ADVERTISEMENT

കൊച്ചി∙ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ നിരാകരിക്കുന്നതും രാജ്യത്തെ വർഗീയ ചേരിതിരിവിലേക്കു തള്ളിവിടുന്നതുമായ പൗരത്വനിയമ ഭേദഗതി പൂർണമായി തള്ളിക്കളയുന്നതായി കത്തോലിക്ക കോൺഗ്രസ്. ക്രൈസ്തവ പീഡനങ്ങളും ലൗ ജിഹാദും ക്രൈസ്തവർക്കെതിരായ ആസൂത്രിത നീക്കങ്ങളും സമുദായത്തിന് ആശങ്ക ഉളവാക്കുന്നുണ്ടെങ്കിലും പൗരത്വനിയമത്തിന്റെ പ്രത്യാഘാതങ്ങൾ അവഗണിക്കാനാവില്ലെന്ന് കേന്ദ്ര സമിതി വ്യക്തമാക്കി. 

കേന്ദ്ര വർക്കിങ് കമ്മിറ്റി യോഗം കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ.ഡോ. വർഗീസ് വള്ളിക്കാട്ട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. സെമിത്തേരികൾ സംബന്ധിച്ച സംസ്ഥാന സർക്കാരിന്റെ ഓർഡിനൻസ് അവ്യക്തമാണ്. ആചാരാനുഷ്ഠാനങ്ങൾക്കു തടസ്സം നിൽക്കുന്ന ഓർഡിനൻസ് പുനഃപരിശോധിക്കണം.

ഭൂമിയുടെ ന്യായവിലയും ഭൂനികുതിയും വർധിപ്പിക്കുന്നത് കർഷകരോടുള്ള ക്രൂരതയാണ്. നോട്ടിസ് കിട്ടിയവർക്ക് നിയമസഹായം നൽകാൻ രൂപതാ കമ്മിറ്റികളെ നിയോഗിച്ചു. ന്യൂനപക്ഷ ആനുകൂല്യങ്ങൾ ജനങ്ങളിലെത്തിക്കാൻ പഞ്ചായത്ത്തല ഹെൽപ് ഡെസ്കുകൾ രൂപീകരിക്കും.

ഡയറക്ടർ ഫാ. ജിയോ കടവി, ജനറൽ സെക്രട്ടറി ടോണി പുഞ്ചക്കുന്നേൽ, ട്രഷറർ പി.ജെ. പാപ്പച്ചൻ, മുൻ പ്രസിഡന്റുമാരായ എം.എം.ജേക്കബ് ,വി.വി. അഗസ്റ്റിൻ, ഭാരവാഹികളായ സാജു അലക്സ്, പി.ടി. ചാക്കോ, ജോയി മുപ്രപ്പിള്ളി, ഡെന്നി കൈപ്പനാൽ, സെലിൻ സിജോ, ഗ്ലാഡിസ് ചെറിയാൻ, ഡോ.ജോസ്‌കുട്ടി ജെ. ഒഴുകയിൽ, ബെന്നി ആന്റണി, ആന്റണി എൽ. തൊമ്മാന, ജോർജ് കോയിക്കൽ, തൊമ്മി പിടിയത്ത്, ഫീസ്റ്റി മാമ്പിള്ളി, സൈമൺ ആനപ്പാറ, ഫ്രാൻസീസ് മൂലൻ, ഐപ്പച്ചൻ തടിക്കാട്ട്, രാജീവ് ജോസഫ്, ജോമി കൊച്ചുപറമ്പിൽ, തോമസ് ആന്റണി, സിബി വാണിയപ്പുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു.

ലൗ ജിഹാദ് : സിറോ മലബാർ സഭയ്ക്കെതിരെ ഡിവൈഎഫ്ഐ

കൊച്ചി ∙ ആർഎസ്എസ് ന്യൂനപക്ഷ വേട്ടയ്ക്കിറങ്ങിയിരിക്കുന്ന രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കാൻ സിറോ മലബാർ സഭാ നേതൃത്വത്തിനു കഴിയുന്നില്ലെന്നത് അത്യന്തം ദൗർഭാഗ്യകരമാണെന്നു ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ. എ. റഹിം, പ്രസിഡന്റ് എസ്. സതീഷ് എന്നിവർ കുറ്റപ്പെടുത്തി.

രാജ്യത്തു വന്നുകൊണ്ടിരിക്കുന്ന മാറ്റം സഭാ നേതൃത്വത്തിനാണ് ആദ്യം മനസ്സിലാകേണ്ടത്. ഇപ്പോൾ മുസ്‌ലിമിനു നേരെയാണെങ്കിൽ നാളെ അതു ക്രൈസ്തവനു നേരെയായിരിക്കും. ഘർവാപസി സഭാ നേതൃത്വം മറക്കരുത്.

ലൗ ജിഹാദ് എന്ന സഭാ നേതൃത്വത്തിന്റെ പ്രസ്താവനയുടെ ഉദ്ദേശ്യം വ്യക്തമല്ല. ലൗ ജിഹാദ് ഉണ്ടെങ്കിൽ തെളിവു പുറത്തുവിടണം.ആർഎസ്എസിന്റെ അജൻഡ സഭാ നേതൃത്വത്തിനു മനസിലാകാതെ പോകുന്നതു ദുരന്തമാണ്. ഇത്തരം പ്രസ്താവനകൾ ആർഎസ്എസിനെ സഹായിക്കാനേ ഉപകരിക്കൂ. ആർഎസ്എസ് ഉയർത്തിയ ക്യാംപയിൻ സഭാ നേതൃത്വം ഏറ്റെടുക്കേണ്ട ആവശ്യമില്ല. അതു സമൂഹത്തെ വിഭജിക്കാനേ ഉതകൂ എന്നു ഡിവൈഎഫ്ഐ വ്യക്തമാക്കി.

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com