ADVERTISEMENT

ശബരിമല ∙ പച്ചക്കാടുകൾക്കു മീതെ ഭക്തിയുടെ രത്നകിരീടം ചൂടി പൊന്നമ്പലമേട്. ഇങ്ങ് താഴെ സൂചിമുഖം പോലെ ഏകാഗ്രമായ മനസ്സുമായി ഭക്തിയിൽ ഒന്നുചേർന്ന് ജനസഹസ്രം. മൂർധാവിൽ മുട്ടിച്ചുവച്ച എണ്ണമറ്റ തൊഴുകൈകൾ ഉന്നംപിടിച്ച് നിന്നത് ഒരേ ലക്ഷ്യത്തിലേക്ക്.

ആനന്ദത്തിന്റെ അപൂർവ കിരണം തേടി നിന്നവർക്ക് മുന്നിൽ മകരജ്യോതി തെളിഞ്ഞു. കൈകൂപ്പി നിന്ന ഭക്തസാഗരം മനം നിറഞ്ഞു വിളിച്ചു, സ്വാമിയേ ശരണമയ്യപ്പ... !

കണ്ട് കൊതി തീരാതെ, തൊഴുത് കൊതി തീരാതെ പുരുഷാരം. മലമുകളിൽ തെളിഞ്ഞ വിളക്കിൽ നിന്ന് ഒരു നുള്ളുവെട്ടം അണയാജ്വാലയായി മനസ്സിൽ കത്തിച്ചുവച്ച് ഭക്തലക്ഷങ്ങളുടെ മലയിറക്കം.

മണികണ്ഠനു ചാർത്താനുള്ള തിരുവാഭരണങ്ങളുടെ വരവ് മകരജ്യോതിക്കു മുൻപ് ഭക്തർക്ക് മറ്റൊരു സുകൃത ദർശനമായി. തിരുവാഭരണ ഘോഷയാത്ര 5.45ന് ശരംകുത്തിയിൽ എത്തിയിരുന്നു. ഭക്തിനിർഭരമായ വരവേൽപായിരുന്നു അവിടെ.

ഭക്തസമുദ്രത്തിലൂടെ ആഭരണ പേടകങ്ങൾ പതിനെട്ടാം പടിയിലേക്ക്. തന്ത്രിയും മേൽശാന്തിയും ചേർന്ന് പേടകം ശ്രീകോവിലിലേക്ക് സ്വീകരിച്ചു. 6.45ന് തിരുവാഭരണം ചാർത്തി അയ്യന് ദീപാരാധന നടത്തി.

അകലെ പൊന്നമ്പലമേടും ജ്യോതി തെളിച്ച് കർപ്പൂരപ്രിയന് ദീപാരാധനയൊരുക്കി. ജ്യോതി ആദ്യം തെളിഞ്ഞത് 6.51ന്. പിന്നെ നിമിഷങ്ങളുടെ ഇടവേളകൾക്കു ശേഷം രണ്ട് തവണ കൂടി. അപ്പോഴൊക്കെയും തീർഥാടകരുടെ ശരണാരവം അയ്യപ്പന്റെ പൂങ്കാവനങ്ങളെ മുഖരിതമാക്കി.

സന്നിധാനവും പമ്പയും കവിഞ്ഞ്, വഴികളും ഉപവഴികളും നിറഞ്ഞ്, ജ്യോതി ദർശിക്കാവുന്ന സ്ഥലങ്ങളിലേക്കെല്ലാം ഭക്തർ നിറഞ്ഞു. ഭക്തർ കൂട്ടമായി തിങ്ങിയ സ്ഥലങ്ങളിലെല്ലാം ദേവസ്വം മരാമത്ത് വിഭാഗം ബാരിക്കേഡ് നിർമിച്ചിരുന്നു.

വൈദ്യുതി ബോർഡ് എല്ലായിടത്തും വെളിച്ചവുമെത്തിച്ചു. ഇന്നലെ ഉച്ച മുതൽ പമ്പയിൽ നിന്ന് മലകയറ്റം നിയന്ത്രിച്ചിരുന്നു. രാത്രി ഒൻപതരയ്ക്ക് മാളികപ്പുറത്തെ എഴുന്നള്ളിപ്പ് നടക്കുമ്പോഴും ഒട്ടേറെ ഭക്തർ സന്നിധാനത്ത് തങ്ങുകയായിരുന്നു.

സമാധാനപരവും തിരക്കേറിയതുമായ ഈ തീർഥാടനകാലം 21ന് നട അടയ്ക്കുന്നതോടെ സമാപിക്കും.

എന്നാൽ 20 വരെയേ ദർശനം ഉണ്ടാകൂ. ചരിത്രത്തിൽ ഏറ്റവും കൂടുതൽ തീർഥാടകരെത്തിയ തീർഥാടന കാലവുമായിരുന്നു ഇത്. ജ്യോതി തെളിഞ്ഞതിനു പിന്നാലെ സന്നിധാനത്തിൽ നിന്നു താഴേക്ക് ഭക്തരുടെ ഒഴുക്കു തുടങ്ങി.

പിന്നെ പമ്പയിൽ നിന്നുള്ള വഴികളിലെല്ലാം വാഹനക്കുരുക്ക്. അത് രാത്രി വൈകിയും തുടർന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com