sections
MORE

അപകടത്തിൽ ഏകമകൻ മരിച്ചു; 54-ാം വയസില്‍ ഇരട്ടക്കുട്ടികളുടെ അമ്മ

thrissur-twins
ലളിത ഇരട്ടക്കുഞ്ഞുങ്ങൾക്കൊപ്പം.
SHARE

മുളങ്കുന്നത്തുകാവ് (തൃശൂർ) ∙ കൈവിട്ടുപോയ സമ്മാനം ഇരട്ടിയായി തിരിച്ചുകിട്ടിയ കുട്ടിയെപ്പോലെയാണ് ഈ അമ്മ. അപകടത്തിൽ മരിച്ചുപോയ ഏകമകനു പകരം 2 ആൺകുട്ടികൾ! ഒരു കുഞ്ഞിനെപ്പോലെ വാശിപിടിച്ച് 54കാരിയായ ഈ അമ്മ നേടിയെടുത്ത രണ്ടോമനകൾ.

തലോർ ചേന്ദേക്കാട്ടിൽ മണിയുടെ ഭാര്യ ലളിതയാണു മരണദുഃഖത്തിൽ നിന്നു ജന്മസന്തോഷത്തിന്റെ കൈപിടിച്ചു ജീവിതത്തിലേക്കു തിരികെക്കയറുന്നത്.

2017 മേയ് 17നു മരത്താക്കരയിൽ ബൈക്കിൽ ലോറി ഇടിച്ചാണ് ഏക മകൻ ഗോപിക്കുട്ടൻ മരിച്ചത്. മണിയും ലളിതയും ഒറ്റപ്പെട്ടു. എത്ര ശ്രമിച്ചിട്ടും പുത്രവിയോഗം മറക്കാനാവാതെ വന്നതോടെ ലളിത ആ ആഗ്രഹം പറഞ്ഞു: എനിക്ക് ഇനിയും മക്കൾ വേണം.
35–ാം വയസ്സിൽ പ്രസവം നിർത്തിയതാണ്.

ആർത്തവവിരാമവും പ്രായാധിക്യവുമായി. എന്നാൽ ലളിത പിൻമാറാൻ കൂട്ടാക്കിയില്ല. മണി ലളിതയെയും കൂട്ടി ഗൈനക്കോളജി വിദഗ്ധൻ ഡോ. കൃഷ്ണൻകുട്ടിയെ കണ്ടു. അദ്ദേഹം ഇതൊരു വെല്ലുവിളിയായി ഏറ്റെടുത്തു.

ഏഴുമാസം നീണ്ട ചികിത്സ. ഓട്ടോഡ്രൈവറായ മണിക്കു താങ്ങാനാവാത്ത ചികിത്സാചെലവ് ഡോക്ടർ വഹിച്ചു. കൃത്രിമഗർഭധാരണത്തിൽ 3 കുഞ്ഞുങ്ങൾ.!

പ്രായാധിക്യവും ആരോഗ്യപ്രശ്നവും വീണ്ടും വെല്ലുവിളിയായി. ഒരേസമയം അമ്മയും കുഞ്ഞുങ്ങളും നഷ്ടപ്പെടുമെന്ന ആശങ്കയുടെ ദിനങ്ങൾ. മൂന്നിൽ ഒരു കുഞ്ഞിനെ പ്രസവിക്കും മുൻപേ നഷ്ടമായി. എന്നിട്ടും തളരാതെ ആ അമ്മ പിടിച്ചു നിന്നു.

നവംബർ 2നു മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒന്നരമാസം ആശുപത്രിക്കിടക്കയിൽ. ഡിസംബർ 17നു പ്രസവം. 2 ആൺകുട്ടികൾ.

പക്ഷേ, 33 ആഴ്ച മാത്രം വളർച്ച; പോരാത്തതിനു തൂക്കക്കുറവും. നവജാതശിശു തീവ്രപരിചരണവിഭാഗത്തിലെ വെന്റിലേറ്ററിലായി കുട്ടികൾ. പേറ്റുനോവോടെ അപ്പോഴും അമ്മ വാതിൽക്കൽ കാവൽ.

ശിശുരോഗ വിഭാഗം മേധാവി ഡോ. കെ.കെ. പുരുഷോത്തമന്റെ നേതൃത്വത്തിൽ ഡോ.പാർവതി, ഡോ.ഫെബി, ഡോ.സിതാര, ഡോ.റോസ് മേരി, സ്റ്റാഫ് നഴ്‌സുമാർ, ഗൈനക്കോളജി വിഭാഗം ഡോക്ടർമാർ എന്നിവർ നടത്തിയ കൂട്ടായ പോരാട്ടം ഒടുവിൽ വിജയം കണ്ടു.

രണ്ടരമാസം നീണ്ട ചികിത്സയ്ക്കൊടുവിൽ ആരോഗ്യം വീണ്ടെടുത്ത് അമ്മയും 2 കുഞ്ഞുങ്ങളും ഇന്ന് ആശുപത്രി വിടും. ഗോപിക്കുട്ടന്റെ വേർപാടിന്റെ കണ്ണീരുറഞ്ഞ വീട്ടിൽ നിറയും, രണ്ടോമനകളുടെ കളിചിരികൾ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA