ADVERTISEMENT

കളിയിക്കാവിള (നാഗർകോവിൽ)∙ തങ്ങളുടെ സംഘാംഗങ്ങളെ പിടികൂടിയ തമിഴ്നാട് പൊലീസിനുള്ള മറുപടിയായാണ് കളിയിക്കാവിള എസ്എസ്ഐ വിൽസണെ വെടിവച്ച് കെ‍ാന്നതെന്ന് അബ്ദുൾഷമീമും  തൗഫീക്കും. കേസിലെ രണ്ടു പ്രതികളെയും തക്കല സ്റ്റേഷനിൽ ഉന്നത ഉദ്യോഗസ്ഥർ മണിക്കൂറുകളോളം ചോദ്യംചെയ്തു. ബൂധൻ രാത്രി കർണാടകയിലെ ഉഡുപ്പിയിൽ നിന്ന് നാഗർകോവിലിലെത്തിച്ച ഇരുവരെയും ഇന്നലെ വെളുപ്പിന് അഞ്ചുമണിയോടെ കളിയിക്കാവിള സ്റ്റേഷനിലെത്തിച്ച ശേഷം ആറോടെ തക്കല സ്റ്റേഷനിലേക്ക് മാറ്റി. 

ചോദ്യംചെയ്യലിനുള്ള കൂടുതൽ സുരക്ഷിതത്വം കണക്കിലെടുത്താണ് തക്കലയിലേ ക്ക് കെ‍ാണ്ടുപോയത്. കുഴിത്തുറ കോടതിയിൽ ഹാജരാക്കുമെന്ന നിഗമനത്തിൽ അതിരാവിലെ തന്നെ കോടതി പരിസരത്തും, തക്കല സ്റ്റേഷനു മുന്നിലും മാധ്യമപ്രവർത്തകർ അടക്കം വൻ ജനക്കൂട്ടം കാത്ത് നിന്നെങ്കിലും രാത്രി വൈകിയും പ്രതികളെ പുറത്തിറക്കിയില്ല. 

asi-murder-case-accused
എസ്എസ്ഐയെ വെടിവച്ചു കൊന്ന കേസിലെ പ്രതികളെ ഇന്നലെ പുലർച്ചെ കളിയിക്കാവിള പെ‍ാലീസ് സ്റ്റേഷനിൽ നിന്നു തക്കലയിലേയ്ക്ക് കെ‍ാണ്ടുപോകാൻ വാഹനത്തിൽ കയറ്റുന്നു.

ഡിഐജി പ്രവീൺകുമാർ അഭിനവ്, കന്യാകുമാരി എസ്പി ശ്രീനാഥ്, രണ്ട് ഡിവൈഎസ്പിമാർ എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. പ്രതികളെ സഹായിച്ചെന്ന സംശയത്തിൽ കളിയിക്കാവിള, അയിങ്കാമം, ഇഞ്ചിവിള പ്രദേശത്തെ ഒ‍ട്ടേറെ പേർ തമിഴ്നാട് പെ‍ാലീസിൻെറ നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത 18 പേരെ കുറിച്ചുള്ള വിവരങ്ങൾ ഇനിയും പുറത്തുവിട്ടിട്ടില്ല. 

തെറ്റിയോട് പുന്നയ്ക്കാട്ടുവിളയിൽ പൂട്ടികിടക്കുന്ന ഒരു വീട്ടിൽ കഴിഞ്ഞ ദിവസം രാത്രി പെ‍ാലീസ് പരിശോധന നടത്തി. സംഘത്തിൽപെട്ടവർക്കു സാമ്പത്തികസഹായം നൽകിയെന്ന സംശയത്തിൽ കളിയിക്കാവിളയിലെ രണ്ടു പ്രമുഖ വ്യാപാരികളെ ചോദ്യംചെയ്തതായും സൂചനകളുണ്ട്. 

പ്രതികളെ ഹാജരാക്കുമ്പോൾ ജാമ്യാപേക്ഷ നൽകാൻ തിരുനെൽവേലിയിലെ മുന്ന് അഭിഭാഷകർ കോടതിയിൽ എത്തിയിരുന്നു. പ്രതികൾക്കുവേണ്ടി അഭിഭാഷകരുടെ നിര തന്നെ ഉടൻ എത്തിയത് സംഘത്തിനു പിന്നിൽ വമ്പൻമാർ ഉണ്ടെന്ന പെ‍ാലീസിൻെറ സംശയം ബലപ്പെടുത്തുന്നതാണ്.

English Summary: Questioning in asi murder case continues

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com