ADVERTISEMENT

ന്യൂഡൽഹി ∙ കെപിസിസി പുനഃസംഘടന സംബന്ധിച്ച തുടർചർച്ചകൾക്കായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും വീണ്ടും ഡൽഹിക്ക്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനൊപ്പം ഇരുവരും ഇന്നു ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. അംഗീകാരത്തിനായി ഹൈക്കമാൻഡിനു കൈമാറാനുള്ള ഭാരവാഹിപ്പട്ടികയ്ക്ക് അന്തിമ രൂപമായിട്ടില്ലെന്നും മൂവരും തമ്മിലുള്ള ചർച്ചയിൽ ധാരണയുണ്ടാക്കാനാണു ശ്രമമെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു. 

കഴിഞ്ഞ ദിവസം പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുമായി ചർച്ച നടത്തിയ ശേഷം രമേശും ഉമ്മൻ ചാണ്ടിയും മടങ്ങിയിരുന്നു. ഡൽഹിയിൽ തങ്ങിയ മുല്ലപ്പള്ളി മുതിർന്ന നേതാവ് എ.കെ.ആന്റണി, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുമായി ഇന്നലെ കൂടിക്കാഴ്ച നടത്തി. 

കഴിഞ്ഞ നവംബറിൽ കൈമാറിയ ഭാരവാഹികളുടെ ജംബോ പട്ടിക അംഗീകരിക്കില്ലെന്നു ഹൈക്കമാൻഡ് വ്യക്തമാക്കിയ സാഹചര്യത്തിൽ, എണ്ണം കുറച്ചു പട്ടികയ്ക്ക് അംഗീകാരം നേടിയെടുക്കാനുള്ള ശ്രമത്തിലാണു സംസ്ഥാന നേതാക്കൾ. ജനറൽ സെക്രട്ടറി, സെക്രട്ടറി എന്നിവയുടെ എണ്ണത്തിൽ വിട്ടുവീഴ്ചയ്ക്കു ഗ്രൂപ്പ് നേതാക്കൾ തയാറാകണമെന്ന നിലപാടിലാണു മുല്ലപ്പള്ളി. തങ്ങൾക്കു മതിയായ പ്രാതിനിധ്യം നൽകണമെന്നു കാട്ടി ഗ്രൂപ്പുകളുടെ ഭാഗമല്ലാത്ത യുവനിരയും മുല്ലപ്പള്ളിക്കു‌മേൽ സമ്മർദം ചെലുത്തുന്നുണ്ട്.

ഇതിനിടെ, ഒരാൾക്ക് ഒരു പദവി എന്ന നയം കെപിസിസിയിൽ നടപ്പാക്കണമെന്നും ഗ്രൂപ്പില്ലാത്തവരെയും പരിഗണിക്കണമെന്നും മുതിർന്ന നേതാവ് കെ.വി. തോമസ് ആവശ്യപ്പെട്ടു. 

ലോക്സഭാ സ്ഥാനാർഥിത്വം നിഷേധിച്ചതിനു പകരം പാർട്ടിയിൽ ഉചിതമായ പദവി നൽകണമെന്നു വാദിക്കുന്ന അദ്ദേഹം ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ചയ്ക്കു ഡൽഹിയിലെത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com