ADVERTISEMENT

കൊച്ചി ∙ റെയിൽവേ വെജിറ്റേറിയൻ റിഫ്രഷ്മെന്റ് റൂമുകളിലെയും (വിആർആർ), റസ്റ്ററന്റുകളിലെയും ഭക്ഷണ നിരക്ക് രണ്ടിരട്ടി കൂട്ടിയതിനു പുറമേ പുതുക്കിയ മെനുവിൽ കേരളീയ വിഭവങ്ങൾ മിക്കതും പുറത്ത്. കേരളത്തിലെ സ്റ്റേഷനുകളിൽ ഏറ്റവും കൂടുതൽ വിറ്റിരുന്ന അപ്പം, മുട്ടക്കറി, പൊറോട്ട, ദോശ, ചപ്പാത്തി, പുട്ട്, കടല എന്നിവയൊന്നും മെനുവിൽ ഇല്ല.

ഉഴുന്നുവട, പരിപ്പുവട എന്നിവ നിലനിർത്തിയപ്പോൾ പഴംപൊരി, ബജി, ഇലയട, കൊഴുക്കട്ട, ഉണ്ണിയപ്പം, നെയ്യപ്പം, സുഖിയൻ എന്നിവ പുറത്തായി.പകരം സമൂസ, കച്ചോരി, ആലു ബോണ്ട, സ്റ്റഫ്ഡ് പക്കോഡ എന്നിവ സ്റ്റാളുകളിൽ വിൽക്കും. സ്നാക്ക് മീൽ വിഭാഗത്തിൽ ദക്ഷിണേന്ത്യയിൽ നിന്നു മസാല ദോശയും തൈര്,സാമ്പാർ സാദവുമൊക്കെയാണുളളത്. രാജ്മ ചാവൽ, ചോള ബട്ടൂര, പാവ് ബാജി, കിച്ചടി, പൊങ്കൽ, കുൽച്ച എന്നിവയാണു പട്ടികയിലുളള മറ്റ് വിഭവങ്ങൾ.നാരങ്ങാ വെളളം ഉൾപ്പെടെ പാനീയങ്ങളും സ്റ്റാളുകളിൽ നിന്ന് ഒഴിവാക്കി.

ഊണിന്റെ വില ഇരട്ടി

ട്രെയിനുകളിലെ ഭക്ഷണ നിരക്ക് കൂട്ടിയതിനു പിന്നാലെ സ്റ്റാളുകളിലെ നിരക്കുകളും തോന്നിയപോലെ കൂട്ടി. ഊണിന്റെ വില 35 രൂപയിൽ നിന്ന് ഒറ്റയടിക്ക് 70 രൂപയാക്കി.എട്ടര രൂപയുടെ ഉഴുന്നുവടയ്ക്കും പരിപ്പുവടയ്ക്കും 15 രൂപ നൽകണം. 2 വടയ്ക്കു 30 രൂപ. ആലു ബോണ്ട, കച്ചോരി, സമൂസ എന്നിവയ്ക്കു 2 എണ്ണത്തിന് 20 രൂപ. ഉത്തരേന്ത്യൻ വിഭവങ്ങൾ അടിച്ചേൽപ്പിക്കുന്നുവെന്നു പരാതിയുണ്ട്. ഐആർസിടിസിക്ക് ചെന്നൈയിൽ ദക്ഷിണ മേഖല ജനറൽ മാനേജരും എറണാകുളത്തു റീജനൽ മാനേജരുമുണ്ട്. മെനുവിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടാൻ ഇവർ തയാറായിട്ടില്ലെന്നും ആരോപണമുണ്ട്.

7 പൂരിയും കിഴങ്ങുകറിയും അടങ്ങുന്ന 20 രൂപയുടെ ജനതാ മീൽ മെനുവിലുണ്ടെങ്കിലും റെസ്റ്ററന്റുകളിൽ എവിടെയും നൽകുന്നില്ല. കേരളത്തിൽ ആരും ആവശ്യപ്പെടാറില്ലെന്ന ന്യായം പറഞ്ഞാണു കരാറുകാർ ഇത് ഒഴിവാക്കുന്നത്. ഇതരസംസ്ഥാന തൊഴിലാളികൾക്കു സഹായമാകുന്ന ഭക്ഷണപ്പാക്കേജാണ് ഇത്.

രണ്ട് ഇഡലിക്ക് രണ്ടു വട

പ്രഭാത ഭക്ഷണത്തിൽ രണ്ട് ഇഡലിക്കൊപ്പം 30 ഗ്രാം വീതമുളള രണ്ട് ഉഴുന്നുവട നിർബന്ധമായി വാങ്ങണം. മൂന്നാമതൊരു ഇഡലി വേണമെങ്കിൽ വീണ്ടും ഇതേ കോംബോ 35 രൂപ കൊടുത്തു വാങ്ങണം. ഇത് പല സ്റ്റേഷനുകളിലും തർക്കത്തിനിടയാക്കുന്നുണ്ട്. ഇന്ത്യൻ റെയിൽവേ കേറ്ററിങ് ആൻഡ് ടൂറിസം കോർപറേഷനാണു (ഐആർസിടിസി) മെനു പരിഷ്കരിച്ചു നിരക്കുകൾ കൂട്ടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com