ADVERTISEMENT

കൊച്ചി∙ കാഞ്ഞിരപ്പള്ളി രൂപത മെത്രാനായി മാർ ജോസ് പുളിക്കലിനെയും പാലക്കാട് രൂപതയുടെ സഹായമെത്രാനായി ഫാ. പീറ്റർ കൊച്ചുപുരയ്ക്കലിനെയും സിറോ മലബാർ സഭാ സിനഡ് തിരഞ്ഞെടുത്തു.   

സിനഡിന്റെ തീരുമാനങ്ങൾക്ക് മാർപാപ്പയുടെ അംഗീകാരം ലഭിച്ചതോടെ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പുതിയ നിയമനങ്ങളിൽ ഒപ്പുവച്ചു.

ഇത് സംബന്ധിച്ച പ്രഖ്യാപനം സിനഡിന്റെ സമാപന ദിവസമായ ഇന്നലെ ഇറ്റാലിയൻ സമയം ഉച്ചയ്ക്ക് 12 ന് വത്തിക്കാനിലും ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 4.30ന് സിറോ മലബാർ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലും നടന്നു.

kanjirappally-sahaya-methran
ഫാ. പീറ്റർ കൊച്ചുപുരയ്ക്കൽ.

മേജർ ആർക്കിഎപ്പിസ്കോപ്പൽ ചാൻസലർ ഫാ. വിൻസെന്റ് ചെറുവത്തൂർ പുതിയ നിയമനങ്ങൾ വായിച്ചു. കാഞ്ഞിരപ്പള്ളി രൂപതയുടെ നിയുക്ത മെത്രാൻ മാർ ജോസ് പുളിക്കലിനെ കർദിനാളും സ്ഥാനമൊഴിയുന്ന മെത്രാൻ മാർ മാത്യു അറയ്ക്കലും ചേർന്ന് ഷാളണിയിച്ച് അഭിനന്ദിച്ചു.

പാലക്കാട് രൂപതയുടെ സഹായമെത്രാനായി നിയമിതനായ ഫാ. പീറ്റർ കൊച്ചുപുരയ്ക്കലിനെ കർദിനാളും പാലക്കാട് രൂപത മെത്രാൻ മാർ ജേക്കബ് മനത്തോടത്തും ചേർന്ന് മെത്രാന്റെ സ്ഥാനചിഹ്നങ്ങളണിയിച്ചു.

മാർ മാത്യു അറയ്ക്കൽ 75 വയസ്സ് പൂർത്തിയാക്കി സഭാനിയമപ്രകാരം രാജി സമർപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് മാർ ജോസ് പുളിക്കലിനെ പുതിയ മെത്രാനായി സിനഡ് തിരഞ്ഞെടുത്തത്.

പാലക്കാട് രൂപത ഭരണ നിർവഹണത്തിൽ സഹായമെത്രാൻ വേണമെന്ന രൂപതാധ്യക്ഷന്റെ ആവശ്യപ്രകാരമാണ് പാലക്കാട് രൂപതയ്ക്ക് സഹായമെത്രാനെ സിനഡ് തിരഞ്ഞെടുത്തത്.

മാർ ജോസ് പുളിക്കൽ കാഞ്ഞിരപ്പള്ളിയുടെ മെത്രാനായി സ്ഥാനമേറ്റെടുക്കുന്ന ചടങ്ങും ഫാ. പീറ്റർ കൊച്ചുപുരയ്ക്കലിന്റെ മെത്രാഭിഷേകവും പിന്നീട് നടക്കും.               

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com