ADVERTISEMENT

കൊച്ചി ∙ ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിനായി സർക്കാർതലത്തിൽ നടപ്പിലാക്കുന്ന പദ്ധതികളിൽ ക്രൈസ്തവർ വിവേചനം അനുഭവിക്കുന്നതായി സിറോ മലബാർ സഭാ സിനഡ്. നിയമപരമായി തന്നെ ന്യൂനപക്ഷക്ഷേമ വകുപ്പ് ചെലവിടുന്ന തുകയുടെ 80% ഒരു ന്യൂനപക്ഷ വിഭാഗത്തിനു മാത്രമായി സംവരണം ചെയ്തിരിക്കുകയാണ്. 

ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് നിയമിച്ച പാലോളി മുഹമ്മദ്കുട്ടി കമ്മിറ്റിയുടെ കണ്ടെത്തൽ പ്രകാരം സാമ്പത്തിക അവശത ഈ വിഭാഗത്തിന് മാത്രമാണെന്ന തെറ്റായ നിഗമനത്തിൽ നിന്നാണ് 80% സഹായം ഈ വിഭാഗത്തിനും 20% ന്യൂനപക്ഷങ്ങളിലെ മറ്റ് അഞ്ച് വിഭാഗങ്ങൾക്കുമെന്ന ഫോർമുല നിർണയിക്കപ്പെട്ടത്. ഈ നടപടി ജനാധിപത്യവിരുദ്ധവും മതനിരപേക്ഷ മൂല്യങ്ങൾക്ക് നിരക്കാത്തതുമാകയാൽ നീതി നടപ്പിലാക്കണമെന്ന് സിനഡ് സർക്കാരിനോട് ആവശ്യപ്പെട്ടു. ന്യൂനപക്ഷ ആനുകൂല്യങ്ങൾ ജനസംഖ്യാനുപാതികമായി ലഭ്യമാക്കാനുള്ള ക്രമീകരണം സർക്കാർ നടപ്പിലാക്കണം.

പിഎസ്‌സി, യുപിഎസ്‌സി, ബാങ്ക്, റെയിൽവേ തുടങ്ങിയ മത്സര പരീക്ഷകൾക്കായി സൗജന്യ കോച്ചിങ് സെന്ററുകൾ സർക്കാർ ചെലവിൽ ന്യൂനപക്ഷ വകുപ്പിന് കീഴിൽ നടത്തുന്ന കേരളത്തിലെ 45 കേന്ദ്രങ്ങൾ എല്ലാം തന്നെ ഒരു വിഭാഗത്തിനു മാത്രമായി നൽകിയിരിക്കുന്നതും സാമൂഹിക നീതിക്കു നിരക്കാത്തതാണ്. കൂടാതെ, ജില്ലാതല ന്യൂനപക്ഷ കോഡിനേഷൻ കമ്മിറ്റികളിൽ ഇപ്പോൾ കേരളത്തിൽ നിലവിലുള്ള 39 കമ്മിറ്റി അംഗങ്ങളിൽ 30 പേരും ഒരേ സമുദായത്തിൽ നിന്നായത് നീതിപൂർവമാണോ എന്നു വിലയിരുത്തേണ്ടതു സർക്കാരാണ് എന്നും സിനഡ് ചൂണ്ടിക്കാട്ടി. 

കുർബാനക്രമത്തിന് അംഗീകാരം

കൊച്ചി ∙ സിറോ മലബാർ സഭയുടെ പരിഷ്കരിച്ച കുർബാന ക്രമം സഭാ സിനഡ് ഏകകണ്ഠമായി അംഗീകരിച്ചു. പരിഷ്കരിച്ച കുർബാന ക്രമം മാർപാപ്പയുടെ അംഗീകാരം ലഭിക്കുന്ന മുറയ്ക്കു സഭയിൽ നടപ്പാക്കും. 1989ൽ നടപ്പാക്കിയ സിറോ മലബാർ കുർബാനക്രമത്തിന്റെ പരിഷ്കരണം സഭ ഏറെക്കാലമായി ആഗ്രഹിക്കുന്നതാണ്. കുർബാനക്രമത്തിന്റെ നവീകരണത്തെക്കുറിച്ചു വിവിധ രൂപതകളിൽനിന്നു ലഭിച്ച നിർദേശങ്ങൾ സഭയുടെ കേന്ദ്ര ലിറ്റർജി കമ്മിഷനും പ്രത്യേക ആരാധനാക്രമ സമിതിയും പരിശോധിച്ചാണു പരിഷ്കരിച്ച ആരാധനാക്രമം തയാറാക്കിയത്.

