ADVERTISEMENT

തിരുവനന്തപുരം∙ ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന ദേശീയ ജനസംഖ്യാ റജിസ്റ്ററിനോടു രാജ്യത്തെ ജനങ്ങൾ നിസ്സഹകരിക്കണമെന്നു സിപിഎം കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. എന്യൂമറേറ്റർമാർ വീടുകളിലെത്തുമ്പോൾ ‘മറുപടി നൽകില്ല’ എന്ന ഉത്തരം നൽകാനാണു പാർട്ടി ആഹ്വാനം. ദേശീയ പൗരത്വ റജിസ്റ്ററിന് ആവശ്യമായ രേഖകൾ ചോദിക്കുമ്പോൾ ‘ഞങ്ങൾ രേഖകൾ നൽകില്ല’ എന്നും വ്യക്തമാക്കണം. മാർച്ച് 23 ന് മുൻപായി മുഴുവൻ വീടുകളും സന്ദർശിച്ച് ഈ സന്ദേശം എത്തിക്കാൻ സംസ്ഥാന ഘടകങ്ങളോടു കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു.

അതേസമയം സെൻസസിനോടു സഹകരിക്കും. സെൻസസിനും ജനസംഖ്യാ റജിസ്റ്ററിനുമായി ഒരുമിച്ചു വീടുകളിലെത്തുമ്പോൾ ആദ്യഭാഗം സംബന്ധിച്ച ചോദ്യങ്ങൾക്കു മാത്രം ഉത്തരം നൽകണം. ദേശീയ ജനസംഖ്യാ റജിസ്റ്റർ, ദേശീയ പൗരത്വ റജിസ്റ്റർ, പൗരത്വ നിയമ ഭേദഗതി എന്നിവ തമ്മിലുള്ള അഭേദ്യമായ ബന്ധം ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി വ്യക്തമാക്കി. ഇന്ത്യയെ മതരാഷ്ട്രമാക്കുക എന്ന ആർഎസ്എസ് പദ്ധതിയുടെ ഭാഗമാണു മൂന്നും.

∙പ്രചാരണം തനിച്ച്, സമരം ഒരുമിച്ച്

ഇന്നലെ സമാപിച്ച കേന്ദ്രകമ്മിറ്റി യോഗം പൗരത്വ നിയമത്തിനും കേന്ദ്ര സർക്കാരിനുമെതിരെ സിപിഎമ്മിന്റെ മാത്രമായ സമരങ്ങൾ പ്രഖ്യാപിച്ചില്ല. പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ചു തീരുമാനിച്ച സമരങ്ങളുമായി മുന്നോട്ടു പോകും. വിദ്യാർഥി സമരങ്ങൾ രാഷ്ട്രീയ നേതൃത്വങ്ങൾ ഇപ്പോൾ ഏറ്റെടുക്കേണ്ട സാഹചര്യമില്ലെന്നു യച്ചൂരി വ്യക്തമാക്കി. എല്ലാ വേർതിരിവുകളും മാറ്റിവച്ചാണു യുവത്വം സമരരംഗത്തുള്ളത്.

∙ കേരളത്തോട് അവഗണന

സാമ്പത്തികമായി കേരളത്തോടു കേന്ദ്ര സർക്കാർ നീതിരഹിതമായ വിവേചനം പുലർത്തുന്നെന്നു കേന്ദ്രകമ്മിറ്റി പ്രതിഷേധിച്ചു. കേരളത്തിന്റെ വായ്പാപരിധി 16,602 കോടിയിലേക്ക് ഏകപക്ഷീയമായി വെട്ടിക്കുറച്ചു. ജിഎസ്ടി വിഹിതമായ 1600 കോടി നൽകിയിട്ടില്ല. മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിയിൽ 1215 കോടിയും നെല്ലുസംഭരണ ഇനത്തിൽ 1035 കോടിയും നീട്ടിക്കൊണ്ടുപോകുന്നു. പ്രകൃതിദുരന്ത സഹായമായി 2100 കോടി രൂപ ചോദിച്ചതും നൽകിയില്ല. പൗരത്വ നിയമത്തിലടക്കം കേരളം എടുക്കുന്ന ശക്തമായ നിലപാടുകളാണു കാരണമെന്നു യച്ചൂരി പറഞ്ഞു. നിയമത്തിനെതിരെ യോജിച്ച പ്രമേയം പാസാക്കിയ കേരള നിയമസഭയെ സിസി അഭിനന്ദിച്ചു.

∙ ചർച്ച ചെയ്യാതെ  യുഎപിഎ

യുഎപിഎ പ്രകാരം 2 പാ‍ർട്ടി അംഗങ്ങളെ കോഴിക്കോട് അറസ്റ്റ് ചെയ്ത കാര്യം കേന്ദ്രകമ്മിറ്റി ചർച്ച ചെയ്തില്ലെന്ന് യച്ചൂരി. യുഎപിഎ പാർട്ടി എതിർക്കുന്നു. എന്നാൽ ഭേദഗതി ചെയ്ത നിയമം രാജ്യത്തു ബാധകമാണ്. അതു പ്രകാരം കേസെടുക്കുന്നതിനെക്കുറിച്ചു പൊലീസിനോടാണു ചോദിക്കേണ്ടത്. യുഎപിഎ ചുമത്തിയാൽ സംസ്ഥാന സർക്കാരിനോട് ആരായാതെ തന്നെ എൻഐഎയ്ക്കു കേസ് ഏറ്റെടുക്കാൻ കഴിയുമെന്നും യച്ചൂരി പറഞ്ഞു.

ഗവർണറെ ഇംപീച്ച് ചെയ്യാൻ വ്യവസ്ഥ വേണം: ഇ.ടി.മുഹമ്മദ് ബഷീർ

തിരൂർ ∙ ഗവർണറെ ഇംപീച്ച് ചെയ്യാനുള്ള വ്യവസ്ഥകൾ വേണമെന്ന് ഇ.ടി.മുഹമ്മദ് ബഷീർ എംപി. തിരൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നോമിനേഷനിലൂടെ ഗവർണർമാരെ നിയമിക്കുന്നത് ശരിയല്ല. ഗവർണർ നിയമനത്തിൽ സർക്കാരിയ കമ്മിഷൻ റിപ്പോർട്ട് പരിഗണിക്കണം. ഭരണഘടനയ്ക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന കേന്ദ്രസർക്കാരിന്റെ പ്രചാരകനായി ഗവർണർ മാറി. 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com