ADVERTISEMENT

തിരുവനന്തപുരം ∙  ആക്‌ഷൻ ശബ്ദം മുഴങ്ങിയതോടെ സംഭാഷണം ഇല്ലാതെ, മുഖത്തു ഭാവങ്ങൾ നിറച്ച് ജഗതി ശ്രീകുമാർ സിനിമാ ക്രൂവിനെ വിസ്മയിപ്പിച്ചു. ഒപ്പം അഭിനേതാക്കളായി മകൻ രാജ്കുമാറും  ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലനും ഉൾപ്പെടെയുള്ള സംഘവുമുണ്ടായിരുന്നു. 

അഭിനയത്തിന്റെ ആവേശവും ഉത്സാഹവും നിറച്ച് ജഗതി ശ്രീകുമാർ ക്യാമറയ്ക്കു മുന്നിൽ എത്തിയതോടെ കണ്ടു നിന്നവർക്കും ഏറെ സന്തോഷമായി. സ്വന്തം ജീവിതം പശ്ചാത്തലമാക്കിയ പരസ്യചിത്രത്തിന്റെ ഷൂട്ടിങ്ങിലാണു ജഗതി ശ്രീകുമാർ ഒരു ദിവസം മുഴുവൻ‍ പങ്കെടുത്തത്.  പഠിച്ച കലാലയത്തിലേക്കു ജഗതി മടങ്ങി വരുന്നതും സുഹ്യത്തുക്കളുമായി ഒത്തുചേരുന്നതുമാണ് ഒന്നര മിനിറ്റുള്ള ചിത്രത്തിലുള്ളത്. ജഗതിയുടെ ചെറുപ്പകാലമാണു മകൻ രാജ്കുമാർ ക്യാമറയ്ക്കു മുന്നിൽ അവതരിപ്പിച്ചത്. 

സംവിധായകൻ സിധിൻ ഗോകുലം ഗ്രൂപ്പിനായി തയാറാക്കിയ പരസ്യചിത്രീകരണത്തിലാണു ജഗതി പങ്കെടുത്തത്. വഴുതക്കാട് ഗവ. വിമൻസ് കോളജിലായിരുന്നു ചിത്രീകരണം. ഗോകുലം ഗോപാലൻ ഉ​റ്റ ചങ്ങാതിയുടെ വേഷത്തിൽ എത്തുന്നുണ്ട്. ഇവർ ഒരുമിച്ച രംഗങ്ങളും ചിത്രീകരിച്ചു.  മാർ ഇവാനിയോസ് കോളജിൽ ജഗതിയുടെ സഹപാഠിയും അടുത്ത സുഹൃത്തുമായിരുന്ന മാത്തുക്കുട്ടിയും പ്രിയ അധ്യാപികയായിരുന്ന മെഴ്‌സി ടീച്ചറും ചിത്രത്തിൽ അഭിനയിക്കാൻ എത്തി. 

ഷൂട്ടിങ് ആവശ്യത്തിനായി എത്തിച്ച പഴയ കാറിലിരുന്നു  ഇടവേളയിൽ ജഗതിയും ഗോകുലം ഗോപാലനും സൗഹൃദം പങ്കു വച്ചു.  ഗോകുലം ഗോപാലൻ‍ സംസാരിക്കുമ്പോൾ ചെറുപുഞ്ചിരിയുമായി പ്രസരിപ്പോടെ ജഗതി ഒപ്പമിരുന്നു. എല്ലാ മലയാളികളും ആഗ്രഹിക്കുന്നത് പോലെ ജഗതി ശ്രീകുമാറിന്റെ തിരിച്ചു വരവിനായുള്ള തന്റെ എളിയ ശ്രമമാണിതെന്നു ഗോകുലം ഗോപാലൻ പറഞ്ഞു.

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com