം. ഹർജി നിലനിൽക്കുമോ എന്നതു സംബന്ധിച്ച വാദം പിന്നീടു നടക്കും.

കഴിഞ്ഞയാഴ്ച സിപിഎം പൊളിറ്റ്ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ നിയമവിദഗ്ധരുമായി ആശയവിനിമയം നടത്തിയിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com