ADVERTISEMENT

കൊച്ചി∙ കഥയുടെ  കാൽപനികതയിൽനിന്നു തിരക്കഥയുടെ പ്രായോഗികതയിലേക്കു വളർന്ന തിരക്കഥാ ശിൽപശാലയ്ക്കു തിരശീല. 3 ദിനം കൊണ്ടു തിരക്കഥയുടെ രീതിശാസ്ത്രങ്ങൾ മിനുക്കിയെടുത്ത ക്യാംപിൽ അവസാനദിനം അതിഥിയായെത്തിയതു നടൻ ഫഹദ് ഫാസിൽ. ഏതെങ്കിലും ഒരു താരത്തിനു വേണ്ടി എഴുതുന്നവരെക്കാൾ പുതിയ താരങ്ങളെ സൃഷ്ടിക്കുന്ന കഥയെഴുതുന്നവരാണു മികച്ച തിരക്കഥാകൃത്തുക്കളെന്നും അദ്ദേഹം പറഞ്ഞു.ഏതു മേഖലയിലും അങ്ങേയറ്റം സത്യസന്ധത കാട്ടുക എന്നതാണു വിജയമന്ത്രം. 

മലയാള മനോരമയും ഫെഫ്ക റൈറ്റേഴ്സ് യൂണിയനും  സഞ്ജീവനം ആയുർവേദ ആശുപത്രിയും ചേർന്നു നടത്തിയ ക്യാംപിൽ അൻപതോളം കുട്ടികളാണു തിരക്കഥാ രചന പരിശീലിക്കാനെത്തിയത്. സിനിമയുടെ വിവിധ മേഖലകളിൽ നിന്നുള്ള മുപ്പതോളം പ്രഗത്ഭർ ക്യാംപംഗങ്ങൾക്കായി അറിവിന്റെ കലവറ തുറന്നു നൽകി.  

ഇന്നലെ ക്യാംപിൽ ഫാസിൽ, രഞ്ജി പണിക്കർ, വിജയലക്ഷ്മി, മുരളി ഗോപി എന്നിവർ വിവിധ സെഷനുകൾ നയിച്ചു. സിനിമയിലെ ഹാസ്യം, നർമാവതരണം എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ബെന്നി പി.നായരമ്പലം, ഉദയ്കൃഷ്ണ, വിഷ്ണു, ബിപിൻ ജോർജ് എന്നിവർ പങ്കെടുത്തു. ബി. ഉണ്ണികൃഷ്ണൻ ചർച്ച നിയന്ത്രിച്ചു. ക്യാംപിൽ പങ്കെടുത്തവരുടെ കാമ്പുള്ള തിരക്കഥകൾ ചലച്ചിത്രമാക്കാൻ ഫെഫ്ക പ്രതിജ്ഞാബദ്ധമായിരിക്കുമെന്നു ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

മികച്ച ക്യാംപ് അംഗമായി കോഴിക്കോട് ബാലുശേരി സ്വദേശിയും ഭിന്നശേഷിക്കാരനുമായ അഖിൽ രാജിനെ തിരഞ്ഞെടുത്തു. അഖിൽരാജിന് എവിഎ ഗ്രൂപ്പും ബി.ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ആർഡി ഇല്യുമിനേഷൻസും ചേർന്നു മാസം തോറും സ്റ്റൈപ്പൻഡ് നൽകുമെന്ന തീരുമാനവും ചടങ്ങിൽ പ്രഖ്യാപിച്ചു. അഖിൽരാജിന് ഫഹദ് ഫാസിൽ സമ്മാനം നൽകി. ക്യാംപിൽ മികച്ച പ്രകടനം കാഴ്ച വച്ച ഭിന്നശേഷിക്കാരിയായ മീര രമേശ്, ലയ കെ.കോമത്ത് എന്നിവർക്കു പ്രത്യേക സമ്മാനവും നൽകി.

സമാപന സമ്മേളനത്തിൽ തിരക്കഥാകൃത്ത് എസ്.എൻ.സ്വാമി അധ്യക്ഷത വഹിച്ചു. ഫെഫ്ക പ്രസിഡന്റ് സിബി മലയിൽ, ക്യാംപ് ഡയറക്ടർ എ.കെ.സാജൻ, ബാബു പള്ളാശേരി, എവിഎ ഗ്രൂപ് എംഡി എ.വി.അനൂപ്, കോതാട് നിഹാര റിസോർട്സ് എംഡി തോമസ് വർഗീസ്, ഗാനരചയിതാവ് ജയഗീത, മലയാള മനോരമ സർക്കുലേഷൻ സീനിയർ ജനറൽ മാനേജർ തോമസ് രവി എന്നിവർ പ്രസംഗിച്ചു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com