ആദിവാസി യുവാവിനെ കൊന്നു; അച്ഛനും മകനും അറസ്റ്റിൽ

mani-suresh-and-thankappan
കൊല്ലപ്പെട്ട മണി. അറസ്റ്റിലായ സുരേഷ്, തങ്കപ്പൻ
SHARE

കൽപറ്റ ∙ ആദിവാസി യുവാവിന്റെ ദുരൂഹമരണം കൂലി വർധന ആവശ്യപ്പെട്ടതിനെത്തുടർന്നുണ്ടായ കൊലപാതകമെന്നു മൂന്നര വർഷത്തിനു ശേഷം തെളിഞ്ഞു. പനമരം പൂതാടി അരിമുള കോളനിയിൽ മണിയുടെ(40) കൊലപാതകത്തിൽ കേണിച്ചിറ പത്തിൽപ്പീടിക വി.ഇ.തങ്കപ്പൻ(78), മകൻ സുരേഷ് (50) എന്നിവർ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായി. മണിയുടെ കൊലപാതകം ആത്മഹത്യയെന്നു സ്ഥാപിക്കാൻ മൃതദേഹത്തിനു സമീപം വിഷലായനി കൊണ്ടുവച്ച പ്രതികൾ ദൃക്സാക്ഷികളെയുൾപ്പെടെ സ്വാധീനിച്ചുവെന്നും ക്രൈംബ്രാഞ്ച് സംഘം പറഞ്ഞു. 

അന്വേഷണസംഘം പറയുന്നത്

തങ്കപ്പന്റെ വീട്ടിൽ 10 വർഷമായി പണിക്കു നിൽക്കുന്നയാളാണു മണി. 2016 ഏപ്രിലിൽ നാലിനാണ് കേസിനാസ്പദമായ സംഭവം. തങ്കപ്പന്റെ ഉടമസ്ഥതയിലുള്ള കവുങ്ങുതോട്ടത്തിൽ മണിയുടെ മൃതദേഹം കണ്ടെത്തിയതിനെത്തുടർന്ന് കേണിച്ചിറ പൊലീസ് അസ്വഭാവികമരണത്തിനു കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. 

മൃതദേഹത്തിനു സമീപം പ്ലാസ്റ്റിക് ബക്കറ്റിൽ കീടനാശിനി കലക്കി വച്ചതായും കണ്ടെത്തിയിരുന്നു. ശ്വാസംമുട്ടിച്ചതും ബലപ്രയോഗം നടത്തിയതുമാണു മരണകാരണമെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടുണ്ടായിട്ടും തുമ്പുണ്ടാക്കാൻ ലോക്കൽ പൊലീസിനു കഴിഞ്ഞില്ല. തുടർന്ന് 2018 മേയ് 1ന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.

വിശദമായ അന്വേഷണത്തിനൊടുവിൽ ദൃക്സാക്ഷികളെ വീണ്ടും ചോദ്യം ചെയ്തപ്പോഴാണു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. മകളുടെ വയസ്സറിയിക്കലുമായി ബന്ധപ്പെട്ടുള്ള ചടങ്ങുള്ളതിനാൽ കൂലി വർധിപ്പിക്കണമെന്നു മണി ആവശ്യപ്പെട്ടെങ്കിലും തങ്കപ്പൻ കൊടുത്തില്ല. വാക്കുതർക്കത്തിനൊടുവിൽ ഇവർക്കിടയിലെത്തിയ സുരേഷ് മണിയെ പിടിച്ചുവച്ചു. തങ്കപ്പൻ മണിയുടെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. പിന്നീട് 200 മീറ്റർ അകലെ കവുങ്ങുതോട്ടത്തിൽ കൊണ്ടുപോയിടുകയായിരുന്നു.

ശാസ്ത്രീയ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം പ്രതികളെ അറസ്റ്റ് ചെയ്തു. പ്രതികളുടെ വീട്ടിൽനിന്നു വിഷലായനിയുടെ ബാക്കിയും അന്വേഷണസംഘം കണ്ടെടുത്തു. ചോദ്യം ചെയ്യലിനൊടുവിൽ ഇരുവരും കുറ്റസമ്മതം നടത്തിയെന്ന് ക്രൈംബ്രാഞ്ച് എസ്പി ഡോ. എ.ശ്രീനിവാസ് അറിയിച്ചു. 

ക്രൈംബ്രാഞ്ച് സിഐ ഇ.കെ.ഷിജുവിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ബിജു ആന്റണി, കാദർകുട്ടി സിപിഒമാരായ പദ്മകുമാർ, ഹസൻ, ജയാ വേണുഗോപാൽ, ആയിഷ തുടങ്ങിയവരാണു പ്രതികളെ അറസ്റ്റ് ചെയ്തത്. കൽപറ്റ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ‍‍ഡ് ചെയ്തു.

English Summary: Father and son arrested for murder of tribal person

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