കുർബാനയുടെ അർപ്പണ രീതിയിലെ ഏകീകരണം എന്ന ലക്ഷ്യത്തോടെ 1999 നവംബറിൽ നടന്ന സിനഡിൽ എടുത്ത തീരുമാനമാണ് സിനഡിന്റെ ഒൗദ്യോഗിക നിലപാടെന്നു സിനഡ് വിശദീകരിച്ചു. 

കാർഷിക പ്രശ്നങ്ങളിൽ പൊതു സമൂഹവുമായി ചേർന്നു കർഷകരുടെ ഉന്നമനത്തിനായി പ്രവർത്തിക്കാൻ സിനഡ് തീരുമാനിച്ചു. കർഷക പെൻഷൻ 10,000 രൂപയാക്കുക, കാർഷിക കടങ്ങൾ എഴുതിത്തള്ളുക, കാർഷിക ഉൽപന്നങ്ങൾക്ക് എം.എസ്.സ്വാമിനാഥൻ കമ്മിഷൻ നിർദേശിച്ച പ്രകാരമുള്ള താങ്ങുവില നൽകുക, കാർഷിക ജോലികൾ തൊഴിലുറപ്പുപദ്ധതിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ നിർദേശങ്ങളും സിനഡ് മുന്നോട്ടുവച്ചു. 

‘അഭയാർഥികൾക്ക് പൗരത്വം നൽകണം’

കൊച്ചി ∙ തിരിച്ചുപോകാൻ ഇടമില്ലാത്തവിധം രാജ്യത്തുള്ള അഭയാർഥികളെ മത പരിഗണന കൂടാതെ സ്വീകരിക്കാനും പൗരത്വം നൽകാനും സർക്കാർ തയാറാവണമെന്നു സിറോ മലബാർ സഭാ സിനഡ്.  പൗരത്വ നിയമത്തെക്കുറിച്ചു നിലനിൽക്കുന്ന ആശങ്കകളും അസ്വസ്ഥതകളും പരിഹരിക്കാൻ സർക്കാർ തയാറാവണം. ഭാരതത്തിന്റെ പവിത്രമായ ഭരണഘടന വികലമാകാതെ പരിരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താൻ നിയമ നിർമാതാക്കൾ ശ്രദ്ധിക്കണമെന്നു സിറോ മലബാർ ദേവാലയങ്ങളിൽ കുർബാന മധ്യേ വായിക്കാൻ സിനഡ് പുറത്തിറക്കിയ സർക്കുലറിൽ നിർദേശിക്കുന്നു. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളിലൊന്നായ മതനിരപേക്ഷത ഇൗ നിയമം മൂലം സംശയത്തിന്റെ ദൃഷ്ടിയിലാവാൻ ഇടവരരുത്.

പുതുതായി പൗരത്വം നൽകുന്നവരെ പുനരധിവസിപ്പിക്കുമ്പോൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സാംസ്കാരിക പൈതൃകം കൂടി സർക്കാർ പരിഗണിക്കണം. അഭയാർഥികളിൽ ചിലരെ മതാടിസ്ഥാനത്തിൽ വേർതിരിക്കാനും പൗരത്വം നിഷേധിച്ചു സ്ഥിരമായി അഭയാർഥി ക്യാംപുകളിൽ പാർപ്പിക്കാനുമുള്ള നീക്കം ഉപേക്ഷിക്കണം. സമരങ്ങളെ ക്രൂരമായി അടിച്ചമർത്തി നിശബ്ദമാക്കാൻ ശ്രമിക്കുന്നതും അധാർമികമാണ്. ഭാരതം എന്ന മഹത്തായ രാജ്യത്തു മത നിരപേക്ഷതയും തുല്യനീതിയും നടപ്പാവുന്നുവെന്ന് ഓരോ പൗരനെയും ബോധ്യപ്പെടുത്താൻ ഭരണകൂടത്തിന് ഉത്തരവാദിത്തമുണ്ടെന്നും സർക്കുലറിൽ സിറോ മലബാർ സഭാ സിനഡ് വ്യക്തമാക്കി. 

English Summary: Syro Malabar Synod 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com