ADVERTISEMENT

കൊച്ചി∙ അഞ്ചു കോടി രൂപ വിലമതിക്കുന്ന വിദേശ നിർമിത മദ്യത്തിന്റെ മറവിൽ 50 കോടി രൂപയുടെ തട്ടിപ്പ്. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കു നേരിട്ടു ലഭിച്ച പരാതിയിൽ 2 സിനിമാ നിർമാതാക്കൾക്കെതിരെ അന്വേഷണം തുടങ്ങി. ഈ ഘട്ടത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടാൽ പ്രതികൾ വിദേശത്തേക്കു കടക്കുമെന്നു ചൂണ്ടിക്കാട്ടി വിശദാംശങ്ങൾ നൽകാൻ പൊലീസ് വിസമ്മതിച്ചു. മദ്യവ്യാപാര രംഗത്ത് അറിയപ്പെടുന്ന 2 സ്ത്രീകളും തട്ടിപ്പു സംഘത്തിലുണ്ടെന്നു പൊലീസ് സ്ഥിരീകരിച്ചു. ഇവരെ മുന്നിൽ നിർത്തിയാണു സിനിമ നിർമാതാക്കൾ പത്തോളം പേരിൽ നിന്നു പണം വാങ്ങിയത്.

ബെൽജിയം, ബൾഗേറിയ എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത 5 കോടിരൂപ വിലയുള്ള മദ്യം, തീരുവ അടയ്ക്കാത്തതിനാൽ ബെംഗളൂരുവിലെ കസ്റ്റംസ് ഗോഡൗണിൽ പിടിച്ചുവച്ചതിന്റെ ചിത്രങ്ങൾ കാണിച്ചാണു തട്ടിപ്പു നടത്തിയത്. എക്സൈസ് തീരുവ അടച്ചു സംസ്ഥാന ബവ്റിജസ് കോർപറേഷനു മദ്യം കൈമാറാൻ സാമ്പത്തിക സഹായം നൽകിയാൽ 60 ദിവസത്തിനുള്ളിൽ ഇരട്ടിത്തുക വാഗ്ദാനം ചെയ്താണു തട്ടിപ്പു നടത്തിയത്.

ഇതു വിശ്വസിച്ചു 3 കോടി രൂപ കൈമാറിയ ചാലക്കുടി സ്വദേശി മിഥുൻ ഇട്ടൂപ്പ് നൽകിയ പരാതിയിലാണു ഡിജിപിയുടെ നിർദേശപ്രകാരം പൊലീസ് അന്വേഷണം ആരംഭിച്ചത്. മിഥുനെപ്പോലെ തട്ടിപ്പിന് ഇരയായ 10 പേർക്ക് 50 കോടി രൂപ നഷ്ടപ്പെട്ടതായാണു പൊലീസിനു ലഭിച്ച വിവരം. സംസ്ഥാനത്തിനു പുറത്തുള്ളവരും മദ്യക്കച്ചവട തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നു കരുതുന്നു.

കഴിഞ്ഞ വർഷം ആദ്യമാണു വിദേശമദ്യം ഇറക്കുമതി ചെയ്തത്. ഇടനിലക്കാരെ ഉപയോഗിച്ചാണു മദ്യക്കച്ചവടത്തിൽ താൽപര്യമുള്ള സമ്പന്നരെ വലിയ തുക ലാഭ വാഗ്ദാനം നൽകി വലയിലാക്കുന്നത്. നേരത്തെ പരാതി നൽകാൻ ഒരുങ്ങിയവരെ തട്ടിപ്പു സംഘത്തിലെ സ്ത്രീകൾ പീഡനക്കേസിൽ ഉൾപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി പിൻമാറ്റിയതായും ആരോപണമുണ്ട്. ഒളിക്യാമറ ഭീഷണിയും ചില പരാതിക്കാർക്കു നേരെ ഉണ്ടായിട്ടുണ്ട്.

വിദേശമദ്യത്തട്ടിപ്പിന്റെ രീതി

ഇരകളെ പറഞ്ഞു വിശ്വസിപ്പിച്ചത് ഇങ്ങനെ: വിദേശ മദ്യക്കമ്പനിയിൽ നിന്നു 2 കോടി രൂപയുടെ ഉന്നത നിലവാരമുള്ള മദ്യം ഇറക്കുമതി ചെയ്യാൻ കരാറുണ്ടാക്കി. ബെൽജിയൻ കമ്പനിക്ക് ഇന്ത്യൻ വിപണിയിൽ താൽപര്യമുണ്ടായിരുന്നതിനാൽ 7 ലക്ഷം ഡോളറിന്റെ (5 കോടി രൂപ) ബിസിനസ് നൽകിയാൽ 20% അധിക കമ്മിഷൻ വാഗ്ദാനം ചെയ്തു. അങ്ങനെ എക്സൈസ് തീരുവ അടയ്ക്കാൻ കരുതിയ 3 കോടി രൂപയ്ക്കു കൂടി മദ്യം വാങ്ങി. ഇറക്കുമതി ചെയ്യുന്ന വിദേശ മദ്യത്തിനു 160% തീരുവ അടച്ചാൽ മാത്രമേ പൊതുവിപണിയിൽ വിൽക്കാൻ പറ്റൂ. അതിനു 7.80 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നവർ നോട്ടുനിരോധനത്തോടെ ബിസിനസിൽ നിന്നു പിന്മാറി.

5 കോടി രൂപയുടെ മദ്യം 7.80 കോടി രൂപ തീരുവ അടച്ചു ബെംഗളൂരുവിലെ കസ്റ്റംസ് ഗോഡൗണിൽ നിന്നു പുറത്തിറക്കിയാൽ 24 കോടി രൂപയ്ക്കു വാങ്ങാൻ കേരള ബവ്റിജസ് കോർപറേഷനുമായുണ്ടാക്കിയ കരാറും ഇവർ കാണിച്ചു. ഇതു വിശ്വസിച്ചു സ്ഥലം ഈടുവച്ചു 85 ലക്ഷം രൂപ മുതൽ മുതൽ 3 കോടി രൂപവരെ ബാങ്ക് വായ്പയെടുത്തു നൽകിയവരാണു കബളിപ്പിക്കപ്പെട്ടത്. തട്ടിയെടുത്ത 50 കോടിയോളം രൂപ പ്രതികൾ വിദേശത്തേക്കു കടത്തിയതായാണു വിവരം. 

English Summary: 50 crore fraud behind foreign liquor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com