ADVERTISEMENT

കോഴിക്കോട് ∙ മണാശ്ശേരിയിലെ ഇരട്ടക്കൊലപാതകക്കേസിൽ അറസ്റ്റിലായ ബിർജു അമ്മ ജയവല്ലിയെ കൊലപ്പെടുത്തിയതു സ്വത്ത് സ്വന്തമാക്കുന്നതിനു വേണ്ടിയെന്നു ക്രൈം ബ്രാഞ്ച്. 

ബിർജുവിന്റെ കുടുംബം കാരശ്ശേരി പഞ്ചായത്തിലെ ഭൂപ്രഭുക്കളായിരുന്നു. ബിർജുവിന്റെ അച്ഛൻ പാലിയിൽ വാസുവിന് അൻപതേക്കറോളം ഭൂമി പാരമ്പര്യസ്വത്തായി ലഭിച്ചിരുന്നു. എന്നാൽ ഇതിൽ ഭൂരിഭാഗവും വാസുവിന്റെ കാലത്ത് അന്യാധീനപ്പെട്ടു.

1984 ൽ വാസു ആത്മഹത്യ ചെയ്യുമ്പോൾ ഏഴേക്കർ ഭൂമി മാത്രമായിരുന്നു ബാക്കി. വാസുവിന്റെ മരണത്തിനു ശേഷം ഈ ഭൂമി ജയവല്ലിയുടെയും മകൻ ബിർജുവിന്റെയും ഉടമസ്ഥതയിലായി. ബാധ്യതകൾ തീർക്കാനായി ജയവല്ലി ഈ ഭൂമി 14 ലക്ഷം രൂപയ്ക്കു വിറ്റു. 7 ലക്ഷം രൂപ ബിർജുവിനു നൽകി. ബാക്കി പണത്തിൽ നിന്ന് ഒരു വിഹിതം ഉപയോഗിച്ചു തൊണ്ണൂറുകളുടെ തുടക്കത്തിൽ മുക്കത്തിനു സമീപമുള്ള വെസ്റ്റ് മണാശ്ശേരിയിൽ 10 സെന്റ് സ്ഥലവും വീടു വാങ്ങി. മിച്ചമുള്ള പണം പലിശയ്ക്കു നൽകാൻ തുടങ്ങി.

തനിക്കു ലഭിച്ച 7 ലക്ഷം ഉപയോഗിച്ചു ബിർജു തുടങ്ങിയ ബിസിനസുകളെല്ലാം പരാജയപ്പെട്ടു. പണം തീർന്നതോടെ ഇയാൾ അമ്മയുടെ കയ്യിലെ പണം ആവശ്യപ്പെടാൻ തുടങ്ങി. ജയവല്ലി ബിർജുവിനെ വീട്ടിൽ നിന്നു പുറത്താക്കുമെന്ന സ്ഥിതിയായപ്പോഴാണ് അമ്മയെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. ഇതിനായി ഇസ്മായിലിന്റെ സഹായം തേടി. ബിർജുവിന്റെ ഭാര്യയെയും 2 മക്കളെയും ഗൂഡല്ലൂരിലെ ബന്ധുവിന്റെ അടുത്തേക്ക് അയച്ചു. ഇസ്മായിലിനൊപ്പം രാവിലെയും ഉച്ചയ്ക്കും വീട്ടിലെത്തിയിരുന്നെങ്കിലും കൃത്യം നടത്താനായില്ല.

രാത്രി ജയവല്ലി ഉറങ്ങിക്കിടക്കുമ്പോൾ ഇരുവരും ചേർന്നു തോർത്ത് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി. മൃതദേഹം സാരി ഉപയോഗിച്ചു ഫാനിൽ കെട്ടിത്തൂക്കി. ജയവല്ലി ആത്മഹത്യ ചെയ്തെന്നു ബിർജു അയൽവാസികളെയും ബന്ധുക്കളെയും അറിയിച്ചു. കഴുത്തിൽ തുണി മുറുകിയാണു മരണം എന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പിതാവ് വാസുവിന്റെ ആത്മഹത്യയിൽ ബിർജുവിനു പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

English Summary: Mukkam twin murder case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com