ADVERTISEMENT

തിരുവനന്തപുരം ∙ തദ്ദേശ സ്ഥാപന വാർഡുകളുടെ എണ്ണം കൂട്ടാനുള്ള ഓർഡിനൻസിൽ ഒപ്പിടാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിസമ്മതിച്ചു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കാൻ നിയമസഭ ചേരാമെങ്കിൽ ഈ നിയമം പാസാക്കാനും സഭ ചേർന്നു കൂടേയെന്നും തദ്ദേശമന്ത്രി എ.സി. മൊയ്‌തീനെ കണ്ടപ്പോൾ അദ്ദേഹം ചോദിച്ചു. ഗവർണറെ ചോദ്യം ചെയ്യാനില്ലെന്നു മന്ത്രി പിന്നീടു പ്രതികരിച്ചു.

സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാർഡ് വീതം കൂട്ടാൻ പഞ്ചായത്ത്‍രാജ്, മുനിസിപ്പാലിറ്റി നിയമങ്ങളിൽ ഭേദഗതിക്കാണ് ഓർഡിനൻസ് കൊണ്ടുവരുന്നത്. ജനസംഖ്യാ വർധനയ്ക്ക് ആനുപാതികമായി തദ്ദേശസ്ഥാപന ജനപ്രതിനിധികളുടെ എണ്ണം കൂട്ടുകയാണെന്നായിരുന്നു സർക്കാർ വിശദീകരണം.

ഓർഡിനൻസിൽ ഒപ്പു വയ്ക്കരുതെന്നാവശ്യപ്പെട്ടു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഗവർണർക്കു 2 തവണ കത്ത് നൽകിയിരുന്നു.

2 തവണയും സർക്കാരിനോടു ഗവർണർ വിശദീകരണം തേടി. സെൻസസിനു മുൻപ് ഓർഡിനൻസ് ഒപ്പിടരുതെന്നാണു ചെന്നിത്തല ആവശ്യപ്പെട്ടത്. ഈ വാദം അടിസ്ഥാനമുള്ളതാണെന്ന നിലപാട് ഗവർണർ മന്ത്രിയെ അറിയിക്കുകയും ചെയ്തു.

മന്ത്രിസഭ അംഗീകരിച്ച ഓർഡിനൻസ് ഗവർണർക്കു തിരിച്ചയ്ക്കാം. എന്നാൽ മന്ത്രിസഭ വീണ്ടും അത് അംഗീകരിച്ചു നൽകിയാൽ ഗവർണർക്ക് ഒപ്പുവയ്ക്കേണ്ടിവരും. ഈ മാസം 31നു തുടങ്ങുന്ന നിയമസഭാ ബജറ്റ് സമ്മേളനത്തിൽ ബില്ലായി അവതരിപ്പിക്കുകയുമാകാം.

തുടർനടപടി ആലോചിക്കാൻ മന്ത്രിയുടെ വസതിയിൽ ഉന്നത ഉദ്യോഗസ്ഥർ യോഗം ചേർന്നെങ്കിലും തീരുമാനമായില്ല. മുഖ്യമന്ത്രി പിണറായി വിജയനുമായി മന്ത്രി മൊയ്തീൻ ഇന്നു ചർച്ച നടത്തും.

തിരിച്ചടിയായത് എങ്ങനെ ?

സെൻസസിന് ഒരു വർഷം മുൻപു പ്രാദേശിക ഘടനയിൽ മാറ്റം വരുത്താനാവില്ലെന്ന 1948 ലെ കേന്ദ്ര നിയമത്തെ മറികടക്കാനുള്ള സംസ്ഥാനത്തിന്റെ ശ്രമമാണു തിരിച്ചടിയായത്.

2021ൽ സെൻസസ് നടക്കാനിരിക്കുന്നതിനാൽ 2019 ഡിസംബർ 31നു ശേഷം വാർഡ് വിഭജനംപോലുള്ള ഘടനാമാറ്റങ്ങൾ പാടില്ലെന്ന് സെപ്റ്റംബർ 9നു കേന്ദ്രം അറിയിച്ചിരുന്നു. എന്നാൽ ഡിസംബർ 27നു സർക്കാർ ഓർ‍ഡിനൻസ് അയച്ചു. 

ഡിസംബർ 31നു പൗരത്വ നിയമത്തിൽ പ്രമേയം പാസാക്കാൻ നിയമസഭ ചേർന്നു. സഭ ചേർന്നു കഴിഞ്ഞാൽ ഓർഡിനൻസുകൾക്കു വീണ്ടും ഗവർണറുടെ അംഗീകാരം വാങ്ങണം.

തുടർന്ന് ഗവർണർക്ക് ഓർഡിനൻസ് എത്തിയപ്പോൾ തന്നെ സെൻസസ് ഡയറക്ടറേറ്റിന്റെ വിജ്ഞാപനം നിലവിൽവന്നു. ഇതും ഗവർണർ ചൂണ്ടിക്കാട്ടി.

∙ എന്തുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെന്ന് ഗവർണർക്കേ അറിയൂ. നിയമസഭ ചേർന്ന് നിയമം പാസാക്കിയാൽ ഒപ്പിടേണ്ടത് അഭിപ്രായവ്യത്യാസമുള്ള ഇതേ ഗവർണർ തന്നെയാണ്.

അതു ചെയ്യുമോ എന്നറിയില്ല. ബിൽ ആയി അവതരിപ്പിക്കണോ എന്നു മന്ത്രിസഭ ചേർന്ന് ആലോചിച്ചു തീരുമാനിക്കും. 

 -മന്ത്രി എ.സി. മൊയ്തീൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com